എരുമേലി ∙ പഞ്ചായത്ത് പരിധിയിൽ വഴിയരികിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിടികൂടുന്നതിനു സിസിടിവി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. ജനവാസം കുറവുള്ള റോഡുകൾ, സ്ഥിരം മാലിന്യം തള്ളുന്ന സ്ഥലങ്ങൾ, വനമേഖല, ശബരിമല റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് പഞ്ചായത്ത് ക്യാമറകൾ സ്ഥാപിക്കുന്നത്. ഇതിനോടകം വിവിധ റോഡുകളിലെ 12 ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.
17 ക്യാമറകളാണ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നത്. ഈ ആഴ്ച കൊണ്ട് ബാക്കി ക്യാമറകളും പൂർണമായും പ്രവർത്തന ക്ഷമം ആകും.
പഞ്ചായത്ത് ഓഫിസിലെ മോനിട്ടറിലാണ് ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പതിയുന്നത്. ക്യാമറ പരിശോധിച്ച് പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ വകുപ്പ് അധികൃതർക്കും നടപടി എടുക്കാനും പിഴ ചുമത്താനും പറ്റും.
സ്ഥിരം മാലിന്യകേന്ദ്രങ്ങൾ
വനമേഖല റോഡുകളായ പ്ലാച്ചേരി– മുക്കട റോഡ്, മുക്കട– കനകപ്പലം റോഡ്, കനകപ്പലം – വെച്ചൂച്ചിറ റോഡ്, പ്ലാച്ചേരി – പൊന്തൻപുഴ റോഡ്. പ്രപ്പോസ്– എംഇഎസ് റോഡ്, എംഇഎസ് – കരിങ്കല്ലുമ്മൂഴി റോഡ്. എരുമേലി – പഴയിടം റോഡ്, ശബരിമല റോഡ് തുടങ്ങിയ റോഡുകളിലാണ് ദിവസവും വൻ തോതിൽ മാലിന്യം തളളുന്നത്. വനമേഖലയിലെ റോഡുകളിൽ ടൺ കണക്കിനു മാലിന്യമാണ് തള്ളിയിട്ടുള്ളത്.
കടവനാൽക്കടവ് പാലത്തിൽ എഐ ക്യാമറ
സ്ഥരിമായി അറവുശാലകളിലെ മാലിന്യം തള്ളുന്ന കടവനാൽക്കടവ് പാലത്തിൽ സിസി ടിവി ക്യാമറ കൂടാതെ വാഹനങ്ങളുടെ നമ്പർ കൂടി പകർത്തുന്ന എഐ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. അറവു ശാല മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് ആറ്റിലേക്ക് എറിയുന്നത് പതിവായതോടെ നാട്ടുകാർ രാത്രി പതിയിരുന്ന് അറവ് മാലിന്യം കൊണ്ടുവന്ന 2 പേരെ പിടികൂടി വാഹനം അടക്കം പൊലീസിനു കൈമാറിയിരുന്നു. ഇതാണ് ഇവിടെ എഐ ക്യാമറ സ്ഥാപിക്കാൻ കാരണമായത്.
സിസിടിവി ക്യാമറകളുള്ള സ്ഥലങ്ങൾ ഇപ്പോഴും ക്ലീൻ
മാർ ക്രിസോസ്റ്റും ഫൗണ്ടേഷൻ കനകപ്പലം – വെച്ചൂച്ചിറ വനപാതയിൽ നിന്ന് 55 ടൺ മാലിന്യം നീക്കം ചെയ്ത് റോഡ് അരികിൽ ക്യാമറകൾ സ്ഥാപിക്കുകയും ചെടികൾ വച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ റോഡിൽ പിന്നീട് കഴിഞ്ഞ ഒരു വർഷമായി മാലിന്യം തള്ളൽ ഇല്ലാതായി. പകരം ഇവിടെ തള്ളിയിരുന്ന മാലിന്യം മറ്റ് വനമേഖലകളിൽ തള്ളാൻ തുടങ്ങി. പ്ലാച്ചേരി – കനകപ്പലം റോഡിലെ മാലിന്യം നീക്കി ഇവിടെ ക്യാമറകൾ സ്ഥാപിക്കാൻ വനംവകുപ്പും സന്നദ്ധ സംഘടനകളും ചേർന്ന് പദ്ധതി തയാറാക്കി. വനപാത ശുചിയാക്കി 23 ടൺ മാലിന്യം നീക്കം ചെയ്തു.
ഇവിടെ സ്ഥാപിക്കുന്ന ക്യാമറകളും സന്നദ്ധ സംഘടന സ്പോൺസർ ചെയ്യാമെന്ന് അറിയിച്ചു. എന്നാൽ, ഇതിൽ സ്ഥാപിക്കാനുള്ള സിം കാർഡുകൾ വനംവകുപ്പിനു ലഭ്യമാക്കാൻ കഴിയാതെ വന്നതോടെ ഇതുവരെ ഇവിടെ ക്യാമറകൾ സ്ഥാപിക്കാൻ കഴിയാതെ വന്നു. ഇതോടെ ഇവിടെ വീണ്ടും ടൺ കണക്കിനു മാലിന്യങ്ങളാണ് ഓരോ ദിവസവും തള്ളുന്നത്.
ക്യാമറ സ്ഥാപിക്കുന്ന റോഡുകൾ
∙ പ്രപ്പോസ് –എംഇഎസ് റോഡ് 3 സ്ഥലങ്ങളിൽ.
∙ ശബരിമല റോഡിലെ മുട്ടപ്പളളി അയ്യനോലി.
∙ വെച്ചൂച്ചിറ റോഡിൽ കുട്ടിവനം ഭാഗത്ത്.
∙ കനകപ്പലം റോഡിൽ പൈൻ വനമേഖലയിൽ.

