Breaking
5 Feb 2026, Thu

മൊബൈൽ ക്യാമറയിലെ ‘മാന്ത്രികവിദ്യ’യിൽ താരമായി ഒരു വീട്ടമ്മ; ദുബായിലെ തിരക്കേറിയ ജീവിതത്തിലും ഹൃദയത്തോട് ചേർത്ത് ‘ഹോബി’

ദുബായ് ∙ പ്രകൃതി സൗന്ദര്യവും വിസ്മയങ്ങളും തേടിപ്പിടിച്ച് തന്റെ കുഞ്ഞു ക്യാമറക്കണ്ണിലൂടെ അതിമനോഹരമായ ദൃശ്യങ്ങളാക്കി മാറ്റുകയാണ് ദുബായിലെ മലയാളി വീട്ടമ്മ നിസ ബഷീർ. കാഴ്ചകളെ ഹൃദയത്തോട് ചേർത്ത്, ഓരോ നിമിഷത്തെയും ഫ്രെയിമുകളിലാക്കി, പ്രകൃതിയൊരുക്കുന്ന വിസ്മയ ലോകം തന്റെ മൊബൈൽ ഫോണിലൂടെ പകർത്തി പുതിയ തലമുറയ്ക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഈ കലാകാരി. ഇത്തരത്തിൽ ക്യാപ്ഷനടക്കം അൻപത് ചിത്രങ്ങളുടെ പ്രദർശനം ദുബായ് സിലിക്കൺ ഒയാസിസിലെ സർവകലാശാല കലാ-സംഗീത പഠന കേന്ദ്രത്തിൽ നടന്നുവരുന്നു.

കപ്പലിൽ സഹപ്രവർത്തകയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് കടലിൽ ചാടി മരിച്ചു

കാവൽക്കാരായി സ്രാവുകൾ, ‘നിഷ്ഠൂരന്മാരെ’ പാർപ്പിക്കുന്ന ഏറ്റവും സുരക്ഷയുള്ള ജയിൽ; ആ തടവറ വീണ്ടും തുറക്കാൻ ട്രംപ്

സാധാരണക്കാർക്ക് ഒരുപക്ഷേ കണ്ണിൽപ്പെടാതെ പോകുന്ന അനേകം കാഴ്ചകളുണ്ട് പ്രകൃതിയിൽ. ഒരു പുലർകാലത്തെ മഞ്ഞുതുള്ളിയിൽ പ്രതിഫലിക്കുന്ന സൂര്യരശ്മികൾ, ചെറുപൂക്കളിൽ തേൻ നുകരുന്ന ചിത്രശലഭം, ഒറ്റയ്ക്ക് പറന്നുപോകുന്ന മേഘശകലങ്ങൾ, അസ്തമയ സൂര്യന്റെ ചുവപ്പ് രാശിയിൽ കുളിച്ചുനിൽക്കുന്ന മരുഭൂമി – നിസയുടെ ക്യാമറയിൽ ഇതെല്ലാം ജീവൻ വച്ച ചിത്രങ്ങളായി മാറുന്നു. ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനും അതിലെ സൗന്ദര്യത്തെ അതുപോലെ പകർത്തിയെടുക്കാനുമുള്ള നിസയുടെ കഴിവ് എടുത്തുപറയേണ്ടതാണ്.

വീട്ടുജോലികൾക്കിടയിലും കുടുംബപരമായ ഉത്തരവാദിത്തങ്ങൾക്കിടയിലും ലഭിക്കുന്ന ഓരോ ഒഴിവുസമയവും നിസ ക്യാമറയുമായി പുറത്തിറങ്ങും. നാട്ടിലായിരിക്കുമ്പോഴും ദുബായിലെ തിരക്കേറിയ ജീവിതത്തിനിടയിലും പ്രകൃതിയുടെ ശാന്തമായ കോണുകൾ കണ്ടെത്താനും അവിടുത്തെ മനോഹാരിത ഒപ്പിയെടുക്കാനും അവർക്ക് സാധിക്കുന്നു. ഇത് കേവലം ഒരു ഹോബി എന്നതിലുപരി പ്രകൃതിയോടുള്ള ആഴമായ സ്നേഹത്തിന്റെയും കലയോടുള്ള അഭിനിവേശത്തിന്റെയും പ്രതിഫലനമാണ്.

നിസാ ബഷീർ തന്റെ ചിത്രങ്ങൾക്ക് മുൻപിൽ. ചിത്രം: മനോരമ

∙ വയനാട് ചുരത്തിൽ നിന്ന് പകർത്തിയ ജീവനുള്ള ചിത്രം

ചെറുപ്പകാലത്ത് ഫൊട്ടോഗ്രഫിയിൽ തത്പരനായ ബന്ധു ബൈജുരാജ് എടുത്ത പ്രകൃതിയുടെ ചിത്രങ്ങൾ കണ്ടപ്പോഴാണ് നിസയിലും ഇത്തരമൊരു ആഗ്രഹം മൊട്ടിട്ടത്. പിന്നീട് കുറേക്കാലം കഴിഞ്ഞാണ് അത് സാധ്യമായതെന്ന് മാത്രം. വലിയ ക്യാമറ കൊണ്ടുനടക്കാനുള്ള പ്രയാസം മൂലം മൊബൈൽ ഫോണിൽ പകർത്താൻ അങ്ങനെയാണ് തീരുമാനിച്ചത്.

നിസാർ ബഷീർ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം. ചിത്രം: നിസാ ബഷീർ

ഒരിക്കൽ വയനാട് വൈത്തിരിയിൽ നിന്ന് സ്വന്തം നാടായ കോഴിക്കോട് ചെലവൂരിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ ചുത്തിന് താഴെ അടിവാരത്തിൽ കണ്ട മനോഹരമായ പള്ളി തന്റെ സാംസങ് എസ്23 അൾട്രാ ക്യാമറയിൽ പകർത്തിയപ്പോൾ അതിൽ അറിയാതെ ഇടം നേടിയ കുരങ്ങുകൾ ആ ചിത്രത്തിന് അപൂർവഭംഗി നൽകി. പിന്നീട്, കേരളത്തിൽ പൂമ്പാറ്റകൾ ഏറെയുള്ള വയനാട്ടിൽ നിന്ന് ഒട്ടേറെ ചിത്രങ്ങൾ പകർത്തി.

നിസാർ ബഷീർ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം. ചിത്രം: നിസാ ബഷീർ

വ്യത്യസ്തമാർന്ന പൂമ്പാറ്റകളുടെ ഫോട്ടോകളുടെ ശേഖം തന്നെ നിസയുടെ കൈയിലുണ്ട്. കൂടാതെ തുമ്പികളുടെയും മഴത്തുള്ളികളുടെയും ഫോട്ടോകളാണ് കൂടുതലും. ഇലയിലും പൂക്കളിലും പതിയുന്ന മഴത്തുള്ളികൾ മനുഷ്യന്റെ മൂഡിനനുസരിച്ച് വേറിട്ട ഭംഗി സമ്മാനിക്കുമെന്ന് കവയിത്രി കൂടിയായ നിസ പറയുന്നു. ദേഷ്യം, സങ്കടം, സന്തോഷം എന്നീ വികാരങ്ങളിലൂടെ കടന്നുപോകുമ്പോൾ മഴത്തുള്ളികൾ അതെല്ലാം ഉൾക്കൊള്ളുന്നതായി നമുക്ക് തോന്നും. അതെല്ലാം ക്യാമറയ്ക്കുള്ളിലാക്കുമ്പോഴുള്ള നിർവൃതി അനിർവചനീയമാണ്. ഇത്തരത്തിലുള്ള ആയിരത്തിലേറെ ചിത്രങ്ങൾ നിസയുടെ ശേഖരത്തിലുണ്ട്.

നിസാർ ബഷീർ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം. ചിത്രം: നിസാ ബഷീർ

∙ കാലത്തെ ഒരു നിമിഷം നിശ്ചലമാക്കുന്ന മാന്ത്രികവിദ്യ

പ്രകൃതിയുടെ ഓരോ ഫോട്ടോയും കാലത്തെ ഒരുനിമിഷം നിശ്ചലമാക്കുന്ന മാന്ത്രികവിദ്യയാണ്. ക്യാമറക്കണ്ണുകൾ തേടിയെത്തുന്നത് വെറുമൊരു ദൃശ്യമല്ല, കാലം ഒളിപ്പിച്ച നിമിഷങ്ങളാണ്. ഒരു പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിയിൽ മായാതെ നിൽക്കുന്ന പുലരിയുടെ ഓർമ. അസ്തമനസൂര്യൻ ചുവപ്പണിയിച്ച കടൽത്തീരത്ത് അന്നത്തെ സന്ധ്യ മായുന്നില്ല.

നിസാർ ബഷീർ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം. ചിത്രം: നിസാ ബഷീർ

ഇടതൂർന്ന കാടുകളിൽ വൃക്ഷങ്ങളുടെ ഹൃദയം തുടിക്കുന്ന ഒരു നിമിഷം തങ്ങിനിൽക്കുന്നു. ചിറകടിച്ച് പറന്നുയരുന്ന കിളിയും പൂമ്പൊടി നുകരുന്ന ചിത്രശലഭവും – അവർ പറന്നുപോയെങ്കിലും ചിത്രം ജീവിക്കുന്നു.

നിസാർ ബഷീർ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം. ചിത്രം: നിസാ ബഷീർ

പ്രകൃതിയുടെ ഭാവപ്പകർച്ചകൾ, ഓരോ ഋതുഭേദങ്ങൾ എല്ലാം ഫ്രെയിമുകളിൽ അനശ്വരമാകുന്നു. ഫോട്ടോകൾ ഓർമപ്പെടുത്തുന്നു, സൗന്ദര്യം മായുന്നതല്ല, അത് പകർത്തിവയ്ക്കാവുന്നതാണെന്ന്. ഓരോ ചിത്രവും ഒരു കഥ പറയുന്നു, കാലത്തിന്റെ ഒഴുക്കിൽ തങ്ങിനിൽക്കുന്ന ഒരു നിമിഷത്തിന്റെ കഥ.

നിസയുടെ മൊബൈൽ ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഓരോ ചിത്രവും കാണുന്നവരുടെ മനസ്സിൽ പ്രകൃതിയോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കാനും ചുറ്റുമുള്ള സൗന്ദര്യത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനും സഹായിക്കുന്നു. ക്യാമറ ഒരു ഉപകരണം മാത്രമാക്കി പ്രകൃതിയെ ഹൃദയത്തിൽ തൊട്ടറിഞ്ഞ് പകർത്തുന്ന ഈ വീട്ടമ്മ, ഫൊട്ടോഗ്രഫി ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തുകയാണ്. നിസയുടെ കലാപ്രവർത്തനത്തിന് മക്കളായ ഫർസാന അരുൺ, അഫ്സാന മൻസൂർ എന്നിവരുടെ പൂർണപിന്തുണയുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *