ഇന്ത്യൻ വ്യോമസേനയുടെ കരുത്തും അഭിമാനവുമാണ് തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധവിമാനമായ തേജസ്. ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമായ സൂപ്പർസോണിക് കോംബാറ്റ് എയർക്രാഫ്റ്റുകളിൽ ഒന്നാണിത്. 2001ൽ ആദ്യമായി ചിറകുവിരിച്ച ഈ ‘ചുണക്കുട്ടി’ ഇന്ന് ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി മാറിയിരുന്നു. എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണെന്ന വാർത്ത വരുമ്പോൾ എന്തായിരിക്കും സംഭവിച്ചിരിക്കുകയെന്ന ആകാംക്ഷയിലാണ് രാജ്യം.
ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കും, ചാന്ദ്ര ധൂളി ഭൂമിയില്‍ പതിക്കും! പ്രതിവിധി ആണവായുധം, ആ പേടിസ്വപ്നം യാഥാർഥ്യമാകുമോ?
ഒറ്റ എൻജിനുള്ള ഈ കോംബാറ്റ് യുദ്ധവിമാനം ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽസ് ലിമിറ്റഡാണ് (HAL) നിർമിക്കുന്നത്. ഡിആർഡിഒയുടെ (DRDO) കീഴിലുള്ള എയ്‌റോനോട്ടിക്കൽ ഡവലപ്‌മെന്റ് ഏജൻസിയാണ് (ADA) ഈ വിമാനം രൂപകൽപന ചെയ്തത്. എച്ച്എഫ്-24 മാരുതിനു ശേഷം എച്ച്എഎൽ വികസിപ്പിച്ച രണ്ടാമത്തെ സൂപ്പർസോണിക് വിമാനമെന്ന ഖ്യാതിയും തേജസിനുണ്ട്. നീണ്ട പരീക്ഷണ പറക്കലുകൾക്കും സാങ്കേതിക പരിശോധനകൾക്കും ശേഷം 2015-ലാണ് തേജസ് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.
വ്യോമസേനയുടെ ആധുനികവൽക്കരണത്തിൽ നിർണായകമായ കാൽവയ്പ്പായിരുന്നു ഇത്. 2016-ൽ ആദ്യ തേജസ് സ്‌ക്വാഡ്രൻ പ്രവർത്തനക്ഷമമായി. ‘ഫ്‌ളൈയിങ് ഡാഗേഴ്‌സ്’ എന്നറിയപ്പെടുന്ന 45-ാം നമ്പർ സ്‌ക്വാഡ്രനാണ് തേജസിനെ ആദ്യമായി നെഞ്ചിലേറ്റിയത്. തുടർന്ന് 18-ാം നമ്പർ സ്‌ക്വാഡ്രനായ ‘ഫ്‌ളൈയിങ് ബുള്ളറ്റ്സും’ തേജസിനെ സ്വന്തമാക്കി.
സാങ്കേതികവിദ്യയുടെ കാര്യത്തിൽ വമ്പൻമാരായ വിദേശ യുദ്ധവിമാനങ്ങളോട് കിടപിടിക്കുന്നതാണ് തേജസ്. ഭാരം കുറഞ്ഞ കാർബൺ ഫൈബർ കോമ്പോസിറ്റ് ബോഡി, അത്യാധുനിക ക്വാഡ്രുപ്ലെക്‌സ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.
Terrible news!
There is a HAL Tejas that has crashed here at the Dubai Airshow during the flying demonstration!#Tejas #dubaipic.twitter.com/xMbqPrWcLt
— My Vadodara (@MyVadodara) November 21, 2025
അമേരിക്കൻ നിർമിത എൻജിനാണ് തേജസിന് കരുത്തേകുന്നത്. ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറയ്ക്കാനുള്ള ശേഷിയും (Air-to-air refueling), രാത്രികാലങ്ങളിലെ ആക്രമണത്തിനുള്ള ശേഷിയും ഈ കുഞ്ഞൻ വിമാനത്തിനുണ്ട്. ശത്രുവിന്റെ റഡാറുകൾക്ക് എളുപ്പത്തിൽ പിടികൊടുക്കാത്ത ഘടനയും തേജസിനെ അപകടകാരിയായ പോരാളിയാക്കി മാറ്റുകയായിരുന്നു.
തേജസിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അതിന്റെ മികച്ച സുരക്ഷാ റെക്കോർഡാണ്. വികസിപ്പിച്ച ഘട്ടം മുതൽ നീണ്ട 23 വർഷത്തോളം (2001 മുതൽ 2024 മാർച്ച് വരെ) ഒരു അപകടം പോലും വരുത്താതെ പറന്ന റെക്കോർഡ് തേജസിനുണ്ട്. നാലായിരത്തിലേറെ തവണ പരീക്ഷണ പറക്കല്‍ നടത്തിയിട്ടും സാങ്കേതിക തകരാറുകൾ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. 2024 മാർച്ചിൽ ജയ്സാൽമറിൽ നടന്ന ഒരു സംഭവമൊഴിച്ചാൽ, ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ യുദ്ധവിമാനങ്ങളുടെ പട്ടികയിലാണ് തേജസിന്റെ സ്ഥാനം. ഇത് ഇന്ത്യൻ എൻജിനിയറിങ് മികവിന്റെ തെളിവായി കണക്കാക്കപ്പെടുന്നു.
കാലത്തിനൊത്ത് മാറാനും തേജസിനായിട്ടുണ്ട്. നിലവിലുള്ള തേജസ് മാർക്ക്-1 നേക്കാൾ പ്രഹരശേഷിയും സാങ്കേതിക തികവുമുള്ള ‘തേജസ് മാർക്ക്-1 എ’ (Mk1A) പതിപ്പുകൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു.
അതിജീവനക്കളിയിൽ നമ്മുടെ പൂർവികർ നിയാണ്ടർത്താലുകളെ തോൽപിച്ചതിനു കാരണം കറുത്തീയം
ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ വിജയമാതൃക കൂടിയായിരുന്നു തേജസ്. തദ്ദേശീയമായി നിർമ്മിച്ച വിമാനം എന്നതിലുപരി, രാജ്യാന്തര വിപണിയിലും തേജസ് ശ്രദ്ധയാകർഷിച്ചിരുന്നു. വരുംകാലങ്ങളിൽ ഇന്ത്യൻ ആകാശത്തിന്റെ കാവൽക്കാരൻ മാത്രമല്ല, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിലെ പ്രധാന താരം കൂടിയായിരിക്കുമെന്നാണ് തേജസ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

