Breaking
23 Mar 2026, Mon

ലോകയാത്ര ഫെലോഷിപ്പുകളിലൂടെ‌‌; ഷ്‌മിറ്റ് സയൻസ് ഫെലോഷിപ് ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി

സാമ്പത്തികമായി അൽപം കൂടി മെച്ചപ്പെട്ട നിലയിലായിരുന്നെങ്കിൽ സ്റ്റെഫി ജോസ് എന്ന ഇടുക്കി കട്ടപ്പന സ്വദേശി ചിലപ്പോൾ എംബിബിഎസിനു ചേർന്നേനെ. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു സയൻസിൽ മുഴുവൻ മാർക്കുമായി പ്ലസ്ടു പൂർത്തിയാക്കിയപ്പോൾ എൻട്രൻസിനുവേണ്ടി ഒരു വർഷം മാറ്റിവയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ശാസ്ത്ര ഉപരിപഠനത്തിനു കേന്ദ്രസർക്കാർ അനുവദിച്ചിരുന്ന ഇൻസ്പയർ സ്കോളർഷിപ്പിന്റെ ബലത്തിൽ പാലാ അൽഫോൻസ കോളജിൽ ബിഎസ്‌സി ഫിസിക്സിനു ചേർന്നത്. 5 വർഷത്തേക്കുള്ള ഇൻസ്പയർ സ്കോളർഷിപ്പിന്റെ കരുത്തിൽ ബിരുദവും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്നു പിജിയും പൂർത്തിയാക്കി.

What you should read next

ഐഐടി മദ്രാസിൽ ബിഎസ് പഠനം; പ്രായപരിധിയില്ല

Education News

ആദ്യ വഴിത്തിരിവ്: ടിഐഎഫ്ആർ

2019ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ (ടിഐഎഫ്ആർ) ഹൈദരാബാദ് കേന്ദ്രത്തിൽ പിഎച്ച്ഡിക്കു ചേർന്നതായിരുന്നു ആദ്യ വഴിത്തിരിവ്. ടിഐഎഫ്ആർ പോലുള്ള ചില സ്ഥാപനങ്ങളിൽ ഏതു മേഖലയിൽ ഗവേഷണം നടത്തണമെന്നു മുൻകൂട്ടി തീരുമാനിക്കേണ്ട. ആദ്യ 2 വർഷം സ്പെഷലൈസ്ഡ് കോഴ്സുകളുണ്ട്. എംഎസ്‌സിക്കു പോലുമില്ലാതിരുന്ന വിഷയങ്ങൾ പഠിക്കാം. അതു കഴിയുമ്പോൾ ലഭിക്കുന്ന ഐഡിയ അനുസരിച്ചു ഗവേഷണം മുന്നോട്ടുകൊണ്ടുപോകാം.

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനി: ശമ്പളം ഒരു ലക്ഷത്തിലധികം

Career Guru

സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിലായിരുന്നു സ്റ്റെഫിയുടെ പിഎച്ച്ഡി ഗവേഷണം.

പക്ഷികളുടെയും മത്സ്യങ്ങളുടെയും മറ്റും സഞ്ചാരത്തിനു കൃത്യമായ പാറ്റേൺ ഉള്ളതു ശ്രദ്ധിച്ചിട്ടില്ലേ ? ബാക്ടീരിയയ്ക്കു പോലുമുണ്ട് ഈ രീതി. ഇതുമായി ബന്ധപ്പെട്ട മാത്തമാറ്റിക്കൽ മോഡൽ തയാറാക്കുന്നതിലായിരുന്നു പിഎച്ച്ഡി ഗവേഷണം.

ഇന്ത്യയിൽ ലോക നിലവാരത്തിലുള്ള ഏതാനും ഗവേഷണ സ്ഥാപനങ്ങളിലൊന്നാണു ടിഐഎഫ്ആറെന്നു സ്റ്റെഫി പറയുന്നു. മികച്ച ഫാക്കൽറ്റി; ഗവേഷണ സ്വാതന്ത്ര്യവുമുണ്ട്.

