Breaking
5 Feb 2026, Thu

ലോകത്തെ ആദ്യത്തെ 5 ട്രില്യൻ കമ്പനിയായി എന്‍വിഡിയ, എന്നിട്ടുമെന്തേ മേധാവിക്കു ദു:ഖം?

ചരിത്രം കുറിച്ച് ചിപ് നിര്‍മ്മാതാവ് എന്‍വിഡിയ! അപ്രതീക്ഷിതമായി ഐഫോണ്‍ നിര്‍മ്മാതാവ് ആപ്പിളിനെ പോലും ബഹുദൂരം പിന്തള്ളി ലോകത്തെ ആദ്യത്തെ 5 ട്രില്യൻ ഡോളര്‍ മൂല്യമുള്ള കമ്പനിയായി മാറിയിരിക്കകയാണ് എന്‍വിഡിയ. ഒക്ടോബര്‍ 29ന് കമ്പനി കൈവരിച്ച ഈ നേട്ടം അതിന്റെ മേധാവി ജെന്‍സണ്‍ ഹൗങിന്റെ ആസ്തി 180 ബില്ല്യന്‍ ഡോളറായി ഉയര്‍ത്തി. ഈ അസാധാരണ നേട്ടത്തിന്റെ സമയത്തും അദ്ദേഹം തന്റെ ഒരു അസന്തുഷ്ടി മറച്ചുവയ്ക്കുന്നില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. എന്നിരിക്കിലും, ശ്രദ്ധേയമായ പുതിയ പദ്ധതികളുമായി എന്‍വിഡിയ അതിന്റെ അശ്വമേധം തുടരും. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയ്ക്കും ഗൂഗിളിന്റെ വേമോയ്ക്കും (Waymo) എതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ഊബറിനെ സജ്ജമാക്കാനായിരിക്കും ഇനി എന്‍വിഡിയ കച്ചകെട്ടി ഇറങ്ങുന്നത്.

സൗരയൂഥത്തിലേക്ക് അതിവേഗം പാഞ്ഞെത്തിയ ‘അപരിചിതൻ’: 3ഐ/അറ്റ്ലസിനെക്കുറിച്ചറിയേണ്ട 10 കാര്യങ്ങൾ

എന്‍വിഡിയയുടെ ഉയര്‍ച്ചക്കു പിന്നില്‍ എന്ത്?

ലോകത്ത് ആദ്യമായി 4 ട്രില്ല്യന്‍ ഡോളര്‍ മൂല്യവും, 5 ട്രില്ല്യന്‍ മൂല്യവും കടന്നതിന്റെ ഖ്യാതി ഇനി എന്‍വിഡിയയ്ക്ക് സ്വന്തം. സിഎന്‍ബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇക്കഴിഞ്ഞ ദിവസം എന്‍വിഡിയ ഓഹരികളുടെ വില 4 ശതമാനം ഉയര്‍ന്നതോടെയാണ് കലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി പുതിയ നാഴികക്കല്ല് താണ്ടിയത്. നിര്‍മ്മിത ബുദ്ധിക്ക് (എഐ) ലോകമെമ്പാടും ലഭിച്ച സ്വീകാര്യതയാണ് എന്‍വിഡിയയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്കു പിന്നില്‍. തങ്ങള്‍ 500 ബില്ല്യന്‍ ഡോളറിന്റെ എഐ ചിപ് ഓര്‍ഡറാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതന്ന് ജെന്‍സണ്‍ വെളിപ്പെടുത്തിയിരുന്നു. അമേരിക്കന്‍ ഗവണ്‍മെന്റിനായി സൂപ്പര്‍കംപ്യൂട്ടറകള്‍ നിര്‍മ്മിക്കുന്ന ദൗത്യത്തെക്കുറിച്ചും എന്‍വിഡിയയെ വെളിപ്പെടുത്തി.

Image Credit: nvidia

എന്‍വിഡിയുടെ കുതിപ്പ് എത്രകാലം?

