വമ്പൻ വാഗ്ദാനങ്ങളുമായി സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ എത്തിയ ട്രംപ് മൊബൈൽ (Trump Mobile) വൻ വിവാദത്തിലെന്ന് റിപ്പോർട്ടുകൾ. കമ്പനിയുടെ ആദ്യ ഫോണായ ‘T1’ പ്രീ-ഓർഡർ ചെയ്ത 5.9 ലക്ഷം ഉപഭോക്താക്കൾക്ക് ഇതുവരെയും ഫോൺ ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 59 ദശലക്ഷം ഡോളർ (ഏകദേശം 492 കോടി രൂപ) ബുക്കിങ് തുകയായി കൈപ്പറ്റിയിട്ടും മാസങ്ങൾ പിന്നിട്ടിട്ടും ഫോണിനെക്കുറിച്ച് വിവരമില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. എന്താണ് ട്രംപ് മൊബൈൽ? 2025 ജൂൺ 16ന് ന്യൂയോർക്കിലെ ട്രംപ് ടവറിൽ വെച്ച് ട്രംപ് ജൂനിയറും എറിക് ട്രംപും ചേർന്നാണ് ഈ സംരംഭം പ്രഖ്യാപിച്ചത്. ഡോണൾഡ് ട്രംപിന്റെ 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ ലോഞ്ച്. ആപ്പിളിന്റെ ഐഫോണിനും സാംസങ്ങിനും ഒരു ‘അമേരിക്കന്‍ സ്വന്തം ബദൽ’ എന്ന നിലയിലാണ് ട്രംപ് മൊബൈൽ അവതരിപ്പിക്കപ്പെട്ടത്. വാഗ്ദാനവും റിയാലിറ്റിയും: ഫോൺ: T1 (സ്വർണ നിറത്തിലുള്ള ആൻഡ്രോയിഡ് ഫോൺ). വില: 499 ഡോളർ (ഏകദേശം 41,000 രൂപ). ബുക്കിങ് തുക: 100 ഡോളർ (ഏകദേശം 8,300 രൂപ). വാഗ്ദാനം ചെയ്ത വിതരണം: 2025 ഓഗസ്റ്റ് അവസാനം. എവിടെപ്പോയി പണം? കമ്പനിയുടെ കണക്കുകൾ പ്രകാരം ഏകദേശം 5.9 ലക്ഷം ആളുകൾ 100 ഡോളർ വീതം മുൻകൂറായി നൽകി ഫോൺ ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ 2026 മെയ് മാസമായിട്ടും ഒരാൾക്ക് പോലും ഫോൺ ലഭിച്ചിട്ടില്ലത്രെ. നിലവിൽ ഇങ്ങനെയൊരു ഉൽപ്പന്നം നിർമ്മാണത്തിലുണ്ടോ എന്ന് പോലും വ്യക്തമല്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിതരണ തീയതിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ട്രംപ് മൊബൈൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഉപഭോക്താക്കളുടെ പ്രതിഷേധം: വാഗ്ദാനം ലംഘിക്കപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിൽ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാണ്. പലരും വഞ്ചനാക്കുറ്റത്തിന് നിയമനടപടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. മാധ്യമങ്ങളുടെ നിരന്തരമായ ഇമെയിലുകൾക്കും ഫോൺ കോളുകൾക്കും മറുപടി നൽകാൻ ‘ട്രംപ് മൊബൈൽ’ തയ്യാറാകാത്തത് സംശയങ്ങൾ വർദ്ധിപ്പിക്കുന്നു. അമേരിക്കൻ വിപണിയിൽ വലിയ ചലനം സൃഷ്ടിക്കുമെന്ന് കരുതിയ ഒരു സംരംഭം ഇപ്പോൾ വലിയൊരു ആരോപണത്തിന്റെ നിഴലിലാണ്.
സ്വര്‍ണനിറമുള്ള ആ ‘ട്രംപ്’ മൊബൈൽ എവിടെ? 492 കോടി രൂപ വാങ്ങി പറ്റിച്ചോ? പരാതിയുമായി ലക്ഷക്കണക്കിന് ഉപഭോക്താക്കൾ

