ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്തിൽ ഡിക്റ്റേഷൻ സാങ്കേതികവിദ്യ പുതിയൊരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഡിക്റ്റേഷൻ രംഗത്ത് മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗൂഗിൾ തങ്ങളുടെ പുതിയ ആപ്പായ ‘എഡ്ജ് എലോക്വന്റ് ‘പുറത്തിറക്കി. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ നേരിട്ട് പ്രവർത്തിക്കുന്ന ഒരു ഡിക്റ്റേഷൻ ടൂളാണിത്. എഴുത്തുജോലികളിലോ സംഭാഷണങ്ങൾ പകർത്തിയെഴുതുന്നതിലോ ഏർപ്പെടുന്നവർക്കായാണ് ഈ ടൂൾ രൂപ കല്പന ചെയ്തിരിക്കുന്നത്.
ഗൂഗിൾ എഐ എഡ്ജ് എലോക്വന്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം എന്നതിനൊപ്പം ഓഫ്ലൈനായും പ്രവർത്തിക്കും. നമ്മൾ സംസാരിക്കുമ്പോൾ അറിയാതെ പറഞ്ഞുപോകുന്ന അനാവശ്യ വാക്കുകളെ സ്വയം ഒഴിവാക്കി എഴുത്തിനെ കൂടുതൽ മിനുസപ്പെടുത്തുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഗൂഗിളിന്റെ ജെമ്മ അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷൻ മോഡലുകളിലാണ് ഇത് പ്രവർത്തിക്കുന്നത്.
സാധാരണ സ്പീച്ച് ടു ടെക്സ്റ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, നമ്മൾ സംസാരിക്കുമ്പോൾ അറിയാതെ വരുന്ന ഇടർച്ചകളും ” ഉം’, “ആ’ തുടങ്ങിയ ഫില്ലർ പദങ്ങളും ഒഴിവാക്കി കൃത്യമായ വാചകങ്ങൾ രൂപപ്പെടുത്താൻ ഈ ആപ്പിന് സാധിക്കും. ആപ്പിൾ ആപ്പ് സ്റ്റോറിലും ആൻഡ്രോയിഡിലും ലഭ്യമായ ഈ ആപ്പ് വിസ്പർ ഫ്ലോ, വില്ലോ തുടങ്ങിയ പ്രമുഖ എതിരാളികളെ ലക്ഷ്യമിട്ടാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.
ഉപയോക്താവിന്റെ സംഭാഷണത്തിലെ സന്ദർഭം മനസ്സിലാക്കി അതിനെ പ്രൊഫഷണൽ നിലവാരമുള്ള ടെക്സ്റ്റാക്കി മാറ്റുന്നു. സംസാരിക്കുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ സ്വയം തിരുത്താനുള്ള കഴിവും ഇതിനുണ്ട്. ക്ലൗഡ് സെർവറുകളുമായി ബന്ധിപ്പിക്കാതെ തന്നെ പ്രവർത്തിക്കുന്നതിനാൽ, അതിവേഗത്തിലുള്ള പ്രതികരണവും മികച്ച സ്വകാര്യതയും എലോക്വന്റ് ഉറപ്പുനൽകുന്നു.
സംസാരം പ്രാദേശികമായി പ്രോസസ്സ് ചെയ്യുന്നതിനാൽ ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ ഇടങ്ങളിലും തടസ്സമില്ലാതെ ഇത് ഉപയോഗിക്കാൻ സാധിക്കും. സൗജന്യമായി ലഭ്യമായ ഈ ആപ്പ് ആൻഡ്രോയിഡ് ഫോണുകളിൽ ഡിഫോൾട്ട് കീബോർഡായി ക്രമീകരിക്കാനും സാധിക്കും. ഇതോടെ ഏത് ആപ്പിലും നേരിട്ട് വോയ്സ് ടൈപ്പിംഗ് നടത്താൻ ഉപയോക്താക്കൾക്ക് കഴിയും. മാനുവൽ എഡിറ്റിംഗിന്റെ ഭാരമില്ലാതെ, സംസാരിച്ചുകൊണ്ട് തന്നെ കൃത്യമായ കുറിപ്പുകളും മെസേജുകളും തയ്യാറാക്കാൻ ഈ ആപ്പ് സഹായിക്കും.
technology AI Gemma edge eloquent google

