Breaking
20 Apr 2026, Mon

പണം, മദ്യം, ലഹരി, ഭീഷണിപ്പെടുത്തൽ തുടങ്ങി പെരുമാറ്റച്ചട്ട ലംഘനം സി–വിജിൽ ആപ്പിലൂടെ അറിയിക്കാം

കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ സി–വിജിൽ മൊബൈൽ ആപ് വഴി അധികാരികളെ അറിയിക്കാം. തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന മാർച്ച് 15 മുതൽ സി–വിജിൽ ആപ്ലിക്കേഷൻ പ്രവർത്തനസജ്ജമാണ്. പണം, മദ്യം, ലഹരി, പാരിതോഷികം എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, പെയ്ഡ് ന്യൂസ്, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജവാർത്തകൾ, അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കൽ തുടങ്ങി തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട ഏതു വിവരവും ഈ സംവിധാനത്തിലൂടെ അറിയിക്കാം.

പ്ലേ സ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനിൽ തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരെ ദൈർഘ്യമുള്ള വിഡിയോകൾ, ശബ്ദരേഖകൾ എന്നിവയും നൽകാനാകും. ജിഐഎസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനത്തിൽ ലൊക്കേഷൻ ലഭ്യമാക്കുന്നതിനാൽ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാനാകും. ആപ് വഴി ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും കലക്ടറേറ്റിൽ ഒരുക്കിയിട്ടുണ്ട്. കാലതാമസം, തെളിവുകളുടെ അഭാവം, വ്യാജ പരാതികൾ തുടങ്ങിയവ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിട്ടുള്ള ആപ്ലിക്കേഷനിൽ പൊതുജനങ്ങൾക്ക് സ്വന്തം പേരുവിവരങ്ങൾ വെളിപ്പെടുത്തിയും അല്ലാതെയും വിവരം നൽകാം.

ഫോട്ടോ, വിഡിയോ, ഓഡിയോ എന്നിവ എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളിൽ പരാതിപ്പെടണം. ഫോണിൽ നേരത്തേ ശേഖരിച്ചിട്ടുള്ള വിഡിയോകളും ഫോട്ടോകളും സി–വിജിലിൽ അപ്ലോഡ് ചെയ്യാനാവില്ല. പരാതികൾ ഉടൻതന്നെ നിയോജക മണ്ഡലങ്ങളിലെ സക്വാഡുകൾക്ക് കൈമാറും. ഫ്ലയിങ് സ്‌ക്വാഡ്, ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. സി–വിജിൽ ഇൻവെസ്റ്റിഗേറ്റർ ആപ്ലിക്കേഷൻ മുഖേനയാണ് പരാതിയുടെ ലൊക്കേഷൻ കണ്ടെത്തുക.

അന്വേഷണം നടത്തുന്ന സ്‌ക്വാഡ് വരണാധികാരിക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ തന്നെ റിപ്പോർട്ട് നൽകും. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും. പരാതിയിൽ സ്വീകരിച്ച തുടർനടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളിൽ പരാതിക്കാരനെ അറിയിക്കും. പരാതി സമർപ്പിക്കുമ്പോൾ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യാനും കഴിയും. അജ്ഞാതരായ പരാതിക്കാർക്ക് പരാതിയുടെ സ്ഥിതി മൊബൈലിൽ അറിയാൻ കഴിയില്ല. എന്നാൽ ഇവർക്ക് റിട്ടേണിങ് ഓഫിസർമാരെ നേരിട്ട് ബന്ധപ്പെട്ടാൽ വിവരം ലഭിക്കും. മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്- https://play.google.com/store/apps/details?id=in.nic.eci.cvigil

ADVERTISEMENT

രാപകൽ പരിശോധനയുമായി സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ

കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ അനധികൃതമായി പണവും മദ്യവുമടക്കം വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ (എസ്എസ്ടി) കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്നത് 27 കേന്ദ്രങ്ങളിൽ. മൂന്നു ഷിഫ്റ്റുകളിലായി 81 പേരാണ് 24 മണിക്കൂറും പരിശോധന നടത്തുന്നത്. ടീം ലീഡർ, പൊലീസ് ഉദ്യോഗസ്ഥൻ, വിഡിയോഗ്രാഫർ എന്നിവരടങ്ങുന്നതാണ് ഓരോ ടീമും. മതിയായ രേഖകളില്ലാതെ പണമോ മറ്റ് സാധനങ്ങളോ കടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ പിടിച്ചെടുക്കാനും തുടർനടപടികൾ സ്വീകരിക്കാനും സ്‌ക്വാഡിന് അധികാരമുണ്ട്. 50000 രൂപയിലധികം കൈവശം വയ്ക്കുന്നവർ കൃത്യമായ രേഖകൾ കാണിച്ചില്ലെങ്കിൽ നടപടിയെടുക്കും.

ചെലവ് നിരീക്ഷണ നോഡൽ ഓഫിസറായ ജില്ലാ ഫിനാൻസ് ഓഫിസർക്കാണ് ജില്ലാതല ഏകോപനച്ചുമതല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളും അനാവശ്യ ചെലവുകളും തടയുന്നതിനായി രൂപീകരിച്ച സ്‌ക്വാഡുകളുടെ പ്രധാന ചുമതല തിരഞ്ഞെടുപ്പിൽ പണം, മദ്യം, മറ്റ് സമ്മാനങ്ങൾ എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് തടയുക, നിയമവിരുദ്ധമായ ആയുധങ്ങളുടെയും ലഹരിമരുന്നുകളുടെയും കടത്ത് തടയുക എന്നിവയാണ്. ജില്ലയുടെ അതിർത്തികളായ നെല്ലാപ്പാറ, ഇലഞ്ഞി പാലം, കാട്ടിക്കുന്ന്, ളായിക്കാട്, മുണ്ടക്കയം, പുതുവേലി, അംബികാ മാർക്കറ്റ്, നീർപ്പാറ, കണമല പാലം എന്നിവിടങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലുമാണ് ടീം നിലയുറപ്പിച്ചിരിക്കുന്നത്. സംഘം പരിശോധന നടത്തുന്നത് കലക്ടറേറ്റിലെ നിരീക്ഷണ കേന്ദ്രത്തിലിരുന്ന് തത്സമയം നിരീക്ഷിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *