ഇടഞ്ഞോടുന്ന ആനകളെ മയക്കുവെടി വച്ച് തളയ്ക്കുക എന്നത് ജീവൻ പണയം വച്ചുള്ള പോരാട്ടമാണ്. ഒരു ചെറിയ പിഴവ് മതി വെടിവയ്ക്കുന്ന ആളുടെ ജീവൻ നഷ്ടപ്പെടാൻ. 28 വർഷം മുൻപ് തൃശൂർ കൈപ്പറമ്പിൽ വച്ച് ഡോ. പ്രഭാകരൻ എന്ന വെറ്ററിനറി ഡോക്ടറെ പാറമേക്കാവ് രാജേന്ദ്രൻ എന്ന മദയാനയുടെ കലിയിൽ കൊല്ലപ്പെട്ടത് കേരളം അന്ന് നടുക്കത്തോടെയാണ് കേട്ടത്. ആ ദാരുണ സംഭവം നേരിൽ കാണേണ്ടി വന്ന ഒരു ട്രെയിനി ഡോക്ടറുണ്ടായിരുന്നു അവിടെ, ഡോ. പി.ബി. ഗിരിദാസ്. കൺമുന്നിൽ നടന്ന ആ ദുരന്തം അദ്ദേഹത്തിലുണ്ടാക്കിയ ഭയവും സങ്കടവുമാണ് വർഷങ്ങൾക്കിപ്പുറം ‘ഗജാസ്ത്രം’ എന്ന അത്യാധുനിക ഡ്രോൺ സംവിധാനത്തിന്റെ പിറവിക്ക് കാരണമായത്. 500 മീറ്റർ അകലെ നിന്ന് വളരെ സുരക്ഷിതമായി മയക്കുവെടി വയ്ക്കാൻ സഹായിക്കുന്ന ഡ്രോൺ അധിഷ്ഠിത ക്യാപ്ചർ ഗൺ ആണിത്.
What you should read next
ഇന്ത്യയുടെ മൂക്കിൻതുമ്പിലെ അമേരിക്കൻ ‘കോട്ട’: എന്താണ് ഡീഗോ ഗാർസ്യയുടെ രഹസ്യം?
ആ വലിയ ദുരന്തവും ഗജാസ്ത്രത്തിന്റെ പിറവിയും
1995ലാണ് ഡോ. ഗിരിദാസിന്റെ ചിന്തകളെ മാറ്റിമറിച്ച ആ സംഭവമുണ്ടാകുന്നത്. ഇടഞ്ഞ പാറമേക്കാവ് രാജേന്ദ്രനെ മയക്കുവെടി വയ്ക്കാനാണ് സർവീസിൽ നിന്ന് വിരമിക്കാൻ വെറും രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ഡോ. പ്രഭാകരൻ എത്തിയത്. എന്നാൽ വെടിയേറ്റ ആന കൂടുതൽ പ്രകോപിതനായി ഡോക്ടർക്ക് നേരെ പാഞ്ഞടുത്തു. ജീവൻ രക്ഷിക്കാൻ ഓടിയ ഡോക്ടർ, ഉഴുതുമറിച്ച നെൽപ്പാടത്ത് തട്ടിവീഴുകയായിരുന്നു. ആനയുടെ കുത്തിൽ ഡോക്ടറുടെ കരളിന് ഗുരുതരമായി പരിക്കേൽക്കുകയും വൈകാതെ മരണം സംഭവിക്കുകയും ചെയ്തു.
അന്ന് അവിടെ പരിശീലനത്തിനെത്തിയതായിരുന്നു ഡോ. ഗിരിദാസ്. ആ കാഴ്ച അദ്ദേഹത്തിൽ വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. ഈയടുത്ത് പത്തനംതിട്ടയിൽ ഡോ. സി. ഗോപകുമാറിനും സമാനമായ രീതിയിൽ ആനയുടെ കുത്തേറ്റ് ജീവൻ നഷ്ടപ്പെട്ടത് ഈ അപകടസാധ്യതയുടെ വ്യാപ്തി വീണ്ടും വ്യക്തമാക്കുന്നു. വെടിക്കാരന്റെ സുരക്ഷ, അന്തരീക്ഷം, ചുറ്റുമുള്ള ആളുകളുടെ സുരക്ഷ എന്നിവ കൃത്യമായി നിരീക്ഷിച്ച് വേണം മയക്കുവെടി വയ്ക്കാൻ. ഇതിനൊരു ശാശ്വത പരിഹാരമായാണ് ഗജാസ്ത്രം ഒരുക്കിയിരിക്കുന്നത്.
ADVERTISEMENT
എന്താണ് ഗജാസ്ത്രം? എങ്ങനെ പ്രവർത്തിക്കുന്നു?
റിമോട്ടിൽ പ്രവർത്തിക്കുന്ന ഡ്രോണിൽ മയക്കുവെടിക്കുള്ള ക്യാപ്ചർ ഗണ്ണും സിറിഞ്ചും മരുന്നും സജ്ജീകരിച്ചിട്ടുണ്ടാകും. സ്മാർട്ട്ഫോണുമായി ബന്ധിപ്പിച്ച ക്യാമറയും ജി.പി.എസ് (GPS) സിസ്റ്റവും ഉപയോഗിച്ച് മൊബൈൽ സ്‌ക്രീനിൽ ആനയെ ലൈവായി കണ്ട് നിയന്ത്രിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
Image Credit: Special Arrangement
സിറിഞ്ച് പ്രയോഗം: സാധാരണ തോക്കുകളിൽ ഉപയോഗിക്കുന്ന തോട്ടയ്ക്ക് (Gunpowder) പകരം കാർബൺ ഡയോക്‌സൈഡ് (CO2) കാർട്രിഡ്ജ് ഉപയോഗിച്ചാണ് ഇതിൽ നിന്ന് സിറിഞ്ച് പായിക്കുന്നത്.
ലക്ഷ്യം വാലിന് സമീപം: ആനയുടെ വാലിന്റെ വശത്തുള്ള മാംസപേശിയിലേക്കാണ് ഡ്രോൺ ഉപയോഗിച്ച് വെടിവയ്ക്കുക.
മരുന്നിന്റെ അളവ്: ആനയുടെ തൂക്കം കൃത്യമായി കണക്കാക്കിയാണ് മരുന്നിന്റെ ഡോസ് നിർണയിക്കുന്നത്.
വെടിയേറ്റാൽ നിമിഷങ്ങൾക്കകം മരുന്ന് ആനയുടെ ദേഹം മുഴുവൻ വ്യാപിക്കുകയും, ഏകദേശം 45 മിനിറ്റിനുള്ളിൽ ആന മയങ്ങിവീഴുകയും ചെയ്യും. അര കിലോമീറ്റർ (500 മീറ്റർ) അകലെ നിന്ന് പോലും കൃത്യതയോടെ ലക്ഷ്യം കാണാൻ ഇതിന് സാധിക്കും.
View this post on Instagram
പരീക്ഷണങ്ങളും പിന്തുണയും
മുൻ മാതൃകകൾ ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് പറക്കുമ്പോഴുള്ള ഡ്രോണിന്റെ സ്റ്റെബിലിറ്റി (Stability) ഉറപ്പാക്കാൻ കഴിഞ്ഞതെന്ന് ഡോ. ഗിരിദാസ് പറയുന്നു. ഏകദേശം ഒമ്പത് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ഈ പ്രൊജക്റ്റിന് സാമ്പത്തിക സഹായം നൽകിയത് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റാണ്.
What you should read next
‘വ്യൂസിനും പണത്തിനും’ വേണ്ടി ഇത്തരം വിഡിയോകളിട്ടാൽ അക്കൗണ്ട് പോയേക്കാം: നടപടിയുമായി സോഷ്യൽമീഡിയകൾ
തമിഴ്‌നാട് ആസ്ഥാനമായുള്ള ഗരുഡ കമ്പനിയുടെ ഡ്രോൺ വാങ്ങി, അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയത് പറവട്ടാനി സ്വദേശിയായ ഇന്റീരിയർ ഡിസൈനർ സി.ജി. വിനോദ് കുമാറിന്റെ സഹായത്തോടെയാണ്. ഡ്രോൺ പറപ്പിക്കുന്നതിനായി എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോ. ഗിരിദാസ് പ്രത്യേകമായി റിമോട്ട് പൈലറ്റ് ലൈസൻസും കരസ്ഥമാക്കി.
അന്വേഷണവുമായി ‘വൻതാര’യും
മനുഷ്യജീവന് ഭീഷണിയില്ലാതെ വന്യമൃഗങ്ങളെ സുരക്ഷിതമായ അകലത്തിൽ നിന്ന് കീഴ്പ്പെടുത്താൻ കഴിയുന്ന ഗജാസ്ത്രം ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. റിലയൻസിന്റെ മൃഗസംരക്ഷണ കേന്ദ്രമായ ‘വൻതാര’ (Vantara) ഉൾപ്പെടെയുള്ള വമ്പൻ സ്ഥാപനങ്ങളിൽ നിന്ന് ഗജാസ്ത്രത്തെക്കുറിച്ച് അന്വേഷണങ്ങൾ വന്നുകഴിഞ്ഞതായി ഡോ. പി.ബി. ഗിരിദാസ് വ്യക്തമാക്കി. ഭാവിയിൽ വനംവകുപ്പിനും മൃഗസംരക്ഷണ വകുപ്പിനും വെറ്ററിനറി ഡോക്ടർമാർക്കും വലിയ മുതൽക്കൂട്ടാകാൻ പോകുന്ന ഒന്നാണ് ഈ അത്യാധുനിക സംവിധാനം.

