Breaking
6 Oct 2026, Tue

യുദ്ധ മുഖത്ത് മുന്നേറുന്ന ഹൂതികൾ, ലക്ഷ്യം സൗദി അറേബ്യ; തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ, പക്ഷേ…

മോ ക്ക കോഫി ലോകം മുഴുവൻ പ്രസിദ്ധം. യെമനിലെ മോക്ക എന്ന തുറമുഖ പട്ടണമാണ് ആ പേരിന് പിന്നിൽ. പേരുകേട്ട യെമനി കോഫിയുടെ ജൻമസ്ഥലം. അറേബ്യൻ ഉപദ്വീപിന്‍റെ വാണിജ്യകേന്ദ്രമായിരുന്നു മോക്ക. കോഫി ലോകരാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത് ഇവിടെ നിന്നാണ്. യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്‍റെ നിയന്ത്രണത്തിലായിരുന്നു മോക്ക കഴിഞ്ഞദിവസം വരെ. ഇന്നത് വിമതരെന്നറിയപ്പെടുന്ന, രാജ്യത്ത് സമാന്തര സർക്കാർ രൂപീകരിച്ച് ഭരിക്കുന്ന ഹൂതികളുടെ കൈയിലാണ്. ഇറാൻ യുദ്ധം വ്യാപിച്ചിരിക്കുന്നു, യെമനിലേക്ക്, ചെങ്കടലിലേക്ക്. ഹൂതികളെ നിയന്ത്രിക്കണമെന്ന് പാകിസ്ഥാൻ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. വകവച്ചിട്ടില്ല ഇറാൻ. പക്ഷേ, അതിനിടെയിൽ മറ്റൊരു സഖ്യം രൂപപ്പെട്ടിട്ടുണ്ട്. സൗദി, പാക്, തുർക്കി സഖ്യം (Mecca Joint Defence Agreement). അതിലാരെ ആക്രമിച്ചാലും സഖ്യത്തിനെതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് ധാരണ. തിരിച്ചടിക്കുന്നത് ഒരുമിച്ചായിരിക്കുമെന്നും. പക്ഷേ, അതിനുശേഷവും സൗദിയെ ആക്രമിക്കുന്നു ഇറാനും, ഇറാന്‍റെ പ്രോക്സിയായ ഹൂതികളും. മുന്നറിയിപ്പ് നൽകിയിരിക്കയാണ് ഇറാൻ. പക്ഷേ, അത് വെറുമൊരു തന്ത്രമെന്ന വിലയിരുത്തലും പുറത്ത് വരുന്നുണ്ട്. പിൻവാങ്ങുന്ന യെമൻ സൈന്യം, മുന്നേറുന്ന ഹൂതികൾ ഹോ‍‍‍‍ർമൂസ് തടസ്സപ്പെട്ട ശേഷം ബാബ് അൽമന്ദബ് ആണ് സൗദി അറേബ്യയുടെയും മറ്റ് ഗൾഫ് രാജ്യങ്ങളുടെയും എണ്ണ കയറ്റുമതിക്കുള്ള ആശ്രയം. യെമൻ തീരത്തോടടുത്താണിത്. ചെങ്കടലും സ്യൂയസ് കനാലും വഴി യൂറോപ്പും ഏഷ്യയുമായി ബന്ധിപ്പിക്കുന്ന കപ്പൽപാത. തീരെ നേർത്തതാണ്. അതുകൊണ്ട് ഗതാഗതത്തിന്‍റെ വേഗം കുറയും. ഹോ‍‍ർമൂസ് അടച്ചതോടെ ബാബ് അൽ മന്ദബിന്‍റെ പ്രാധാന്യം കൂടി. ഹൂതികളുടെ ലക്ഷ്യം അതാണ്. അതുമാത്രമല്ല, ചെങ്കടൽ പാതകളെല്ലാം. പെറിം ദ്വീപ് പിടിച്ചെടുത്തു ഹൂതികൾ. യെമനിലെ സർക്കാരിന്‍റെ നിയന്ത്രണത്തിലായിരുന്ന തുറമുഖ പട്ടണമായ മോഖയും. മോഖയ്ക്ക് വേണ്ടിയുള്ള യുദ്ധം നേരത്തെ തുടങ്ങിയിരുന്നു. എതിർത്ത് നിന്നത് സൗദി പിന്തുണയുള്ള നാഷണൽ റെസിസ്റ്റൻസ് (National Resistance) സൈന്യമാണ്. മുൻ ഭരണാധികാരി അലി അബ്ദുള്ള സലേയുടെ അനന്തരവനാണ് മേധാവി. പക്ഷേ, അവർ പിൻവാങ്ങിയെന്നാണ് റിപ്പോർട്ട്. എന്തുകൊണ്ടെന്ന് വ്യക്തമല്ല. അതോടെ മോക്ക ഹൂതികളുടെ കൈയിലായി. ബാബ് അൽ മന്ദബിന് 76 കിമീ അകലെയാണ് മോഖ. അത് കൈയിലായതോടെ ബാബ് അൽമന്ദബിൽ സ്ഥാനമുറപ്പിക്കാൻ ഹൂതികൾക്ക് എളുപ്പമായി. അതുമാത്രവുമല്ല, യെമനിലെ സർക്കാർ നിയന്ത്രണ പ്രദേശങ്ങളിലേക്കുള്ള വിതരണ ശൃംഖലകളും മോഖ വഴിയാണ്. ഏദൻ (Aden), ഹൊദൈദ (Hodeidah) എന്ന രണ്ട് തുറമുഖങ്ങളുണ്ട് വേറെ. ഏഡൻ സർക്കാർ നിയന്ത്രണത്തിലാണ്. പക്ഷേ, ഹൊദൈദ ഹുതികളുടെ നിയന്ത്രണത്തിലും. മോഖയ്ക്ക് അങ്ങനെ പലതാണ് പ്രാധാന്യം.അത് പിടിച്ചെടുക്കുന്നതിലും നിർത്തിയിട്ടില്ല ഹൂതികൾ. ചെങ്കടൽ തീരമാകെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അവർ. സൗദി – ഹൂതി യുദ്ധം സൗദിയും ഹൂതികളുമായുള്ള പോര് പണ്ടുപണ്ടേ തുടങ്ങിയതാണ്. 2015 -ലാണ് സൗദി, ഹൂതികൾക്കെതിരെ യുദ്ധം തുടങ്ങിയത്. അന്നത്തെ യെമനി പ്രസിഡന്‍റ് ഹദിയെ, ഹൂതികൾ പുറത്താക്കിയതാണ് തുടക്കം. സൗദിയുൾപ്പെടുന്ന 9 രാജ്യങ്ങളുടെ സഖ്യം ഹൂതികളെ ആക്രമിച്ചു. സൗദി പിന്തുണയുള്ള സർക്കാർ തെക്ക്, ഹൂതികൾ വടക്ക്. അത് ആഭ്യന്തരയുദ്ധമായി. യെമനെ തകർത്ത യുദ്ധം. ദാരിദ്ര്യവും യുദ്ധവും പലായനവും ശ്വാസം മുട്ടിക്കുന്ന രാജ്യം. കുതിച്ച് ഉയരുന്ന എണ്ണ വില 2022 -ൽ വെടിനിർത്തൽ ധാരണയുണ്ടായെങ്കിലും ജൂലൈയിൽ അത് തെറ്റി. അതിപ്പോൾ മറ്റൊരു യുദ്ധമുഖമായിരിക്കുന്നു. പെറിമും മോഖയും ഇറാനും പ്രയോജനം ചെയ്യും. ചെങ്കടലിലെ ആധിപത്യത്തിന്. എന്തായാലും ബാബ് അൽ മന്ദബ് ഭീഷണിയിലായതോടെ എണ്ണവില കുതിച്ചുയർന്നു. ക്രൂഡ് ബാരലിന് 108 ആയി. സൗദി കപ്പലുകളെ മാത്രമേ ആക്രമിക്കൂ, മറ്റുള്ളവർക്ക് കടന്നുപോകാം എന്നാണ് ഹൂതികളുടെ അറിയിപ്പ്.സൗദി കപ്പലുകൾക്ക് വേറെ വഴിയുണ്ട്. പക്ഷേ, ദൂരം കുറച്ച് കൂടുതലാണ്. സ്യൂയസ് വഴി മെഡിറ്ററേനിയൻ, ആഫ്രിക്ക ചുറ്റി, ഇന്ത്യൻ മഹാസമുദ്രം. ഒരൊറ്റ മാസം. യാതാസമയം കൂടുതൽ വേണം. ആക്രമിക്കുമെന്ന് പാകിസ്ഥാൻ, പക്ഷേ… ഹൂതികളെ നിയന്ത്രിക്കണമെന്ന പാക് മുന്നറിയിപ്പിന് അവർ തങ്ങളുടെ നിയന്ത്രണത്തിലല്ല എന്നാണ് ഇറാൻ നൽകിയ മറുപടി. പക്ഷേ, ഇസ്രയേലിന്‍റെ ഗാസ ആക്രമണത്തോടെ തന്നെ ഹൂതികൾ രംഗത്തിറങ്ങിയിരുന്നു. 2023 -ൽ തന്നെ ചെങ്കടൽ വഴി പോകുന്ന കപ്പലുകൾ ആക്രമിച്ച് തുടങ്ങി. ഹൂതികളെ ആക്രമിക്കുമെന്ന പാക് മുന്നറിയിപ്പ് പക്ഷേ, വെറുതേ എന്നാണ് വിലയിരുത്തൽ. സൗദിയും തുർക്കിയുമായുള്ള മെക്ക പ്രതിരോധ ധാരണ ഉദ്ധരിച്ചാണ് പാക് ഇടപെടൽ. പ്രത്യാക്രമണത്തിന് പാകിസ്ഥാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുണ്ട്. അതേസമയം തന്നെ പ്രതിരോധം മാത്രമാണ് ചുമതലയെന്ന് പറയുന്നു പാക് വൃത്തങ്ങൾ. പാകിസ്ഥാന്‍റെ സഞ്ചാരം നൂൽപ്പാലത്തിലായിട്ട് കുറേക്കാലമായി. സൗദിക്കും ഇറാനുമിടയിലെ മധ്യസ്ഥ വേഷമിട്ട അന്നുതുടങ്ങി. ഇപ്പോഴാ പാലം തീരെയും നേർത്തുവെന്ന് ചുരുക്കം. റഷ്യൻ താത്പര്യം മക്കാ ധാരണയിൽ ഇറാനും അംഗമാകണമെന്നാണ് റഷ്യയുടെ പക്ഷം. അതിനായി സമ്മർദ്ദം തുടങ്ങിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളുമായി സഖ്യം രൂപീകരിക്കാൻ രണ്ട് പതിറ്റാണ്ട് മുമ്പേ ആവശ്യപ്പെട്ട് തുടങ്ങിയതാണെന്ന് പറഞ്ഞത് റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവാണ്. അതിന് കാരണമുണ്ട്, സൗദി മുതൽ തുർക്കി വരെയുള്ള എട്ടോളം രാജ്യങ്ങളുമായി സൈനിക ധാരണയുണ്ട് അമേരിക്കയ്ക്ക്. 50,000 അമേരിക്കൻ സൈനികരുണ്ട് പശ്ചിമേഷ്യയിൽ. സൈനികാസ്ഥാനങ്ങളും. ഗൾഫ് രാജ്യങ്ങൾ ആയുധം വാങ്ങുന്നത് അമേരിക്കയിൽ നിന്ന്. ബില്യണുകളായി അമേരിക്കയ്ക്ക് കിട്ടുന്ന നിക്ഷേപം വേറെ. ഈ സ്വാധീനത്തിലാണ് റഷ്യയുടെ അരിശം. ഇറാനും ഗൾഫ് രാജ്യങ്ങളുമായി സഖ്യം രൂപീകരിച്ചാൽ അമേരിക്കൻ സ്വാധീനം ഇല്ലാതെയാകും. ഇറാനൊപ്പം റഷ്യക്കും ചുവടുറപ്പിക്കാം. മാത്രമല്ല, ഇറാൻ – ഗൾഫ് സഖ്യം യാഥാ‍ർത്ഥ്യമായാൽ അത് ഇസ്രയേൽ വിരുദ്ധ സഖ്യം കൂടിയാകും. അമേരിക്കൻ വിരുദ്ധ, ഇസ്രയേൽ വിരുദ്ധ സഖ്യം. അതുമല്ല, നേറ്റോ അംഗമായ തുർക്കിയുടെ സഖ്യത്തിലെ സാന്നിധ്യം, റഷ്യക്ക് ഇരട്ടിമധുരമാണ്. റഷ്യയുടെ നേറ്റോ വിരോധം പ്രസിദ്ധം. നയതന്ത്രത്തിന്‍റെ ലോകത്ത് അങ്ങനെ പലതാണ് വായനകൾ. ഇനിയും പലതുമുണ്ടാകാം. ഓരോ രാജ്യങ്ങൾക്കും ഭരണാധികാരികൾക്കും ഓരോന്നാണ് താൽപര്യങ്ങൾ. ജനങ്ങൾക്ക് വേണ്ടിയുള്ള താൽപര്യങ്ങൾ അതിൽ കുറവെന്ന് പറയേണ്ടിവരും.

By admin

Leave a Reply

Your email address will not be published. Required fields are marked *