പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്തു സമ്പൂർണമായി നിരോധിക്കാനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ബിൽ ഏറെ പ്രതീക്ഷ പകരുന്നതാണ്. ലോക്സഭ പാസാക്കിയ ബിൽ ഇന്നലെ രാജ്യസഭയും കടന്നിരിക്കുന്നു. ഇനി രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ബിൽ നിയമമാകും. ഓൺലൈൻ മണി ഗെയിമിങ്ങിൽ ലക്ഷങ്ങൾ നഷ്ടമായവരുടെയും ആത്മഹത്യയിലേക്കു നീങ്ങിയവരുടെയും കഥകൾ നമുക്കും അപരിചിതമല്ലാത്തതിനാൽ ആശ്വാസത്തോടെയാണ് കേരളവും ഈ ബില്ലിനെ സ്വാഗതംചെയ്യുന്നത്. സമൂഹത്തിൽ പുതിയ വിപത്തായി മാറിയിരിക്കുകയാണ് ചില ഓൺലൈൻ ഗെയിമുകളോടുള്ള പലരുടെയും കടുത്ത ആഭിമുഖ്യമെന്നതിനാൽ വിശേഷിച്ചും.
പണം നിക്ഷേപിച്ചശേഷം കൂടുതൽ പണം നേടാൻ ലക്ഷ്യമിട്ടു കളിക്കുന്ന ഗെയിമുകളെയാണ് ഓൺലൈൻ മണി ഗെയിമുകളായി പരിഗണിച്ചിരിക്കുന്നത്. ഇവയ്ക്കാണു നിരോധനം. കഴിഞ്ഞ കുറച്ചുവർഷങ്ങളായി പലതരം മാർഗരേഖകളും ചട്ടങ്ങളും കേന്ദ്ര, സംസ്ഥാന തലങ്ങളിൽ കൊണ്ടുവന്നെങ്കിലും ഇവയെല്ലാം ഒരുതരത്തിൽ പരാജയമായിരുന്നു. ഓൺലൈൻ മണി ഗെയിമുകളോടുള്ള ആസക്തിയും സാമ്പത്തികനഷ്ടവും മൂലമുള്ള ആത്മഹത്യകൾക്കുപുറമേ കോടികളുടെ കള്ളപ്പണം വെളുപ്പിക്കലും സർക്കാരുകൾക്കു തലവേദനയായി മാറി.
പല ഗെയിമിങ് കമ്പനികളും രാജ്യത്തിനു പുറത്തുനിന്ന് ഓപ്പറേറ്റ് ചെയ്യുന്നതിനാൽ ഇവയുടെ സാമ്പത്തിക ഇടപാടുകൾക്കുമേൽ മേൽനോട്ടവും ഏറക്കുറെ അസാധ്യമാണ്. ചൂതാട്ടം, വാതുവയ്പ് അടക്കമുള്ള ഗെയിമുകൾ നിയന്ത്രിക്കാൻ രാജ്യമാകെ ഒരു നിയമമില്ലെന്നതായിരുന്നു ഏറ്റവും വലിയ പരിമിതി. 18 വയസ്സിൽ താഴെയുള്ളവർ പണം വച്ച് ഓൺലൈൻ ഗെയിം കളിക്കുന്നത് ഈ വർഷമാദ്യം തമിഴ്നാട് സർക്കാർ നിരോധിച്ചതുപോലെ, സംസ്ഥാനതലത്തിലായിരുന്നു നിയന്ത്രണങ്ങളിൽ ഏറെയും. ലോകമാകെ ലഭ്യമാകുന്ന ഇത്തരം ഗെയിമുകൾ നിയന്ത്രിക്കാൻ സംസ്ഥാന നിയമങ്ങൾ അപര്യാപ്തവുമായിരുന്നു.
ഇതിനു മുൻപ് 2023ൽ ആണ് ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ കേന്ദ്രതലത്തിൽ ഒരു ഏകീകൃതചട്ടം കൊണ്ടുവരുന്നത്. സർക്കാർ നേരിട്ട് ഇടപെടുന്നതിനു പകരം ഗെയിമിങ് മേഖലയിലെ കമ്പനികൾകൂടി ഉൾപ്പെട്ട സ്വയം നിയന്ത്രണ സമിതി (എസ്ആർഒ) വഴിയുള്ള നിയന്ത്രണമാണ് സർക്കാർ മുന്നോട്ടുവച്ചത്. എസ്ആർഒ റജിസ്ട്രേഷനുള്ള ഗെയിമുകൾ മാത്രം ഇന്ത്യയിൽ അനുവദിക്കാനായിരുന്നു നീക്കം. എന്നാൽ, ഈ ശ്രമം പൂർണമായും പരാജയപ്പെട്ടുവെന്നു കേന്ദ്രംതന്നെ പിന്നീടു സമ്മതിച്ചു.
രണ്ടു ലക്ഷം കോടിയോളം രൂപ മൂല്യമുള്ളതാണ് ഇന്ത്യയിലെ ഓൺലൈൻ സ്കിൽ ഗെയിമിങ് എന്നാണ് കമ്പനികൾ അടങ്ങിയ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. 20,000 കോടി രൂപയാണ് പ്രത്യക്ഷവും പരോക്ഷവുമായി സർക്കാരുകളിലെത്തുന്ന നികുതി. ഈ മേഖലയിൽ നേരിട്ടും അല്ലാതെയും ഏകദേശം 2 ലക്ഷം തൊഴിലുകളുണ്ടെന്നും പറയപ്പെടുന്നു. നിരോധനം വൻതോതിൽ പ്രത്യാഘാതമുണ്ടാക്കുമെന്നു വിലയിരുത്തലുണ്ടായപ്പോഴും, മണി ഗെയിമുകൾ സമൂഹത്തിലുണ്ടാക്കുന്ന വെല്ലുവിളികൾ ഇതിനപ്പുറമായതിനാലാണ് കേന്ദ്രം ഇത്തരമൊരു നിരോധനത്തിലേക്കു നീങ്ങിയതെന്നാണ് ഐടി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.
പുതിയ നിയമമനുസരിച്ച്, നിരോധനത്തിനു ശേഷവും ഓൺലൈൻ മണി ഗെയിമുകൾ നടത്തുന്നവർക്കും ഗെയിമുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾക്കു സൗകര്യമൊരുക്കുന്ന ധനകാര്യസ്ഥാപനങ്ങൾക്കും മൂന്നു വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്കു കടുത്തശിക്ഷയുമുണ്ട്. ഇത്തരം കമ്പനികളിൽനിന്നു ലക്ഷങ്ങൾ വാങ്ങി യുവതലമുറയെ വഴിതെറ്റിക്കുന്ന ഡിജിറ്റൽ ഇൻഫ്ലുവൻസർമാർക്കു മൂക്കുകയറിടാനും പുതിയനിയമം ലക്ഷ്യമിടുന്നു. നിരോധിച്ചിട്ടും ഗെയിമുകൾ ഓൺലൈനായി ലഭ്യമാക്കിയാൽ ഐടി നിയമത്തിലെ 69എ വ്യവസ്ഥ ഉപയോഗിച്ച് പ്ലാറ്റ്ഫോം ബ്ലോക്ക് ചെയ്യാനും കഴിയും.
എന്നാൽ, ഓൺലൈൻ ഗെയിമുകൾക്കു പൂർണനിരോധനമെന്ന് പുതിയനിയമംകൊണ്ട് അർഥമില്ല. ഇ–സ്പോർട്സ് എന്ന വിഭാഗത്തിൽ വരുന്ന ഗെയിമുകൾക്കു നിരോധനവുമില്ല. ഇവ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുമുണ്ടാകുമെന്നാണ് കേന്ദ്രം ബില്ലിൽ പറഞ്ഞിരിക്കുന്നത്. നിശ്ചിത സ്പോർട്സ് ഫെഡറേഷനുകളുടെ അംഗീകാരമുള്ളതും നൈപുണ്യം അടിസ്ഥാനമാക്കിയുള്ളതുമാണ് ഇ–സ്പോർട്സ്. ചൂതാട്ടം, വാതുവയ്പ് എന്നിവ ഇതിൽ പാടില്ല. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനുള്ള നീക്കം പ്രതീക്ഷ പകരുന്നതാണെങ്കിലും അനധികൃതവും നിയമവിരുദ്ധവുമായ പ്ലാറ്റ്ഫോമുകളിലേക്കു യുവജനങ്ങൾ ചേക്കേറാൻ ഇതു വഴിവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുകകൂടി വേണം.

