ഇന്ത്യയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സിന്റെ (ഡോട്ട്) ഫണ്ടിങ് ഉപയോഗിച്ച് പുതിയ 5ജി ലോ നോയിസ് ആംപ്ലിഫയര്‍ (എല്‍എന്‍എ) സ്വന്തമായി വികസിപ്പിച്ചിരിക്കുകയാണ്, വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സിലിസിയം സര്‍ക്യൂട്ട്‌സ്. ഫ്രണ്ട്-എന്‍ഡ് മൊഡ്യൂള്‍ (എഫ്ഇഎം) എന്നും വിളിക്കപ്പെടുന്ന 5ജി എല്‍എന്‍എ, ശക്തികുറഞ്ഞ 5ജി സിഗ്നലുകള്‍ ഉള്ള ഇടങ്ങളില്‍ അത് ബൂസ്റ്റ് ചെയ്യാന്‍ കഴിവുള്ളതാണ്. ടെക്‌നോളജി മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കാന്‍ രാജ്യം നടത്തുന്ന മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ വിജയത്തിന്റെ ഭാഗമായും പുതിയ ചിപ്പിനെ കാണാം.
നോയിസ് കുറച്ചും, മികച്ച ലീനിയാരിറ്റി കൈവരിച്ചും ബേസ് സ്‌റ്റേഷനുകള്‍ക്ക് ശക്തികുറഞ്ഞ 5ജി സിഗ്നലുകള്‍ പിടിച്ചെടുക്കാനും, പ്രൊസസ് ചെയ്യാനും 5ജി എല്‍എന്‍എ സഹായിക്കുന്നു. പുതിയ ചിപ്പ് വികസിപ്പിക്കുന്നതില്‍ തങ്ങള്‍ പല തടസ്സങ്ങളും നേരിട്ടു എന്ന്, സിലിസിയം സര്‍ക്യൂട്ട്‌സ് സഹസ്ഥാപകനും, മേധാവിയുമായ റിജിന്‍ ജോണ്‍ പറഞ്ഞു. ഒരു ഇന്ത്യന്‍ ഫാബ്‌ലെസ് സ്റ്റാര്‍ട്ടപ്പിന് മറികടക്കാനാകാത്ത തരത്തിലുള്ള വെല്ലുവിളികളായിരുന്നു തങ്ങള്‍ക്കു മുന്നില്‍ ഉണ്ടായിരുന്നത്. അവസാനം അവയെല്ലാം തരണംചെയ്ത് ഉല്‍പ്പന്നം പുറത്തിറക്കി, അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയത് 2022-ല്‍ ആയിരുന്നു. അതിന്റെ രൂപകൽപ്പന 2023-ല്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, ചിപ്പ് ഉല്‍പ്പന്നമാക്കാന്‍ ഇത്രകാലം കാത്തിരിക്കേണ്ടി വന്നു. പക്ഷെ, ഇത്തരത്തിലുള്ള ഓരോ വെല്ലുവിളിയും ഓരോ പുതിയ പാഠവും തങ്ങളെ പഠിപ്പിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന് തങ്ങള്‍ക്ക് ഒരു പൂര്‍വ്വോദാഹരണമായി മാറിയിരിക്കുകയാണ് ഇത്. ചിപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി കാത്തിരുന്നത് വെറുതെയായില്ല. ടീം സിലിസിയം സര്‍ക്യൂട്ട്‌സിന് ഇത് ആഘോഷത്തിന്റെ നിമിഷങ്ങളാണ്, റിജിന്‍ പറയുന്നു. തങ്ങളുടെ ചിപ്പിന്റെ പണി പൂര്‍ത്തിയായി എത്തിയപ്പോള്‍ ടീം അംഗങ്ങള്‍ എല്ലാവരും ഒത്തു ചേരുകയും ‘ഹാപ്പി ബര്‍ത്ത്‌ഡേ’ പാടി, അത് അണ്‍ബോക്‌സ് ചെയ്തുമാണ് അവര്‍ തങ്ങളുടെ വിജയം ആഘോഷിച്ചത്.
അഭിമാനിക്കാം!
സിലിസിയം സര്‍ക്യൂട്ട്‌സ് ഇൻകുബേറ്റ് ചെയ്തിരിക്കുന്നത് ഐഐടി ഹൈദ്രാബാദ് ഫാബ്‌സി (FabCI), മേക്കര്‍ വില്ലേജ്, കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍, രാജഗിരി ഇൻകുബേഷൻ സെന്റർ എന്നിവിടങ്ങളിലാണ് എന്നത് കേരളത്തിനും അഭിമാനം പകരുന്നു. കമ്പനിയുടെ ലക്ഷ്യം സെമികണ്ടക്ടർ ഡൊമൈനിലെ വയര്‍ലെസ് വിഭാഗത്തിലാണ്. അതില്‍ തന്നെ, അനലോഗ്, റേഡിയോ ഫ്രീക്വന്‍സി (ആര്‍എഫ്) മിക്‌സഡ്-സിഗ്നല്‍ ടെക്‌നോളജീസ് എന്നിവയിലാണ്. സിലിസിയം സര്‍ക്യൂട്ട്‌സിന്റെ റീസേര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ടീം അംഗങ്ങളിലേറെയും കൊച്ചിയിലെ ശാഖയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ശക്തിയില്ലാത്ത സിഗ്നലുകള്‍ മാത്രം ലഭിക്കുന്നിടത്തു പോലും മികച്ച കണക്ടിവിറ്റി നല്‍കുന്നതിനും, സംസാര സ്ഫുടത കിട്ടുന്നതിനും, ശക്തിയേറിയ നെറ്റ്‌വര്‍ക്ക് പെര്‍ഫോര്‍മന്‍സ് നല്‍കുന്നതിനും പുതിയ ചിപ്പിന് സാധിക്കുമെന്നാണ് അതിന്റെ ഗുണപരിശോധന നല്‍കുന്ന സൂചന. ചിപ്പിന് മള്‍ട്ടി-ബാന്‍ഡ് ഡിസൈനും, ഇന്റഗ്രേറ്റഡ് ആംപ്ലിഫിക്കേഷന്‍ ഘടനയുമാണ് നല്‍കിയിരിക്കുന്നത്. അതുവഴി കാര്യക്ഷമത ഉറപ്പാക്കാനും, കുറഞ്ഞ ചെലവില്‍ ചിപ്പ് നിര്‍മ്മിച്ചെടുക്കാനും സാധിക്കും. മികച്ച പ്രകടനം വേണ്ട കമ്മ്യൂണിക്കേഷന്‍സ് സിസ്റ്റങ്ങളില്‍ പുതിയ ചിപ്പ് ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.
സങ്കീര്‍ണമായ ആര്‍എഫ് സൊലൂഷന്‍സ് എങ്ങനെ ഇന്ത്യയില്‍ തന്നെ വികസിപ്പിക്കാന്‍ സാധിക്കുമെന്നാണ് തങ്ങളുടെ ഉത്സാഹികളായ ടീം അംഗങ്ങള്‍ കാട്ടിത്തന്നിരിക്കുന്നത് എന്ന് സിലിസിയം സര്‍ക്യൂട്ട്‌സ് സഹസ്ഥാപകനും, ചീഫ് ടെക്‌നോളജി ഓഫിസറുമായ ഡോ. അരുണ്‍ അശോക് പറഞ്ഞു. തങ്ങള്‍ ഉരുത്തിരിച്ചെടുത്ത ഈ എല്‍എന്‍എ ആര്‍ക്കിടെക്ചര്‍ വിവിധ ഡൊമൈനുകള്‍ക്ക് പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
5ജി ബേസ് സ്റ്റേഷനുകള്‍ മുതല്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് വരെയും, നാവിക് (NavIC) നാവിഗേഷന്‍ സിസ്റ്റങ്ങളിലും ഒക്കെ ഇത് ഉപയോഗിക്കാനാകും. വാണിജ്യ ആവശ്യങ്ങള്‍ക്കു പുറമെ പ്രതിരോധ മേഖലയിലും ഇത് പ്രയോജനപ്പെടുത്താനാകുമെന്നും ഡോ. അരുണ്‍ പറഞ്ഞു. ഇത്തരം ഒരു ചിപ്പ് വികസിപ്പിച്ചെടുക്കാന്‍ സാധിച്ച ടീമിന്റെ ഉള്‍ക്കാഴ്ച്ചയെയും, പ്രശ്‌നപരിഹാര ശേഷിയേയും അദ്ദേഹം പുകഴ്ത്തി. ഈ വിജയം സിലിസിയം സര്‍ക്യൂട്ട്‌സ് ടീമിന്റെതാണെന്നും ഡോ. അരുണ്‍ പറഞ്ഞു.
ഇന്ത്യയില്‍ തന്നെ സെമികണ്ടക്ടർ നിര്‍മ്മിച്ചെടുക്കുക എന്ന നീക്കത്തിനു ലഭിച്ചിരിക്കുന്ന വലിയൊരു മുതൽക്കൂട്ടാണ് സിലിസിയം സര്‍ക്യൂട്ട്‌സിന്റെ നേട്ടം. ചിപ്പ് പൂര്‍ണ്ണമായും രാജ്യത്തു തന്നെ രൂപകൽപ്പന ചെയ്‌തെടുത്തതാണ്. അതിന്റെ ലേഔട്ട് അടക്കം ഇവിടെ നടത്തി. എന്നാല്‍, അത് നിര്‍മ്മിച്ചെടുത്തത് ഇന്ത്യയ്ക്കു വെളിയിലാണെന്നും സിലിസിയം സര്‍ക്യൂട്ട്‌സ് പറയുന്നു.–
ഇന്ത്യയില്‍ തന്നെ ചിപ്പുകള്‍ നിര്‍മ്മിച്ചെടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് രാജ്യത്തെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളും, സ്‌കീമുകളും പരസ്പരം സഹായകമാകുന്നു എന്നുള്ളതിന്റെ തെളിവുമാണ് സിലിസിയം സര്‍ക്യൂട്ട്‌സിന്റെ വിജയം. ചിപ്പ് വികസിപ്പിക്കാനുള്ള ഫണ്ട് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്നവേഷന്‍സ് സ്‌ക്വയറില്‍ (ഡിസിഐഎസ്) പെടുത്തി അനുവദിച്ചത് ഡോട്ട് ആണ്. ഇലക്ട്രോണിക് ഡിസൈന്‍ ഓട്ടോമേഷന്‍ (ഇഡിഎ) ടൂളുകള്‍ നല്‍കിയത് ഐഐടി ഹൈദ്രാബാദ് ഫാബ്‌സി ആണ്. ഇത് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (ഡിഎല്‍ഐ) സ്‌കീമില്‍ പെടുത്തിയായിരുന്നു.
സിലിസിയം സര്‍ക്യൂട്ട്‌സ് ടീമിന്റെ ആള്‍ബലം 26 ആണെങ്കിലും എല്ലാക്കാര്യത്തിലും ഒറ്റക്കെട്ടായി നില്‍ക്കാന്‍ സാധിക്കുന്നത് മികച്ച വിജയങ്ങള്‍ക്ക് വഴിവയ്ക്കുന്നു എന്ന് റിജിന്‍ പറയുന്നു. ഇപ്പോള്‍ ആഗോള തലത്തില്‍ സെമികണ്ടക്ടർ മേഖലയിലുള്ള 20 ശതമാനം പ്രഗത്ഭരും (ഏകദേശം 1.25 ലക്ഷം പ്രൊഫഷണലുകള്‍) ഇന്ത്യയിലാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഇവരില്‍ 10 ശതമാനം പേരെയെങ്കിലും ഒരുമിപ്പിക്കാന്‍ സാധിച്ചാല്‍ അത് അത്ഭുതം തന്നെ പ്രവര്‍ത്തിക്കുമെന്നും റിജിന്‍ അഭിപ്രായപ്പെട്ടു.
ഉന്നത ഗുണനിലവാരമുളള ഗാലിയം ആര്‍സണൈഡ് (Gallium Arsenide (GaAs)) ഉപയോഗിച്ചാണ് 5ജി എല്‍എന്‍എ നിര്‍മ്മിച്ചിരിക്കുന്നത്. വരുംതലമുറ വയര്‍ലെസ് സിസ്റ്റങ്ങളുടെ നിര്‍മ്മാണത്തിന് നിര്‍ണ്ണായകമാകാന്‍ പോകുന്നതാണ് മികച്ച സെമികണ്ടക്ടർ നിര്‍മ്മാണ വസ്തുവായ ഗാലിയം ആര്‍സണൈഡ്. ഇത്തരം സാങ്കേതികവിദ്യകള്‍ പ്രാദേശികമായി ഉണ്ട് എന്നത് ആര്‍എഫ് ഡിസൈന്‍, ഫാബ്രിക്കേഷന്‍ മേഖലകളില്‍ രാജ്യാന്തര നിലവാരമുള്ള ഒരു രാജ്യമായി ഇന്ത്യയെ മാറ്റിക്കൊണ്ടിരിക്കുന്നു.
സിലിസിയം സര്‍ക്യൂട്ട്‌സിന്റെ നേട്ടങ്ങള്‍ ദേശീയ തലത്തില്‍ തന്നെ അംഗീകരിക്കപ്പെടുന്നു. ചിപ്പ്-ടു-സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം (സി2എസ്), സമൃദ്ധ് (Samridh) സ്‌കീം, ഡിസൈന്‍-ലിങ്ക്ഡ്-ഇന്‍സെന്റീവ് (ഡിഎല്‍ഐ) പ്രോഗ്രാം എന്നിവയെല്ലാം അംഗീകരിച്ചു കഴിഞ്ഞു.
