എഴുകോൺ ∙ കടയിൽ പോയി മടങ്ങുകയായിരുന്ന വയോധികനെ തടഞ്ഞുനിർത്തി മൊബൈൽ ഫോണും പോക്കറ്റിലുണ്ടായിരുന്ന അഞ്ഞൂറോളം രൂപയും പിടിച്ചു പറിച്ച കേസിൽ 2 പേർ പിടിയിൽ. കാരുവേലിൽ അഖിൽ ഭവനത്തിൽ നടരാജന്റെ (65) ഫോണും പണവും കവർന്ന കേസിൽ കാരുവേലിൽ മഹീൻ മന്ദിരത്തിൽ സുദീപൻ (51), ശ്രീമൂലത്തിൽ പ്രശാന്തൻ (62) എന്നിവരെയാണു എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
പൊലീസ് പറഞ്ഞത്: ഞായർ രാത്രി ഏഴരയോടെയായിരുന്നു സംഭവം. വീടിനു സമീപമുള്ള കടയിൽ പോയി തിരികെ വരികയായിരുന്ന നടരാജനെ ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ വഴി ചോദിക്കാൻ വേണ്ടി തടഞ്ഞുനിർത്തുകയും ഫോണും പണവും അപഹരിക്കുകയുമായിരുന്നു. പ്രശാന്തൻ ആണ് ഓട്ടോ ഓടിച്ചിരുന്നത്. പിൻസീറ്റിലിരുന്ന സുദീപനാണ് ഫോണും പണവും ബലാൽക്കാരമായി കൈക്കലാക്കിയത്. അതിനു ശേഷം നടരാജനെ തള്ളിയിട്ട പ്രതികൾ ഓട്ടോയിൽ രക്ഷപ്പെടുകയും ചെയ്തു.
പരാതിയെത്തുടർന്നു സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് പ്രതികളെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എഴുകോൺ ഐഎസ്എച്ച്ഒ രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ദീപു പിള്ള, സന്തോഷ് കുമാർ, എഎസ്ഐ സജു, സിപിഒമാരായ കിരൺ, വിനയൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

