കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.പിയായ അഭിഷേക് ബാനർജിയുടെയും കുടുംബത്തിന്റെയും പേരിൽ അനധികൃത കെട്ടിടങ്ങളുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. അഭിഷേക് ബാനർജിയുടെ പേരിലുള്ളതെന്ന് ആരോപിച്ച് 43 സ്വത്തുക്കളുടെയും കെട്ടിടങ്ങളുടെയും പട്ടിക പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 43 കെട്ടിടങ്ങളിൽ പലതും അദ്ദേഹത്തിന്റെയും സഹായികളുടെയും കുടുംബാംഗങ്ങളുടെയും പേരിലാണെന്നും ബി.ജെ.പി പറയുന്നു.അഭിഷേക് ബാനർജിയുടെ വസതി ഉൾപ്പെടെ 17 സ്വത്തുക്കൾ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണങ്ങളെ തുടർന്ന് കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം. ഉടമസ്ഥാവകാശത്തെക്കുറിച്ച് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ വിശദമായ അന്വേഷണം നടത്തുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ബി.ജെ.പി പ്രസിദ്ധീകരിച്ച പട്ടിക തെറ്റാണെന്നും വിശ്വസനീയമല്ലെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു. ‘സയാനി ഘോഷ്’ എന്ന പേരിലുള്ള വ്യക്തിയുമായി സംയുക്ത ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി സമൂഹമാധ്യമ ഉപയോക്താക്കൾ അത് ജാദവ്പൂർ എം.പി സയോണി ഘോഷിന്റേതാണെന്ന് ആരോപിച്ചു. 19 ഡി, സെവൻ ടാങ്ക്സ് ലെയ്ൻ എന്നാണ് രേഖയിൽ പരാമർശിച്ചിരിക്കുന്ന മേൽവിലാസം. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് സയോണി ഘോഷ് രംഗത്തെത്തി. കെട്ടിടങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് എം.പി പറഞ്ഞു. അത് ആരാണെന്ന് അറിയില്ലെന്നും രാഷ്ട്രീയത്തിൽനിന്ന് ഇന്നുവരെ അപ്രതീക്ഷിത ലാഭമൊന്നും നേടിയിട്ടില്ലാത്ത പശ്ചാത്തലത്തിൽ ഇത് താനല്ലെന്നും തെളിവുകളില്ലാതെ തന്നെ അപമാനിക്കാൻ ശ്രമിക്കരുതെന്നും സയോണി ഘോഷ് എക്സിൽ കുറിച്ചു.Just saw a few forwards that one Abhishek Banerjee & Sayani Ghosh jointly own a property namely 19 D Seven Tanks Road, Kolkata 700030 with no mobile number as a contact. I can’t say who it is But It’s definitely not the Sayani Ghosh who started from a humble background with no…— Saayoni Ghosh (@sayani06) May 20, 2026 കൊൽക്കത്ത മുനിസിപ്പൽ കോർപറേഷന്റെ ഡാറ്റാ ബേസിൽനിന്നാണ് പട്ടിക എടുത്തതെന്നും തൃണമൂൽ കോൺഗ്രസ് എം.പിയായ അഭിഷേക് ബാനർജി തന്നെയാണോ എന്ന കാര്യം വ്യക്തമല്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 2.3 കോടി രൂപയുടെ ജംഗമ സ്വത്തും 36 ലക്ഷം രൂപയുടെ ബാധ്യതകളും 1.4 കോടി രൂപയുടെ വാർഷിക വരുമാനവും പ്രഖ്യാപിച്ചിരുന്നു.അതേസമയം പ്രചരിക്കുന്ന രേഖ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൃണമൂൽ കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ബി.ജെ.പി പുറത്തുവിട്ട രേഖ പൂർണമായ തട്ടിപ്പാണെന്നും കൃത്യതയില്ലാത്തതാണെന്നും തൃണമൂൽ കോൺഗ്രസ് മുൻ രാജ്യസഭാ എം.പി സാകേത് ഗോഖലെ പറഞ്ഞു. ഇത് വെബ്‌സൈറ്റിൽ നിന്നുള്ള പേര് അടിസ്ഥാനമാക്കിയുള്ളത് മാത്രമാണെന്നും കൊൽക്കത്തയിൽ അഭിഷേക് ബാനർജി എന്ന പേരുള്ള ഒരാൾ മാത്രമാണോയെന്നും ഗോഖലെ ചോദിച്ചു.
അഭിഷേക് ബാനർജിയുടെ ഉടമസ്ഥതയിൽ 43 കെട്ടിടങ്ങളുണ്ടെന്ന് ബി.ജെ.പി; രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമെന്ന്…