ഫണ്ട് അനുവദിച്ച് ഡോട്, അതിനും മേൽ വിശ്വാസം
ടെലികോം ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് 7.59 കോടി രൂപ സിലിസിയം സര്‍ക്യൂട്ട്‌സിന് അനുവദിച്ചു. ഇത് ലോ എര്‍ത്ത് ഓര്‍ബിറ്റ് (ലിയോ) സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ചിപ്പ്‌സെറ്റുകള്‍ വികസിപ്പിക്കാനാണ്. ഇതും സ്‌പേസ് കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ രാജ്യം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന നേട്ടങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ്. ലഭിച്ചിരിക്കുന്ന ഗ്രാന്റിനേക്കാളേറെ, തങ്ങളിലുള്ള വിശ്വാസമാണ് കാര്യമായി എടുക്കേണ്ടത്, റിജിന്‍ പറയുന്നു. കടുത്ത വിലയിരുത്തലുകള്‍ക്ക് ശേഷമാണ് ഇത്രയും വലിയ ഫണ്ട് ഡോട്ട് അനുവദിച്ചത്. അത് രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ഇടയില്‍ സിലിസിയം സര്‍ക്യൂട്ട്‌സിനുള്ള പ്രാധാന്യവും വിശ്വാസ്യതയും അടിവരയിട്ടു കാണിക്കുന്നു. നേട്ടം കൈവരിക്കാനായി തങ്ങള്‍ അര്‍പ്പണബോധത്തോടെയും, ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കും എന്നതും ഡോട്ട് കണക്കിലെടുത്തിരിക്കുമെന്നും, അദ്ദേഹം പറഞ്ഞു.–
സാറ്റലൈറ്റ്-കേന്ദ്രീകൃത ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിക്കു വേണ്ട ചിപ്പുകളാണ് നിര്‍മ്മിക്കുന്നത്. നഗരങ്ങളെപ്പോലെ തന്നെ ഉള്‍പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ബന്ധം ദൃഢപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. തങ്ങള്‍ക്കു കിട്ടിയ ധനസഹായം ഉപയോഗിച്ച് സിലിസിയം സര്‍ക്യൂട്ട്‌സ് 13 പ്രൊപ്രൈറ്ററി ഐപികള്‍ ആണ് വികസിപ്പിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം ഇതിനോടകം പൂര്‍ത്തീകരിച്ചു. ഒരു ഡിസൈന്‍ അടുത്തിടെ ഫാബ്രിക്കേഷന് അയച്ചും കഴിഞ്ഞു. ‘രാജ്യത്തിന് സെമികണ്ടക്ടർ നിര്‍മ്മാണ മേഖലയില്‍ ശേഷി വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം,’ എന്നും ഡോ. അരുണ്‍ പറഞ്ഞു. ഇത് ഇന്ത്യയിലെ വാല്യൂ ചെയിനിന് ശക്തി പകരും. ഇത്തരത്തിലുള്ള ഓരോ വിജയവും വിശാലമായ ആ കാഴ്ചപ്പാടിലേക്ക് ഇന്ത്യയെ അടുപ്പിക്കുന്നു.
സിലിസിയം സര്‍ക്യൂട്ട്‌സിനെ സംബന്ധിച്ച് 5ജി ലോ നോയിസ് ആംപ്ലിഫയര്‍ (എല്‍എന്‍എ) സ്വന്തമായി വികസിപ്പിച്ചെടുക്കാന്‍ സാധിച്ചത് കേവലം സാങ്കേതികവിദ്യാപരമായ ഒരു വിജയം മാത്രമല്ല. കമ്പനിക്ക് സമ്മര്‍ദ്ദത്തിലും പിടിച്ചുനില്‍ക്കാനുള്ള ശേഷി, സഹകരണം എന്നിവയ്‌ക്കൊപ്പം, രാജ്യത്തെ എൻജിനിയറിങ് പ്രാഗത്ഭ്യത്തിന് കിട്ടിയ അംഗീകാരവുമായാണ് കമ്പനി ഈ നേട്ടത്തെ കാണുന്നത്. ഈ ഗംഭീര നേട്ടം ആഘോഷിക്കുന്ന സന്ദര്‍ഭത്തിലും കമ്പനി അതിനെ അന്തിമ വിജയമായല്ല കാണുന്നത്. മറിച്ച്, ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയുടെ വളര്‍ച്ചയുടെ പുതിയ കാലഘട്ടത്തിന്റെ തുടക്കമായാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തരം വിജയങ്ങള്‍ രാജ്യത്തിന്റെ ടെക്‌നോളജി കിരീടത്തിലെ പൊന്‍തൂവലുകളുമാണ്.