“ഗവേഷണം ഏറെ ഫോക്കസ് വേണ്ട മേഖലയാണ്. അങ്ങനെയൊരു വിളിയുണ്ടെങ്കിലേ ഈ മേഖലയിലേക്കു വരാവൂ. എംഐടിയിൽ ക്ലാസിൽ വരണമെന്നോ പരീക്ഷ എഴുതണമെന്നോ ആരും നിർബന്ധിക്കില്ല. പക്ഷേ എല്ലാവരും താൽപര്യപൂർവം പഠിക്കുന്നു.” ‌

സ്റ്റെഫി ജോസ്

ഹംബോൾട്ടിലേക്കുള്ള വഴി

പിഎച്ച്ഡി കഴിഞ്ഞു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനു തയാറെടുക്കുമ്പോൾ പ്രതിസന്ധി. സ്റ്റെഫിയുടെ മേഖല തിയറിയാണ്. ഗവേഷണത്തിനു ഫണ്ടിങ് ലഭിക്കുക പ്രയാസം. ജർമനിയിലെ ഡസൽഡോർഫിലെ ഹൈൻറിച്ച് ഹൈന യൂണിവേഴ്സിറ്റിയിലെ (Heinrich Heine University) പ്രഫ. ഹാർട്മുട് ലോവനാണ് പുറത്തുനിന്നുള്ള ഫെലോഷിപ്പിന് അപേക്ഷിക്കാൻ നിർദേശിച്ചത്.

അങ്ങനെയാണ് അലക്സാണ്ടർ വോൺ ഹംബോൾട്ട് ഫൗണ്ടേഷന്റെ ഹംബോൾട്ട് റിസർച് ഫെലോഷിപ്പിന് അപേക്ഷിച്ചത്. 4 മാസത്തെ ജർമൻ ഭാഷാപഠനത്തിനുൾപ്പെടെ സൗകര്യമുണ്ട്. മികച്ച പബ്ലിക്കേഷനുകളുടെ പിൻബലം, കൃത്യമായ ഗവേഷണ പദ്ധതി, ജർമനിയിൽ ഗവേഷണത്തിനു മേൽനോട്ടം വഹിക്കാനൊരാൾ (ഹോസ്റ്റ്) എന്നിവയുണ്ടെങ്കിൽ അപേക്ഷിക്കാം. വർഷത്തിൽ എപ്പോൾ വേണമെങ്കിലും അപേക്ഷ നൽകാം. പക്ഷേ, നടപടിക്രമങ്ങൾക്കു മാസങ്ങളെടുക്കുമെന്നതിനാൽ 6 മാസമെങ്കിലും മുൻകൂട്ടി അപേക്ഷാ നടപടികൾ ആരംഭിക്കണം. അപേക്ഷയ്ക്കു നൽകുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണു സിലക്‌ഷൻ. അഭിമുഖമില്ല. അതുകൊണ്ടു തന്നെ രേഖകൾ വ്യക്തവും സമഗ്രവുമായിരിക്കണം.

എച്ച് എൽ എല്ലിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ

Education News

ADVERTISEMENT

ഷ്മിറ്റ് സയൻസ് ഫെലോഷിപ്

ജർമനിയിലെ ഗവേഷണത്തിനിടെയാണ് ഷ്മിറ്റ് സയൻസ് ഫെലോഷിപ് ലഭിച്ച് സ്റ്റെഫി യുഎസിലെത്തിയത്. യുകെയിലെ റോഡ്സ് ട്രസ്റ്റും ഗൂഗിൾ മുൻ സിഇഒ എറിക് ഷ്‌മിറ്റിന്റെ നേതൃത്വത്തിലുള്ള ഷ്മിറ്റ് സയൻസസും ചേർന്നൊരുക്കുന്ന ഫെലോഷിപ്പാണിത്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 32 പേർക്കു ലോകത്തെ ഏതു സ്ഥാപനത്തിലും പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്താം. സ്വന്തം രാജ്യത്തു ഗവേഷണം നടത്തുന്നതിനു നിയന്ത്രണമുണ്ട്.

സിലക്‌ഷൻ അതികഠിനം. രണ്ടു തലങ്ങളിലായി അഭിമുഖം. രണ്ടാം ഘട്ടത്തിൽ സയൻസുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നുമില്ല. ശാസ്ത്രമേഖലയ്ക്കു പുറത്തുനിന്നുള്ളവരും ഇന്റർവ്യൂ ബോർഡിലുണ്ടാകും. ഇന്ത്യയിൽ പഠനം നടത്തിയവരിൽ ഈ ഫെലോഷിപ് നേടുന്ന രണ്ടാമത്തെയാളാണു സ്റ്റെഫി. ഇന്ത്യൻ വംശജരായ, യുഎസിൽ ഉപരിപഠനം നടത്തിയവരും ഫെലോഷിപ് നേടിയവരുടെ ഗണത്തിലുണ്ട്.

ഇന്റർഡിസിപ്ലിനറി ഗവേഷണത്തിനായി 2 വർഷത്തേക്കു 2 ലക്ഷം ഡോളറോളം (ഏകദേശം 1.81 കോടി രൂപ) ലഭിക്കും. അതുവരെ പിന്തുടർന്നിരുന്ന മേഖലയിൽനിന്നു മാറി പഠനം നടത്തണം. ഗവേഷണത്തിനൊടുവിൽ റിസൽറ്റ് ഉണ്ടാക്കണമെന്നു നിർബന്ധവുമില്ല. മറ്റൊരു വിഷയത്തിലേക്കു മാറുമ്പോൾ അതു ശ്രമകരമാകുമെന്ന ബോധ്യമുള്ളതിനാലാണിത്.

ഗ്രാമങ്ങളിൽ പ്രവർത്തിക്കാൻ എസ്ബിഐ ഫെലോഷിപ്

Education News

ഷ്മിറ്റ് ഫെലോഷിപ് ലഭിച്ചതോടെ സ്റ്റെഫി സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സിൽനിന്നു ബയോ ഫിസിക്സിലേക്കു മാറി. ക്യുഎസ് ലോക റാങ്കിങ്ങിൽ ഒന്നാമതുള്ള യുഎസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) പ്രവേശനം നേടി. കഴിഞ്ഞവർഷത്തെ ബോൾസ്മാൻ മെഡൽ നേടിയ ലോകപ്രശസ്ത ഫിസിസിസ്റ്റ് മെഹ്റാൻ കാർദറിന്റെയും നികിത ഫക്രിയുടെയും കീഴിലാണു ഗവേഷണം.

ഗവേഷണ വിഷയം തീരുമാനിക്കാനുള്ള ചർച്ചകൾ നടക്കുകയാണ്. തിയറിക്കൊപ്പം എക്സ്പെരിമെന്റിലേക്കും ചുവടുവയ്ക്കുന്നു. ഫിസിക്സിനൊപ്പം ബയോളജിയും പഠിക്കുന്നു. പഠനത്തിന്റെ ഭാഗമായി എംഐടിയിലെ ബിരുദ–ബിരുദാനന്തര ക്ലാസുകളിൽ ഇരിക്കാറുണ്ട്. ബിരുദ വിദ്യാർഥിയുടെ തലത്തിലേക്കു വീണ്ടും മാറിയെന്നതാണ് ഈ ഫെലോഷിപ്പിന്റെ ആകർഷണമെന്നും സ്റ്റെഫി പറയുന്നു.

കട്ടപ്പന വേലംപറമ്പിൽ കർഷക ദമ്പതികളായ വി.വി. ജോസിന്റെയും ടീസാമ്മയുടെയും മകളാണ് സ്റ്റെഫി. ഭർത്താവ് പ്രവീൺ മാത്യൂസ് സ്വീഡനിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തുന്നു.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *