Breaking
5 Feb 2026, Thu

മണ്ണിനടിയിൽപെട്ട ജീവൻ തിരിച്ചറിയും ‘റീസീറോ’; സെൻസർ തിരിച്ചറിയും, പ്രകൃതിദുരന്തം

ഒറ്റപ്പാലം∙ ദുരന്തഭൂമികളിൽ മണ്ണിനടയിൽപ്പെട്ടു പോകുന്നവരിൽ ചിലരെയെങ്കിലും ആദ്യ മണിക്കൂറുകളിൽ തിരിച്ചറിഞ്ഞാൽ രക്ഷപ്പെടുത്താൻ കഴിയില്ലേ? കഴിയുമെന്നാണ് ഒറ്റപ്പാലം ലക്ഷ്മിനാരായണ വിദ്യാനികേതനിലെ അഭിഷേക് ചന്ദ്രന്റെയും ഹിസ ഷാനവാസിന്റെയും കണ്ടുപിടിത്തം. ഇൻഫ്രാറെഡ് റേഡിയേഷൻ ഉപയോഗിച്ചു ജീവന്റെ തുടിപ്പു തിരിച്ചറിയാവുന്ന ‘റീസീറോ’ എന്നു പേരിട്ട സംവിധാനമാണ് ഇരുവരും ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്‌സ് ശാസ്‌ത്രമേളയിൽ പരിചയപ്പെടുത്തിയത്. പ്രവർത്തനമാതൃക കാറ്റഗറി മൂന്നിൽ മത്സരിച്ച ടീമിന് ഒന്നാം സ്ഥാനവും ലഭിച്ചു.

ഒരു റോബട്ടിനെ ഉണ്ടാക്കുന്നോ, ഇതാ കിറ്റ് റെഡി…; 201 ഹൈസ്കൂളുകൾക്ക് 3083 റോബട്ടിക് കിറ്റുകൾ വിതരണം ചെയ്ത് കൈറ്റ്

ഇൻഫ്രാറെഡ് തെർമൽ സ്കാനർ സംവിധാനം വഴിയാണു ജീവന്റെ തുടിപ്പു തിരിച്ചറിയാനാകുക. പിന്നീട് ജിപിആർ (ഗ്രൗണ്ട് പെനിട്രേഷൻ റഡാർ) ഉപയോഗിച്ചു കൃത്യമായ സ്ഥലം കണ്ടെത്തി ദുരന്തത്തിൽപ്പെടുന്നവരെ പുറത്തെത്തിക്കാനാകും. ‘റീസീറോ’ സംവിധാനം വെള്ളത്തിലും കരയിലും ഉപയോഗിക്കാനാകുമെന്നു വിദ്യാർഥികൾ വിശദീകരിച്ചു. കഴിഞ്ഞ വർഷം മണ്ണി‌ടിച്ചിലിൽപ്പെട്ടു മരിച്ച അർജുന്റെ രക്ഷാദൗത്യത്തിലെ പ്രതിസന്ധി കണ്ടാണു പുതിയ ആശയം മനസ്സിൽ തോന്നിയതെന്ന് ഇരുവരും വിശദീകരിച്ചു.

∙ സെൻസർ തിരച്ചറിയും, പ്രകൃതിദുരന്തം

മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ഭാര്യയും ഉറ്റവരും ഉൾപ്പെടെ 11 പേരെ നഷ്ടപ്പെട്ട നൗഫലിനെ മലയാളി മറന്നുകാണില്ല. ദുരന്തം വേട്ടയാടിയ നൗഫലിന്റെ കുടുംബത്തിലെ ഇളമുറക്കാരൻ പി.മുഹമ്മദ് ഷഹബാസും സഹപാഠി കെ.വി.ഫെബിനും ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്‌സ് ശാസ്‌ത്രമേളയിൽ അവതരിപ്പിച്ചതു പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ കഴിയുന്ന പ്രവർത്തനമാതൃക.

ഷഹബാസിന്റെ അമ്മൂമ്മയുടെ സഹോദരീപുത്രി സജിനയുടെ ഭർത്താവാണു നൗഫൽ. സജിനയും മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ 11 പേരെയാണു ദുരന്തം തട്ടിയെടുത്തത്. വിദേശത്തായിരുന്ന നൗഫൽ മാത്രം രക്ഷപ്പെട്ടു. അന്നു ചൂരൽമലയിലേക്കു കുടുംബത്തോടൊപ്പം പോയ ഷഹബാസിന്റെ മനസ്സിൽ നിന്നു ദുരന്തത്തിന്റെ നടുക്കുന്ന കാഴ്ചകൾ ഇപ്പോഴും മാഞ്ഞിട്ടില്ല. ഇതായിരുന്നു ‘ഡിസാസ്റ്റർ അലർട്ട് സിസ്റ്റം’ എന്ന ആശയം രൂപപ്പെടുത്താനുള്ള പ്രേരണ. ജലാശയങ്ങളിൽ സ്ഥാപിക്കുന്ന വാട്ടർ ലെവൽ സെൻസർ വഴിയാണു സംവിധാനത്തിന്റെ പ്രവർത്തനം

ജലാശയങ്ങളിൽ വെള്ളം ക്രമാതീതമായി ഉയരുമ്പോൾ സമീപവാസികൾക്കു മുന്നറിയിപ്പു ലഭിക്കുന്ന സംവിധാനമാണു കൂറ്റനാട് കെന്റ് പബ്ലിക് സ്കൂൾ വിദ്യാർഥികളായ ഷഹബാസും ഫെബിനും പരിചയപ്പെടുത്തിയത്. ഭൂമിയിൽ ഉണ്ടാകുന്ന ചെറുചലനങ്ങൾ പോലും തിരിച്ചറിയാനാകുന്ന സെൻസറുകൾ വഴി ഉരുൾപൊട്ടലും ഭൂചലനവുമെല്ലാം നേരത്തെ അറിയിനാകുമെന്നും ജനങ്ങളെ ഒഴിപ്പിക്കാനാകുമെന്നും വിദ്യാർഥികൾ വിശദീകരിക്കുന്നു. സൗരോർജത്തിലും പ്രവർത്തിക്കാവുന്ന സംവിധാനമാണിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *