ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ സാന്നിധ്യം ശക്തമാക്കുക എന്നതിന്റെ ഭാഗമായി സ്കോഡ നടപ്പാക്കിയ പദ്ധതിയാണ് സ്കോഡ ഇന്ത്യ 2.0. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായി രൂപകൽപന ചെയ്ത എംക്യൂബി എ0 ഐഎൻ പ്ലാറ്റ്ഫോമിൽ വാഹനങ്ങൾ പുറത്തിറക്കുകയും അതുവഴി 2026 ൽ വർഷം ഒരു ലക്ഷം വാഹനങ്ങൾ വിൽക്കുക എന്നതായിരുന്നു സ്കോഡ ഇന്ത്യ 2.0യുടെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി ഏകദേശം 100 കോടി യൂറോയുടെ (ഏകദേശം ₹8,000 കോടി) നിക്ഷേപ പദ്ധതിയാണ് സ്കോഡ തയ്യാറാക്കിയത്. 2021 ൽ എംക്യൂബി എ0 ഐഎൻ പ്ലാറ്റ്ഫോമിൽ കുഷാക് വിപണിയിലെത്തിയതോടെ ഈ പദ്ധതിയുടെ ആരംഭമായി. ആദ്യം കുഷാക്കും പിന്നീട് സ്ലാവിയും അടുത്തിടെ കൈലാഖുമെത്തി. 2025ലെ സ്കോഡയുടെ വിൽപന 72,665 യൂണിറ്റും.
View this post on Instagram
സ്കോഡയ്ക്ക് പുതു ജീവൻ നൽകിയ കുഷാക്
രാജാവ് എന്ന് അർത്ഥം വരുന്ന സംസ്കൃത വാക്കിൽ നിന്നാണ് സ്കോഡ കുഷാക് എന്ന പേര് കണ്ടെത്തിയത്. 2021 വിപണിയിലെത്തിയ കുഷാക്കിന്റെ പിൻബലത്തിൽ സ്കോഡ ഇന്ത്യൻ വിപണിയിൽ തിരിച്ചുവരവ് നടത്തി. 2020 ൽ വെറും 10387 യൂണിറ്റ് മാത്രം വിൽപന നടത്തിയ സ്കോഡയുടെ 2021 ലെ വാർഷിക വിൽപന 23858 യൂണിറ്റായിരുന്നു. കുഷാക്കിലൂടെ സ്കോഡയ്ക്ക് ലഭിച്ച മുന്നേറ്റം സ്ലാവിയയും കൈലാഖും ഏറ്റുപിടിച്ച് 2025 ലെ വിൽപന 72,665 യൂണിറ്റിൽ എത്തി നിൽക്കുന്നു. വിപണിയിലെത്തി അഞ്ചാം വർഷം മാറ്റങ്ങളുമായി കുഷാക് എത്തിയിരിക്കുന്നു. ഒരു ഡസൻ എതിരാളികളുള്ള മിഡ് സൈസ് എസ്‍യുവി വിപണിയിൽ കുഷാക്കിനെ മത്സരയോഗ്യമാക്കി നിലനിർത്താൻ സ്കോഡ നടത്തിയ മാറ്റങ്ങൾ മതിയാകുമോ? ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്.
പുതിയ ഗിയർബോക്സ്, വലിയ പ്രതീക്ഷ
പുതിയ സ്കോഡ കുഷാക്കിന്റെ ഏറ്റവും വലിയ പ്രത്യേകത 1 ലീറ്റർ എൻജിനൊപ്പം എത്തിയ 8 സ്പീഡ് ടോർക്ക് കൺവേർട്ടർ ഗിയർബോക്സാണ്.115 എച്ച്പിയാണ് ഈ എൻജിന്റെ കരുത്ത്. സ്കോഡ വോക്സ്‌വാഗന്റെ 1 ലീറ്റർ എൻജിനുകളിൽ ഇനി ഈ ഗിയർബോക്സായിരുക്കും ഉപയോഗിക്കുക. പുതിയ ഗിയർബോക്സിലൂടെ 2027 ൽ നിലവിൽ വരുന്ന കോർപ്പറേറ്റ് അവറേജ് ഫ്യൂവൽഎഫിഷൻസി (CAFE-3) മാനദണ്ഡങ്ങൾ എളുപ്പത്തിൽ സ്കോഡയ്ക്ക് പാലിക്കാനാവും.
ഇതു കൂടാതെ മുൻ മോഡലിനെപ്പോലെ 150 എച്ച്പി കരുത്തുള്ള 1.5 ലീറ്റർ എൻജിനുമുണ്ട്. 1.0-ലീറ്റർ എൻജിൻ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും ലഭ്യമാണ്, അതേസമയം 1.5 ലീറ്റർ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക്കുമായി മാത്രമാണ് വരുന്നത്. വൺ ലീറ്റർ എൻജിനിലെ പുതിയ 8-സ്പീഡ് ഓട്ടോബോക്സ് എമിഷൻ കുറയ്ക്കാനും ഇന്ധനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മുൻ മോഡലിനെക്കാളും ഉയർന്ന പെർഫോമൻസുണ്ട് പുതിയ 1 ലീറ്റർ 8 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സിന്. വളരെ സുഗമവും സ്മൂത്തുമായി ഗിയർഷിഫ്റ്റാണ്. മാനുവലായി ഷിഫ്റ്റ് ചെയ്യാൻ പാഡിൽ ഷിഫ്റ്റും നൽകിയിട്ടുണ്ട്. മൂന്ന് സിലിണ്ടർ എൻജിന്റെ പരിമിതികൾ അധികം പ്രകടിപ്പിക്കാത്ത എൻജിനാണ് വൺ ലീറ്റർ എൻജിൻ. ത്രോട്ടിൽ റെസ്പോൺസ് തൃപ്തികരമാണ്. പെട്ടെന്നുള്ള കുതിച്ചു ചാട്ടമില്ല, ലീനിയറായ പവർഡെലിവറിയാണ്. തിരക്കേറിയ ട്രാഫിക്കിലും അനായാസമായ ഡ്രൈവാണ് കുഷാക്ക് നൽകുന്നത്. ഹൈവേ ക്രൂസിങ്ങിൽ എൻജിന്റെ മിഡ്-റേഞ്ചും ടോപ്പ്-എൻഡും ശരിക്കും ആസ്വദിക്കും. രണ്ട് ഡ്രൈവ് മോഡുകളുണ്ട്, അതിൽ ഡി മോഡ് ഷോർട് ഗിയർറേഷ്യയും എസ്‍ മോഡിൽ ലാങ് റേഷ്യോയുമാണ്. സ്പോർട്ടി ഡ്രൈവ് ആണ് ആഗ്രഹിക്കുന്നതെങ്കിൽ എസ് മോഡ് തിരഞ്ഞെടുക്കാം.
8-സ്പീഡ് ഓട്ടമാറ്റിക് ഇന്ധനക്ഷമതയ്ക്കായി ട്യൂൺ ചെയ്തതാണ്. ഈ ട്രാൻസ്മിഷൻ ഉപയോഗിച്ച്, കുഷാക്ക് 1.0 ലീറ്ററിന്റെ എആർഎഐ മൈലേജ് ലീറ്ററിന് 19.09 കിലോമീറ്ററാണ്, ഇത് മുൻ മോഡലായ 6-സ്പീഡ് ഓട്ടമാറ്റിക്കിന്റെ 15.78 കി.മീ/ലീറ്റർ എന്നതിനേക്കാൾ ഗണ്യമായി മികച്ചതാണ്.
മാറ്റങ്ങളില്ലാത്ത 1.5 ലീറ്റർ എൻജിൻ
ADVERTISEMENT
മുൻ മോഡലിൽ നിന്ന് മാറ്റങ്ങളില്ലാത്ത 1.5 ലീറ്റർ നാലു സിലിണ്ടർ എൻജിനാണ്. ഡിഎസ്‍ജി ഗിയർബോക്സിൽ മാത്രമാണ് ഇത് ലഭിക്കുക. മികച്ച ഡ്രൈവും പെട്ടെന്നുള്ള ആക്സിലറേഷനും നൽകുന്ന എൻജിനാണ് ഇത്. മുൻ മോഡലിനെപ്പോലെ തന്നെ ആക്ടീവ് സിലിണ്ടർ സാങ്കേതികത ഈ മോഡലിലുമുണ്ട്. എൻജിന് അധികം ലേഡ് ഇല്ലാത്ത സമയങ്ങളിൽ രണ്ട് സിലിണ്ടർ ഓട്ടമാറ്റിക്കലി പ്രവർത്തന രഹിതമാകുന്ന ടെക്‌നോളജിയാണ് ഇത്. കരുത്തുറ്റ പെർഫോമൻസും മികച്ച ഹൈവേ, സിറ്റി ഡ്രൈവും നൽകുന്ന മോഡലാണ് 1.5 ലീറ്റർ.
ശബ്ദം, വിറയൽ
ഇരു എൻജിൻ മോഡലുകളും സ്റ്റാർട്ട് ചെയ്യുമ്പോഴോ ഓഫ് ചെയ്യുമ്പോഴോ കാര്യമായ ബോഡി ഷേക്ക് അനുഭവപ്പെടുന്നില്ല. വൈബ്രേഷനുകളും ശബ്ദവും നന്നായി നിയന്ത്രിച്ചിട്ടുണ്ട്. വൺ ലീറ്റർ എൻജിൻ ഓടിക്കുമ്പോൾ കുറഞ്ഞ ആർപിഎമ്മിൽ ശബ്ദം അധികമില്ല എന്നാൽ ഉയർന്ന ആർപിഎമ്മിൽ ശബ്ദം വ്യക്തമായി കേൾക്കാം. വലിയ എൻജിനും മികച്ച ഇൻസുലേഷനാണ് നൽകിയിരിക്കുന്നത്.
എക്സ്റ്റീരിയർ ഡിസൈൻ
സ്കോഡയുടെ ഏറ്റവും പുതിയ ‘മോഡേൺ സോളിഡ്’ ഡിസൈൻ ശൈലിയിലാണ് കുഷാക്കിന്റെ നിർമാണം. ബോണറ്റ്, ഫെൻഡറുകൾ, ടെയിൽഗേറ്റ് തുടങ്ങിയ ഷീറ്റ് മെറ്റൽ അതേപടി നിലനിർത്തുന്നു ഡേടൈം റണ്ണിങ് ലാമ്പുകളോടു കൂടിയ (ഡിആർഎൽ) നേർത്ത എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഗ്രില്ലിൽ ഒരു സെഗ്‌മെന്റഡ് ലൈറ്റ് ബാർ നൽകിയിട്ടുണ്ട്. ഇരുഹെഡ്‌ലാംപുകളിലേയും ഡിആർഎല്ലുമായി ഇവ ബന്ധിപ്പിച്ചിരിക്കുന്നു. പുതിയ കോഡിയാക്കിൽ നിന്ന് കടമെടുത്തതാണ് ഈ ഡിസൈൻ. മാറ്റങ്ങൾ വരുത്തിയ ബമ്പറാണ്, സിൽവർ സ്കിഡ് പ്ലേറ്റും ഉൾപ്പെടുത്തിയിരിക്കുന്നു. മോണ്ടേ കാർലോ ട്രിം ക്രോമിന് പകരം ഗ്ലോസ്-ബ്ലാക്ക് നിറം ഉപയോഗിച്ചിരിക്കുന്നു കൂടാതെ ഗ്രില്ലിൽ ചുവന്ന വരകളും നൽകിയിട്ടുണ്ട്. കൂടാതെ ക്രോം ഫിറ്റിങ്ങുകൾക്ക് പകരം ഗ്ലോസ് ബ്ലാക്ക് ട്രിമ്മും ചുറ്റും എക്സ്ക്ലൂസീവ് ബാഡ്ജിങ്ങുമുണ്ട്.
What you should read next
പുതിയ കുഷാക് വിപണിയിൽ, ഈ ഫീച്ചറുകൾ സെഗ്‍മെന്റിൽ തന്നെ ആദ്യം
വശങ്ങളിൽ കാര്യമായ മാറ്റങ്ങളില്ല,പുതിയ അലോയ് വീലുകൾ ഒഴികെ അതേപടി നിലനിൽക്കുന്നു. വേരിയന്റിന് അനുസരിച്ച് 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീലുകൾ നൽകിയിരിക്കുന്നു. സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി കണക്റ്റഡ് ലൈറ്റ് ബാറിൽ പ്രകാശിക്കുന്ന സ്കോഡ എന്ന എഴുത്തും നൽകിയിരിക്കുന്നു. ചെറി റെഡ്, ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളും കുഷാക്കിന്റെ പുതിയ മോഡലിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഇന്റീരിയർ, കംഫർട്ട് ഫീച്ചറുകൾ
കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളുമായിട്ടാണ് കുഷാക് എത്തിയിരിക്കുന്നത്. പുതിയ മോഡലിൽ സ്കോഡ എല്ലാ കുറവുകളും പരിഹരിച്ചിട്ടില്ലെങ്കിലും ചിലത് പരിഹരിച്ചിട്ടുണ്ട്. ഇന്ത്യൻ റോഡുകളിൽ എഡിഎഎസിന്റെ അഭാവം ഫീൽ ചെയ്യില്ലെങ്കിലും 360 ഡിഗ്രി കാമറയുടേത് നന്നായി ഫീൽ ചെയ്യും. ഏറ്റവും ഉയർന്ന വേരിയന്റുകളിൽ ഒരു പനോരമിക് സൺറൂഫ് ഉണ്ട്, മറ്റ് വേരിയന്റുകളിൽ ഒരു സിംഗിൾ-പാനൽ യൂണിറ്റ് ലഭിക്കുന്നു. വിവിധ പാറ്റേണുകളിലുള്ള അലോയ് വീലുകൾ, ഓട്ടോ എസി, റെയിൻ സെൻസിങ് വൈപ്പറുകൾ, പിൻ വാഷ്-വൈപ്പ്, ഓട്ടോ-ഡിമ്മിങ് ഇന്റീരിയർ റിയർവ്യൂ മിറർ (IRVM) എന്നിവ ഇപ്പോൾ എല്ലാ ശ്രേണിയിലും സ്റ്റാൻഡേർഡാണ്.
ട്വിൻ ഡയലുകൾ ഉൾപ്പെടെ നിരവധി ഡിസ്‌പ്ലേ ഓപ്ഷനുകൾ ലഭ്യമാണ്. മോണ്ടി കാർലോ ട്രിമ്മിൽ ഒരു അധിക സിംഗിൾ-ഡയൽ ഡിസ്‌പ്ലേയും ഉണ്ട്. ഡാഷ്‌ബോർഡ് യൂണിറ്റ് മുമ്പത്തേതുപോലെ തന്നെ, ചെറിയ കോസ്മറ്റിങ് അപ്ഡേറ്റുകൾ മാത്രം. മോണ്ടി കാർലോ പതിപ്പിലെ ചുവപ്പ് ഇപ്പോൾ കൂടുതൽ ടെറാക്കോട്ട നിറത്തിലുള്ള ഷേഡ് ആണ്.
ADVERTISEMENT
ഡ്യുവൽ-കളർ ആംബിയന്റ് ലൈറ്റിങ്ങും ഓൺ-ബോർഡ് ഗൂഗിൾ പവർഡ് എഐ അസിസ്റ്റന്റുമുണ്ട്. എടുത്ത് പറയേണ്ട ഒരു ഫീച്ചർ മസാജറുകളാണ്. അത്യാംഡബര മോഡലുകളിൽ മാത്രം കാണുന്ന ഈ ഫീച്ചർ കുഷാക്കിനെ ഒരു പടി മുന്നിൽ നിർത്തും. മുൻ സീറ്റുകളിൽ നൽകാതെ പിൻ സീറ്റിൽ മാത്രം സീറ്റ് മസാജറുകൾ നൽകിയിരിക്കുന്നു, മുന്നിൽ വെന്റലേറ്റഡ് സീറ്റാണ്.
ഇന്റീരിയറിലെ സ്ഥലം മുമ്പത്തേതിന് സമാനമാണ്, അതിനാൽ പിൻ ഹെഡ്‌റൂമും ലെഗ്‌റൂമും ആവശ്യത്തിനുണ്ട്. മികച്ച യാത്ര സുഖം നൽകുന്ന സീറ്റുകളാണ്. മുൻ സീറ്റ് വെന്റിലേഷൻ രണ്ട് വേഗം വാഗ്ദാനം ചെയ്യുന്നു. പുതിയ കുഷാക്കിൽ സ്കോഡ എസി പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലെതറെറ്റ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിങ് പാഡ് എന്നിവയും നൽകിയിട്ടുണ്ട്. പ്രസ്റ്റീജ് ട്രിമ്മിൽ ബ്ലാക്ക്-ആൻഡ്-ബീജ് തീമിലുള്ള ഇന്റീരിയറും മോണ്ടേ കാർലോ ട്രിമ്മിന് ക്രിംസൺ തീമിലുള്ള ഇന്റീരിയറുമാണ്. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും, പുതിയ സോഫ്റ്റ്‌വെയറുള്ള 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും ഡ്യുവൽ-കളർ ആംബിയന്റ് ലൈറ്റിങും പനോരമിക് സൺറൂഫും ലഭിക്കുന്നു.
സ്കോഡ കുഷാക് യാത്രാസുഖം, ഹാൻഡലിങ്
യാത്രയും ഹാൻഡലിങ്ങും മികച്ചതാണ്. കുറഞ്ഞ വേഗത്തിൽ അൽപ്പം സ്റ്റിഫാണെങ്കിലും വേഗം കൂടുമ്പോൾ ഇത് മെച്ചപ്പെടുന്നു. രണ്ട് പതിപ്പുകളും മികച്ച നിലവാരത്തിലുള്ള യാത്രാ സുഖമാണ് നൽകുന്നത്. ഉയർന്ന വേഗത്തിലും കൺട്രോൾ പോകില്ല. നല്ല യാത്രാ സുഖവും ബോഡി കൺട്രോളുമുണ്ട്. വളരെ ലൈറ്റായ സ്റ്റിയറിങ് വീലാണ് വാഹനത്തിന്, സിറ്റി ട്രാഫിക്കിലും ചെറിയ വേഗത്തിലും അത് നല്ലതാണെങ്കിലും ഉയർന്നവേഗത്തിൽ അൽപം കൂടി ഹാർഡ് ആയിരുന്നെങ്കിൽ കൂടുതൽ നന്നാക്കും എന്ന് തോന്നി. ബ്രേക്കിങ് പ്രകടനം ശക്തവും ആത്മവിശ്വാസമുള്ളതുമാണ്. 1.5 ലീറ്റർ മോഡലിന് ഇപ്പോൾ പിൻ ഡിസ്കുകൾ ലഭിച്ചു.
സുരക്ഷ മുഖ്യം
സുരക്ഷ ഉറപ്പാക്കാൻ 6 എയർബാഗുകൾ, ഇബിഡിയോടു കൂടിയ എബിഎസ്, ഇഎസ്‌സി, റെയിൻ സെൻസറിങ് വൈപ്പറുകൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഹിൽ-ഹോൾഡ് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ഓട്ടോ-ഡിമ്മിങ് ഇന്റീരിയർ റിയർവ്യൂ മിറർ (IRVM) തുടങ്ങിയ സ്റ്റാൻഡേർഡ് ഫീച്ചറുകൾ നൽകിയിട്ടുണ്ട്. മുൻ മോഡലിന്റെ 5-സ്റ്റാർ ഗ്ലോബൽ എൻക്യാപ് റേറ്റിങ് കുഷാക്ക് ഫെയ്‌സ്‌ലിഫ്റ്റും നിലനിർത്തുന്നു.
കുഷാക് മൂല്യം
മുൻ മോഡലിന്റെ കുറവുകൾ പരിഹരിക്കാൻ സ്കോഡ ശ്രമിച്ചിട്ടുണ്ട്. രൂപഭംഗി, ഫീച്ചറുകൾ, സാങ്കേതിക അപ്‌ഡേറ്റുകൾ എന്നിവ സെഗ്‌മെന്റിൽ തന്നെ മികച്ചതുകളിലൊന്ന് എന്ന് പറയാം. മറ്റ് മോഡലുകളുമായി താരമത്യം ചെയ്യുമ്പോൾ എൻവിഎച്ച് ലെവലുകൾ അൽപം കൂടുതലാണ്. പല ഫീച്ചറുകളും സെഗ്‍മെന്റിൽ തന്നെ ആദ്യമാണെങ്കിലും 360-ഡിഗ്രി ക്യാമറ, ബ്രാൻഡഡ് ഓഡിയോ സിസ്റ്റം അല്ലെങ്കിൽ ഒരു ADAS സിസ്റ്റം പോലുള്ള ഘടകങ്ങൾ ഇപ്പോഴും നഷ്‌ടമായിട്ടുണ്ട്. എന്നാൽ പിൻ സീറ്റ് മസാജറുകള്‍ പോലൂള്ള മികച്ച ഫീച്ചറുകളുമുണ്ട്. ഡ്രൈവിന്റെ കാര്യത്തിൽ കുഷാക്ക് അൽപ മുന്നിലാണ്. ചുരുക്കത്തിൽ സെഗ്‌മെന്റിലെ ഏറ്റവും മത്സരക്ഷമമായ എസ്‍യുവികളിലൊന്നാണ് കുഷാക്.
ADVERTISEMENT

