Breaking
2 Feb 2026, Mon

വണ്ടൂരിൽ 7.63 കിലോഗ്രാം കഞ്ചാവുമായി 4 അസം, ബംഗാൾ സ്വദേശികൾ പിടിയിൽ

വണ്ടൂർ ∙ 7.63 കിലോഗ്രാം കഞ്ചാവുമായി 4 അസം, ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. അസം നാഗോൺ ഡിങ് ടുക്ക്ടുക്കി സ്വദേശി മുജീബുർ റഹ്മാൻ (34), ബംഗാൾ സ്വദേശികളായ കുച്ച്ബിഹാർ പകിഹാഗ ദിനേശ് ദാസ് (33), ജയ്പായ്ഗുരി നൗയാപര ദബ്ഗ്രാം ജമുന ബിശ്വാസ് (38), മുർഷിദാബാദ് പർഭ കജിപര സലാർ സാഹിദ് അലി (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്നു 32,960 രൂപയും 4 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

എക്സൈസ് ജില്ലാ അന്വേഷണ സംഘത്തിലെ ഉത്തരമേഖലാ സ്ക്വാഡ് ഇൻസ്പെക്ടർ ടി.ഷിജുമോന്റെയും കാളികാവ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.സി.അനീഷിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അസി. എക്സൈസ് ഇൻസ്പെക്ടർ പി.അശോക്, പ്രിവന്റീവ് ഓഫിസർ കെ.എസ്.അരുൺകുമാർ, അഖിൽ ദാസ്, സിഇഒമാരായ കെ.അമിത്ത്, പി.കെ.ശ്രീജ, എക്സൈസ് ഡ്രൈവർ സവാദ് നാലകത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികൾ സ്ഥിരമായി ട്രെയിനിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ദിനേശ് ദാസും ജമുന ബിശ്വാസുമാണ് കടത്തിനു നേതൃത്വം നൽകുന്നത്. മുജീബുർ റഹ്മാനും ഷാഹിദ് അലിയും കാളികാവിൽ നിർമാണത്തൊഴിലാളികളായി ജോലി ചെയ്ത് മറ്റു തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്തുവരികയായിരുന്നു. ഒട്ടേറെ മലയാളികളും ഇവരിൽനിന്ന് കഞ്ചാവ് വാങ്ങിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം വാണിയമ്പലം റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് ഇവരുടെ സംഘത്തിൽപെട്ട മറ്റു 2 പേരെ 5 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. അവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *