Breaking
5 Feb 2026, Thu

മൊബൈൽ നെറ്റ്‌വർക്കില്ല; വലഞ്ഞ് ബിഎൽഒമാർ

പത്തനാപുരം∙ മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തതു കാരണം മലയോര മേഖലയിൽ പ്രവർത്തിക്കുന്ന ബിഎൽഒമാർക്ക് എസ്ഐആർ ഫോം അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നു പരാതി. ചെമ്പനരുവി, മഹാദേവർമൺ, കുമരംകുടി, പാടം, മാങ്കോട്, പൂങ്കുളഞ്ഞി, മുള്ളൂർനിരപ്പ് പോലെയുള്ള സ്ഥലങ്ങളിലാണ് കൂടുതൽ പ്രശ്നം. ഇവിടങ്ങളിൽ ബിഎസ്എൻഎൽ മൊബൈൽ ടവറുകൾ സ്ഥാപിച്ചെങ്കിലും പ്രവർത്തനക്ഷമമായിട്ടില്ല.

പത്തനാപുരം താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും ഇതേ അവസ്ഥയുണ്ട്. പട്ടാഴി വടക്കേക്കര, തലവൂർ, വിളക്കുടി പഞ്ചായത്തുകളിലും പലയിടത്തും മൊബൈൽ കവറേജ് ലഭ്യമല്ല. ഇത് മൂലം വീടുകളിലെത്തുന്ന ബിഎൽഒമാരും സഹായികളും ഫോം അപ്‌ലോഡ് ചെയ്യാൻ ഏറെ പ്രയാസപ്പെടുകയാണ്. ഓരോ വീട്ടിലും മണിക്കൂറുകളാണ് ചെലവഴിക്കേണ്ടി വരുന്നത്. ഇതേ രീതിയിലാണെങ്കിൽ കൃത്യ സമയത്തിനുള്ളിൽ ഫോം അപ്‍ലോഡിങ് നടക്കില്ലെന്ന് ഇവർ പറയുന്നു.

മലയോര മേഖലയിൽ ഓരോ സ്ഥലത്തേക്കും എത്തണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. കയ്യിൽ നിന്നു പണം എടുത്താണ് ഇവിടങ്ങളിൽ പോകുന്നത്. ഒരു ദിവസം യാത്രാക്കൂലിയിനത്തിൽ മാത്രം 500 മുതൽ ആയിരം രൂപ ചെലവുണ്ടെന്ന് ഇവർ പറയുന്നു. ഇതിന് പരിഹാരമായി താലൂക്ക് ഓഫിസിലെ ജീവനക്കാരെക്കൂടി ഫോം അപ്‌ലോഡ് ഉൾപ്പെടെയുള്ള ജോലികളിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *