അമേരിക്കയുടെ കയറ്റുമതി നിയമങ്ങൾ ലംഘിച്ച് അതിനൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ ചൈനയിലേക്ക് കടത്തിയ സംഭവത്തിൽ പ്രമുഖ ടെക് കമ്പനിയായ ‘സൂപ്പർ മൈക്രോ കംപ്യൂട്ടറിന്റെ’ സഹസ്ഥാപകൻ പിടിയിലായി. കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് വാലി ലിയാവോയ്ക്കെതിരെയാണ് യുഎസ് അന്വേഷണ ഏജൻസികൾ കുറ്റം ചുമത്തിയത്. ഏകദേശം 2.5 ബില്യൻ ഡോളർ (ഇന്ത്യൻ രൂപ 21,000 കോടിയിലധികം) മൂല്യമുള്ള ചിപ്പുകളാണ് രഹസ്യമായി കടത്തിയത്.
What you should read next
മുന്നറിയിപ്പു നൽകി മണിക്കൂറുകൾക്കുള്ളിൽ ഇറാന്റെ മിസൈൽ ആക്രമണം: ഗൾഫിലെ റിഫൈനറികളിൽ വൻനാശം
ലോകത്തിലെ ഏറ്റവും കരുത്തുറ്റ എൻവിഡിയ ചിപ്പുകൾ ചൈനയ്ക്ക് ലഭിക്കുന്നത് അമേരിക്ക കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ ഈ വിലക്ക് മറികടക്കാൻ പ്രതികൾ വൻ ചതിക്കുഴിയാണ് ഒരുക്കിയത്. തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു വ്യാജ കമ്പനിയുടെ പേരിൽ ഓർഡറുകൾ നൽകി സെർവറുകൾ അവിടെ എത്തിക്കുകയും, പിന്നീട് അവിടെ നിന്ന് രഹസ്യമായി ചൈനയിലേക്ക് കടത്തുകയുമായിരുന്നു. രേഖകളിൽ കൃത്രിമം കാട്ടിയും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചുമാണ് കഴിഞ്ഞ ഒരു വർഷമായി ഈ തട്ടിപ്പ് തുടർന്നത്.
തട്ടിപ്പ് പുറത്തായതോടെ സൂപ്പർ മൈക്രോ കമ്പനിയുടെ ഓഹരികൾ വിപണിയിൽ കൂപ്പുകുത്തി. നിലവിൽ പ്രതിയെ കമ്പനിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളെയും അമേരിക്കയുടെ സുരക്ഷയെയും ഈ സംഭവം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറ്റം തെളിയുകയാണെങ്കിൽ ലിയാവോയ്ക്ക് കഠിനമായ തടവുശിക്ഷ ലഭിച്ചേക്കാം.

