കൊല്ലങ്കോട് ∙ കർഷകർക്കു സ്വന്തം കൃഷിയിടങ്ങളിൽ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമ സ്യൂഡോമോണാസ് ജീവാണുക്കളെ ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിച്ചു കൊല്ലങ്കോട്ടെ കർഷകരും കൃഷി ഉദ്യോഗസ്ഥരും. കൃഷിയിടങ്ങളിൽ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതു നെന്മേനി നെല്ലുൽപാദക പാടശേഖര സമിതിയിൽ കർഷകരുടെയും കൃഷി വകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തിൽ പരീക്ഷിക്കുകയായിരുന്നു.
കൃഷിഭവനിലെ വിള ആരോഗ്യ കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണു പുതിയ സാങ്കേതികവിദ്യ ഇവിടെ നടപ്പാക്കുന്നത്. ഒരു ഗ്രാം ജീവാണുവിൽ ഏകദേശം 20 ലക്ഷം കോളനി ഫോമിങ് യൂണിറ്റ് എന്നതാണ് ആ ജീവാണുവിന്റെ പ്രവർത്തനക്ഷമത നിർണയിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കർഷകർക്കു തന്നെ 100 ശതമാനം പ്രവർത്തനക്ഷമതയുള്ള ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കാം. ഇലപ്പുള്ളി, വേര് ചീയൽ, ചൂർണ പൂപ്, മൃദുരോമ പൂപ്, വാട്ടം തുടങ്ങിയ രോഗങ്ങൾ ഈ ജീവാണുക്കൾക്കു നിയന്ത്രിക്കാനാവും.
വിത്തു പരിചരണത്തിനു 10 മില്ലി ട്രൈക്കോഡെർമ അല്ലെങ്കിൽ സ്യൂഡോമോണാസ് ഒരു കിലോഗ്രാം വിത്തിന് എന്ന തോതിൽ ഉപയോഗിക്കാം. 30 മിനിറ്റ് പരിചരണത്തിനുശേഷം വിത്തു നടാം. തൈകളാണെങ്കിൽ 10 മില്ലി ട്രൈക്കോഡെർമ / സ്യൂഡോമോണാസ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചതിൽ 30 മിനിറ്റ് മുക്കിവച്ച ശേഷം നടാം. ചെടികളിൽ നേരിട്ട് തളിക്കാൻ 5 മുതൽ 10 മില്ലി വരെ ജീവാണു ലായനി ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തുക.
30 ദിവസം ഇടവേളകളിൽ ട്രൈക്കോഡെർമ അല്ലെങ്കിൽ സ്യൂഡോമോണാസ് വിളകളിൽ പ്രയോഗിക്കുന്ന പക്ഷം രോഗനിയന്ത്രണം സാധ്യമാണ്.കൃഷി ഓഫിസർ ബി.ജ്യോതി, അസിസ്റ്റന്റ് കൃഷി ഓഫിസർ ആർ.പ്രസാദ്, എൻ.എം.അസ്ലം, കെ.ശ്രീജിത്ത്, എസ്.സുപ്രിയ, കർഷകരായ ആർ.കൃഷ്ണകുമാർ, ടി.രാജൻ, വി.ചന്ദ്രൻ, ആർ.നടരാജൻ, ആർ.ചാത്തുക്കുട്ടി എന്നിവർ പങ്കെടുത്തു.