ജെന്‍സണ്‍ന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ എച്ച്100, ബ്ലാക്ക്‌വെല്‍ ചിപ്പുകളാണ് ചാറ്റ്ജിപിറ്റിയുടെയും, മസ്‌കിന്റെ എക്‌സ്എഐയുടെയും ഒക്കെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത്. ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ, ഒരു കാലത്ത് തങ്ങളേക്കാള്‍ ഏറെ മുന്നില്‍ നിന്നിരുന്ന ഇന്റല്‍, നോക്കിയ തുടങ്ങിയ ഫേമുകളില്‍ എന്‍വിഡിയ ബില്ല്യന്‍ കണക്കിനു ഡോളര്‍ നിക്ഷേപിച്ചിട്ടുമുണ്ട്. ചിപ്പ് നിര്‍മ്മാണത്തില്‍ അതിശക്തമായ കുതിപ്പാണ് എന്‍വിഡിയയുടെ എതിരാളിയായ അഡ്‌വാന്‍സ്ഡ് മൈക്രോ ഡിവൈസസ് (എഎംഡി) നടത്തുന്നത്. ഈ മുന്നേറ്റം വിപണി മൂല്ല്യത്തിന്റെ കാര്യത്തില്‍ എന്‍വിഡിയയ്ക്ക് ഇതുവരെ ഭീഷണിയായിട്ടില്ല. ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ അനുയോജ്യമായ ചിപ്പുകള്‍ തങ്ങള്‍ക്ക് വേണ്ട കസ്റ്റം രീതിയില്‍ തന്നെ നിര്‍മ്മിച്ചെടുക്കാന്‍ ആരംഭിച്ചതും എന്‍വിഡിയുടെ ഏകപക്ഷീയമെന്നു തോന്നിപ്പിക്കുന്ന മുന്നേറ്റത്തിന് സമീപഭാവിയില്‍ തന്നെ ഭീഷണിയായേക്കാം.

മുന്‍ മൈക്രോസോഫ്റ്റ് മേധാവിയുടെ മുന്നിലെത്തി ജെന്‍സണ്‍

ഫോര്‍ബിസിന്റെ റിയല്‍-ടൈം ബില്ല്യനയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ജെന്‍സണ്‍ന്റെ ആസ്തി ഇപ്പോള്‍ 179.7 ബില്ല്യന്‍ ഡോളറായി. എന്‍വിഡിയയുടെ മൂല്യം ഉയര്‍ന്നതോടെ 3.05 ശതമാനമാണ് ജെന്‍സന്റെ ആകെ ആസ്തി ഉയര്‍ന്നത്. മുന്‍ മൈക്രോസോഫ്റ്റ് മേധാവി സ്റ്റീവ് ബാമറെ (162.2 ബില്ല്യന്‍ ഡോളര്‍ ആസ്തി) മറികടന്നാണ് ജെന്‍സണ്‍ ബില്ല്യനയര്‍ റാങ്കിങില്‍ എട്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

അന്തരീക്ഷത്തിൽ ഒഴുകിയെത്തുന്ന നിശബ്ദ ഭീമൻ, അമ്പരന്ന് ആളുകൾ:വിഡിയോകൾ ലോകമെമ്പാടും വൈറലായി

500.4 ബില്ല്യന്‍ ഡോളറുമായി മസ്‌ക് തന്നെ ഒന്നാമത്

ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. മൂല്ല്യം 500.4 ബില്ല്യന്‍ ഡോളര്‍. രണ്ടാം സ്ഥാനത്ത് ഓറക്കിള്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍ ആണ് (334.1 ബില്ല്യന്‍ ഡോളര്‍). മൂന്നാം സ്ഥാനത്ത് മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ്-ആസ്തി 257.5 ബില്ല്യന്‍ ഡോളര്‍. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസ് നാലാം സ്ഥാനത്തും, ഗൂഗിള്‍ സഹസ്ഥാപകര്‍ ലാറി പേജും, സെര്‍ഗെയ് ബ്രിന്നും അഞ്ചും ആറും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ടെക്‌നോളജി മേഖലയില്‍ നിന്ന് അല്ലാതെയുള്ള ബെര്‍ണഡ് ആര്‍ണോ ആന്‍ഡ് ഫാമിലിയാണ് ഏഴാം സ്ഥാനത്ത്.

ഇലോൺ മസ്ക്. Image Credit: X/elonmusk

ജെന്‍സണ്‍ അസന്തുഷ്ടന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയിലേക്കുള്ള എഐ ചിപ്പ് ഇറക്കുമതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകളില്‍ അസന്തുഷ്ടനാണ് ജെന്‍സണ്‍. ഇതറിയിക്കാന്‍ അദ്ദേഹം വാഷിങ്ടണില്‍ എത്തി ട്രംപ് ഭരണകൂടത്തിന് ഒരു സന്ദേശം കൈമാറിയിട്ടുണ്ട് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈന, എന്‍വിഡിയയെ അവരുടെ അതിവിശാലമായ ഡിവലപ്പര്‍ ഇക്കോ സിസ്റ്റത്തില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തു നിറുത്തുകയാണെങ്കില്‍ എഐ യുദ്ധത്തില്‍ അമേരിക്കയ്ക്ക് ജയിക്കാനാവില്ലെന്നാണ് ജെന്‍സണ്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈന തങ്ങളുടെ സേവനങ്ങള്‍ വേണ്ടന്നുവയ്ക്കുകയാണ്. അതിനാല്‍ തങ്ങള്‍ക്കു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ പു:നപരിശോധിക്കണം എന്നാണ് അദ്ദേഹം ട്രംപ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ചൈന തങ്ങള്‍ക്കെതിരെ വളരെ ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നതാണ് എന്‍വിഡിയ മേധാവിക്ക് അസംതൃപ്തിയുണ്ടാക്കിയിരിക്കുന്ന കാര്യം.

ലോകത്തെ ആദ്യത്തെ 5 ട്രില്യൻ കമ്പനിയായി എന്‍വിഡിയ, എന്നിട്ടുമെന്തേ മേധാവിക്കു ദു:ഖം?

ടെസ്‌ലയ്ക്ക് എതിരെ ആഞ്ഞുപിടിക്കാന്‍ എന്‍വിഡിയ-ഊബര്‍ സഹകരണം

അടുത്ത തലമുറ റോബോ ടാക്‌സികളും, സ്വയം പ്രവര്‍ത്തിക്കുന്ന ഡെലിവറി വാഹനങ്ങളും നിര്‍മ്മിച്ചെടുക്കാന്‍ എന്‍വിഡിയും ഊബറും കൈകോര്‍ക്കും. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല, ഗൂഗിളിന്റെ വേമോ തുടങ്ങിയ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് ലക്ഷ്യം. ലോകത്തെ ഏറ്റവും വലിയ സെല്‍ഫ് ഡ്രൈവിങ് വാഹനഗണം പ്രവര്‍ത്തിപ്പിക്കാനാണ് ഇരുവരും ഉദ്ദേശിക്കുന്നത്. ഏകദേശം 100,000 റോബോടാക്‌സികള്‍ ആണ് ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇരു കമ്പനികളും ഉദ്ദേശിക്കുന്നത്.

തനിയെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ കാര്യത്തില്‍ എന്‍വിഡിയയുടെ എഐ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കി ആഗോള തലത്തില്‍ വളാരാനാണ് ഊബര്‍ ഉദ്ദേശിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ ഊബറും, എന്‍വിഡിയും, മറ്റ് പങ്കാളികളും ചേര്‍ന്നായിരിക്കും നിര്‍മ്മിച്ചെടുക്കുക. എന്‍വിഡിയ ഡ്രൈവ് എജിഎക്‌സ് ഹൈപ്പീരിയന്‍ ഓട്ടോണമസ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം ആയിരിക്കും ഊബര്‍ ഉള്‍ക്കൊള്ളിക്കുക.

എന്‍വിഡിയ ഡ്രൈവ്ഓഎസ് ഓപ്പറേറ്റിങ് സിസ്റ്റം, എന്‍വിഡിയ ഡ്രൈവ് എവി സോഫ്റ്റ്‌വെയര്‍ സൂട്ട് തുടങ്ങിയവ ആയിരിക്കും പ്ലാറ്റ്‌ഫോമില്‍ ഉണ്ടാകുക. ലെവല്‍ 4 ഓട്ടോണമി ആയിരിക്കും വാഹനങ്ങള്‍ക്ക് ലഭിക്കുക. മറ്റ് വാഹന നിര്‍മ്മാതാക്കളും, റോബോ ടാക്‌സി കമ്പനികളും തങ്ങളോട് ഇക്കാര്യത്തില്‍ സഹകരിക്കുന്നുണ്ടെന്നും എന്‍വിഡിയ ഒരു ബ്ലോഗ് പോസ്റ്റില്‍ വെളിപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *