കോംപാക്ട് എസ്‌യുവി എക്സ്റ്ററിന്റെ 2026ലെ ഫേസ്‌ലിഫ്റ്റഡ് മോഡല്‍ അവതരിപ്പിച്ച് ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ. രൂപത്തിലും സാങ്കേതികവിദ്യയിലും യാത്രാ സുഖത്തിലും സുരക്ഷയിലുമായി 25ഓളം മാറ്റങ്ങളോടെയാണ് പുതു എക്സ്റ്ററിന്റെ വരവ്. എക്‌സ് ഷോറൂം വില 5,79,000 രൂപ മുതലാണ് ആരംഭിക്കുന്നത്. പുറത്തിറങ്ങിയതു മുതല്‍ രണ്ടു ലക്ഷത്തോളം എക്‌സ്റ്റര്‍ വിറ്റിട്ടുള്ള ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ പുതിയ മോഡലിന്റെ വരവോടെ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പെട്രോള്‍ മാനുവല്‍, പെട്രോള്‍ എഎംടി, സിഎന്‍ജി എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിലായി വ്യത്യസ്ത വകഭേദങ്ങളില്‍ ഈ വാഹനം ലഭ്യമാണ്. പെട്രോള്‍ മാനുവലില്‍ അടിസ്ഥാന വകഭേദമായ എച്ച്എക്‌സ് 2 വിന് 5,79,000 രൂപ മുതലും ഉയര്‍ന്ന വകഭേദമായ എച്ച്എക്‌സ് 8ന് 8,35,900 രൂപ മുതലുമാണ് എക്‌സ് ഷോറൂം വില വരുന്നത്. പെട്രോള്‍ എഎംടിയില്‍ 6,90,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന മോഡലായ എച്ച്എക്‌സ് 10 വകഭേദത്തിന് 9,41,900 രൂപയാണ് വില. സിഎന്‍ജി പതിപ്പിന്റെ വില 6,99,900 രൂപ മുതല്‍ 9,40,900 രൂപ വരെയാണ്.
എക്സ്റ്റീരിയറില്‍ മാറ്റങ്ങളോടെയാണ് പുതു എക്സ്റ്റര്‍ വരുന്നത്. മുന്നിലെ ഡിസൈന്‍ പരിഷ്‌ക്കരിച്ചതോടെ കൂടുതല്‍ എസ്‌യുവി ലുക്കിലേക്ക് മാറിയിട്ടുണ്ട്. സെന്റര്‍ ഗാര്‍ണിഷ്, ഗ്രില്‍, ബംപര്‍ എന്നിവയില്‍ മാറ്റങ്ങളുണ്ട്. ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. പിന്നിലേക്കു വരുമ്പോള്‍ വിങ് ടൈപ്പ് സ്‌പോയ്‌ലര്‍, പുതിയ ടെയില്‍ഗൈറ്റ് ഡിസൈന്‍, സി പില്ലറിലെ മാറ്റങ്ങള്‍ എന്നിവയും പുതിയ എക്സ്റ്ററിലുണ്ട്.
സെഗ്മെന്റിലെ ഏറ്റവും കൂടുതല്‍ ഉയരവും വീല്‍ബേസുമുള്ള വാഹനമായി എക്സ്റ്റര്‍ തുടരുകയാണ്. ഇത് എക്സ്റ്ററിന് മികച്ച റോഡ് പ്രസന്‍സും വിശാലമായ കാബിന്‍ സ്‌പേസും നല്‍കുന്നുണ്ട്. 3,830 എംഎം നീളവും 1,723 എംഎം വീതിയും 1,643എംഎം(റൂഫ് റെയില്‍സ് സഹിതം) ഉയരവുമുള്ള വാഹനമാണ് എക്സ്റ്റര്‍. 2,450എംഎം ആണ് വീല്‍ബേസ്.
ADVERTISEMENT
ഉള്ളില്‍ കൂടുതല്‍ പ്രീമിയം ലുക്ക് ഉറപ്പാക്കിയിട്ടുണ്ട്. നേവി ബ്ലൂ, ഗ്രേ നിറങ്ങളിലാണ് ഡ്യുവല്‍ ടോണ്‍ തീം ഒരുക്കിയിട്ടുള്ളത്. ഡാഷ്‌ബോര്‍ഡിലെ 3ഡി കാര്‍ബണ്‍ പാറ്റേണ്‍ ഫിനിഷും സ്‌പോര്‍ട്ടിയായ ഡി കട്ട് സ്റ്റീറിങ് വീലും ശ്രദ്ധിക്കപ്പെടും. ഈ വിഭാഗത്തില്‍ ആദ്യമായി മെറ്റല്‍ പെഡലുകളും എക്സ്റ്ററില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്ക് മടക്കിവെക്കാവുന്ന ആംറെസ്റ്റ്, പുതിയ സീറ്റുകള്‍ എന്നിവയും മുഖം മിനുക്കിയെത്തുന്ന എക്സ്റ്ററിലുണ്ട്. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും പിന്‍ സീറ്റിലെ അഡ്ജസ്റ്റബിള്‍ ഹെഡ്‌റെസ്റ്റുകളും ഇപ്പോള്‍ സ്റ്റാന്‍ഡേഡ് ഫീച്ചറുകളായി എക്സ്റ്ററിലെത്തുന്നു. 391 ലീറ്ററിന്റെയാണ് ബൂട്ട് സ്‌പേസ്.
സെഗ്മെന്റില്‍ ആദ്യമായി ഡാഷ് ക്യാമും വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്‍ സീറ്റിലെ യാത്രികര്‍ക്ക് ടൈപ് സി യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടും പുതുതായെത്തുന്നു. 60ല്‍ അധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായിട്ടാണ് ബ്ലൂലിങ്ക് എത്തുന്നത്. 300ലേറെ വോയ്‌സ് കമാന്‍ഡുകളും പുതിയ എക്സ്റ്ററില്‍ വര്‍ക്കാവും. ഇലക്ട്രിക്ക് സണ്‍റൂഫ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മാപ്പുകള്‍ക്കും ഇന്‍ഫോടെയിന്‍മെന്റിനുമായി ഒടിഎ അപ്‌ഡേറ്റുകള്‍ എന്നിവയും 2026 മോഡല്‍ എക്‌സ്റ്ററിലുണ്ട്.
ADVERTISEMENT
1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് പുതിയ എക്സ്റ്ററിലുമുള്ളത്. മാനുവല്‍ എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. സെഗ്മെന്റില്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കുന്ന ഏക എസ് യുവിയാണ് എക്‌സ്റ്ററെന്നും ഹ്യുണ്ടേയ് ഓര്‍മ്മിപ്പിക്കുന്നു. ഡ്യുവല്‍ സിലിണ്ടര്‍ സെറ്റ്അപ്പിലാണ് എക്സ്റ്റര്‍ സിഎന്‍ജി എത്തുന്നത്. വാഹനത്തിന്റെ സ്‌പെയര്‍ വീല്‍ ബോഡിക്ക് താഴെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ബൂട്ട് സ്‌പേസ് ലാഭിക്കാന്‍ സഹായിക്കുന്നു.
സ്റ്റാന്‍ഡേഡായി എത്തുന്ന 30 സുരക്ഷാ ഫീച്ചറുകള്‍ക്കൊപ്പം 45 ആധുനിക സുരക്ഷാ ഫീച്ചറുകളുമായാണ് എക്സ്റ്ററിന്റെ വരവ്. 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി എല്ലാ മോഡലുകളിലും ലഭ്യമാണ്. ഇലക്ട്രോണിക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെയുള്ള ഫീച്ചറുകളും സുരക്ഷ ഉറപ്പിക്കാന്‍ സഹായിക്കുന്നു. 7 മോണോ ടോണും ഒരു ഡ്യുവല്‍ ടോണും കളര്‍ ഓപ്ഷനുകളാണ് എക്സ്റ്ററിലുള്ളത്. ഗോള്‍ഡന്‍ ബ്രോണ്‍സ്, ടൈറ്റാനിയം ബ്ലാക്ക് മാറ്റ് എന്നിവയാണ് പുതിയ നിറങ്ങള്‍. ടൈറ്റന്‍ ഗ്രേ, അറ്റ്‌ലസ് വൈറ്റ്, സ്‌ട്രേ നൈറ്റ്, ടൈറ്റാനിയം ബ്ലാക്ക്, റേഞ്ചര്‍ കാക്കി എന്നിവയാണ് നിറങ്ങള്‍. ഡ്യുവല്‍ ടോണില്‍ റേഞ്ചര്‍ കാക്കിക്കൊപ്പം റൂഫ് കറുപ്പില്‍ എത്തുന്നു.
ADVERTISEMENT

