സാങ്കേതിക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിളിന്റെ പുതിയ ഐഫോൺ നിര വിപണിയിലെത്തി. പ്രോ, പ്രോ മാക്സ് മോഡലുകൾക്കൊപ്പം കമ്പനിയുടെ ആദ്യ മടക്കാവുന്ന ഐഫോൺ ആയ ‘ഐഫോൺ ഡ്യുവോ’യും എത്തിയതോടെ പുതിയ നിര വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ അമേരിക്കൻ വിപണിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ വില ഉപയോക്താക്കൾക്ക് വളരെ കൂടുതലായി തോന്നും. എന്തുകൊണ്ടാണ് ഈ വ്യത്യാസം? പ്രധാന കാരണം നികുതി ഘടന മാത്രമല്ല; ഇന്ത്യയിലെ ഇറക്കുമതി, വിതരണച്ചെലവ്, പ്രാദേശിക വിലനിർണയം തുടങ്ങിയ ഘടകങ്ങളും ഇതിൽ പങ്കുവഹിക്കുന്നു. ഇന്ത്യയിലെ ഐഫോൺ വില എത്ര? പുതിയ പ്രോ മോഡലുകളുടെ ഇന്ത്യൻ വില വിവരങ്ങൾ താഴെ പറയുന്നവയാണ്: ഐഫോൺ 18 പ്രോ 256GB – 1,64,900 മുതൽ 2TB – 3,14,900 വരെ ഐഫോൺ 18 പ്രോ മാക്സ് 256GB – 1,79,900 മുതൽ 2TB – 3,29,900 വരെ ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ ‘ഐഫോൺ ഡ്യുവോ’യുടെ വിലയും പ്രീമിയം വിഭാഗത്തിലാണ്: ഐഫോൺ ഡ്യുവോ 256GB – 2,99,900 512GB – 3,24,900 1TB – 3,74,900 2TB – 4,49,900 അതായത്, അടിസ്ഥാന ഐഫോൺ ഡ്യുവോ വാങ്ങാൻ പോലും ഇന്ത്യയിൽ ഏകദേശം 3 ലക്ഷം രൂപ ചെലവഴിക്കേണ്ടിവരും. അമേരിക്കൻ വില ഇത്ര കുറവോ? ഇന്ത്യയിലെ രീതി: ഇന്ത്യയിൽ ഉപഭോക്താവിനായി പ്രഖ്യാപിക്കുന്ന പരമാവധി വിൽപ്പന വിലയിൽ (MRP) സാധാരണയായി ബാധകമായ ജി.എസ്.ടി ഉൾപ്പെട്ടിട്ടുണ്ടാകും. അതിനാൽ കടയിൽ കാണുന്ന വില തന്നെയാണ് ഉപഭോക്താവ് നൽകേണ്ട അന്തിമ തുക. അമേരിക്കയിലെ രീതി: എന്നാൽ അമേരിക്കയിൽ സ്റ്റോറുകളിൽ കാണിക്കുന്ന വിലയിൽ സംസ്ഥാനത്തിനനുസരിച്ചുള്ള ‘സെയിൽസ് ടാക്സ്’ ഉൾപ്പെട്ടിട്ടുണ്ടാകില്ല. ഓരോ സംസ്ഥാനത്തെയും പ്രാദേശിക നികുതി നിരക്ക് വ്യത്യസ്തമായതിനാൽ, ബിൽ ചെയ്യുന്ന സമയത്ത് മാത്രമാണ് ഈ തുക ആകെ തുകയോടൊപ്പം ചേരുന്നത്. അതുകൊണ്ട്, അമേരിക്കയിലെ 1,199 ഡോളർ എന്ന അടിസ്ഥാന വിലയെ ഇന്ത്യയിലെ 1,64,900 എന്ന അന്തിമ വിലയുമായി നേരിട്ട് താരതമ്യം ചെയ്യുന്നത് പൂർണമായും ശരിയായ രീതിയല്ല. അമേരിക്കയിൽ വില എത്ര? അമേരിക്കൻ വിപണിയിലെ നിലവിലെ ഔദ്യോഗിക വിലകൾ ഇങ്ങനെയാണ്: ഐഫോൺ 18 പ്രോ: 1,199 ഡോളർ മുതൽ ഐഫോൺ 18 പ്രോ മാക്സ്: 1,299 ഡോളർ മുതൽ ഐഫോൺ ഡ്യുവോ: 1,999 ഡോളർ മുതൽ (കറൻസി വിനിമയ നിരക്ക് അനുസരിച്ച് ഇന്ത്യൻ രൂപയിലെ മൂല്യം മാറിക്കൊണ്ടിരിക്കും. കൂടാതെ, അമേരിക്കയിലെ വിലയോടൊപ്പം സെയിൽസ് ടാക്സ് കൂടി ചേരുമ്പോൾ ഉപഭോക്താവ് നൽകേണ്ട യഥാർഥ തുക വീണ്ടും ഉയരും.) ഇന്ത്യയിൽ വില കൂടാനുള്ള കാരണം നികുതി മാത്രമല്ല ഇന്ത്യൻ വിലയും അമേരിക്കൻ വിലയും തമ്മിലുള്ള വ്യത്യാസത്തിന് ജിഎസ്ടി മാത്രം കാരണം എന്ന് പറയുന്നത് ശരിയല്ല. ഇന്ത്യയിലെ ഇറക്കുമതി തീരുവ, ഉൽപ്പാദന-വിതരണ ചെലവുകൾ, ലോജിസ്റ്റിക്സ്, കറൻസി വിനിമയ നിരക്കുകൾ, ആപ്പിളിന്റെ പ്രാദേശിക വിലനിർണയ നയങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ അന്തിമ വിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കയിൽ ഐഫോൺ താരതമ്യേന കുറഞ്ഞ വിലയിൽ ലഭിക്കുന്നതായി തോന്നുന്നത് ശരിയാണ്. എന്നാൽ അവിടത്തെ പരസ്യപ്പെടുത്തിയ വിലയിൽ സെയിൽസ് ടാക്സ് ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധിക്കണം. ഇന്ത്യയിലെ വിലയിൽ എല്ലാ നികുതികളും ഉൾപ്പെട്ടിരിക്കുന്നതിനാൽ രണ്ട് രാജ്യങ്ങളിലെ വിലകൾ താരതമ്യം ചെയ്യുമ്പോൾ ഈ വ്യത്യാസങ്ങളെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. വില താരതമ്യ വിവരങ്ങൾ ഐഫോൺ 18 പ്രോ (256 GB) ഇന്ത്യ: 1,64,900 (ഔദ്യോഗിക ലോഞ്ച് വില) യുണൈറ്റഡ് സ്റ്റേറ്റ്സ് (US): ഏകദേശം 1,23,346 ($1,199 എന്ന ഔദ്യോഗിക വിലയുടെ അടിസ്ഥാന കൺവേർഷൻ നിരക്ക്) ജപ്പാൻ: ഏകദേശം 1,24,090 സൗദി അറേബ്യ: ഏകദേശം 1,25,874 യു.എ.ഇ (UAE): ഏകദേശം 1,26,900 സിംഗപ്പൂർ: ഏകദേശം 1,31,295 ഐഫോൺ 18 പ്രോ മാക്സ് (256 GB) ഇന്ത്യ: 1,79,900 (ഔദ്യോഗിക ലോഞ്ച് വില) യുണൈറ്റഡ് സ്റ്റേറ്റ്സ് (US): ഏകദേശം 1,33,634 സൗദി അറേബ്യ: ഏകദേശം 1,34,708 യു.എ.ഇ (UAE): ഏകദേശം 1,36,855 സിംഗപ്പൂർ: ഏകദേശം 1,45,123 കാനഡ: ഏകദേശം 1,48,044 (വിദേശ രാജ്യങ്ങളിലെ വിലകളിൽ അതത് സംസ്ഥാന/പ്രാദേശിക നികുതികളും കറൻസി വിനിമയ നിരക്കിലെ വ്യതിയാനങ്ങളും ഉൾപ്പെടാം.) അമേരിക്കൻ ഐഫോൺ ഇന്ത്യയിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അൺലോക്ക്ഡ് മോഡൽ തിരഞ്ഞെടുക്കുക: ആപ്പിൾ സ്റ്റോറിൽ നിന്നോ മറ്റ് വിൽപനക്കാരിൽ നിന്നോ നേരിട്ട് ‘Factory Unlocked’ മോഡൽ തന്നെ വാങ്ങണം. AT&T, T-Mobile, Verizon തുടങ്ങിയ ടെലികോം കാരിയറുകളുടെ കരാറിലുള്ള ഫോണുകൾ ഇന്ത്യയിലെ സിമ്മുകളിൽ പ്രവർത്തിക്കില്ല. eSIM സപ്പോർട്ട് മാത്രം: യുഎസ് മോഡൽ ഐഫോണുകളിൽ ഫിസിക്കൽ സിം സ്ലോട്ട് ഉണ്ടാകില്ല; eSIM മാത്രമേ സപ്പോർട്ട് ചെയ്യൂ. ജിയോ, എയർടെൽ, വിതുടങ്ങിയ ഇന്ത്യൻ നെറ്റ്വർക്കുകളിൽ നിലവിലെ ഫിസിക്കൽ സിം എളുപ്പത്തിൽ eSIM-ലേക്ക് മാറ്റി ഉപയോഗിക്കാം. നെറ്റ്വർക്കും 5G ബാൻഡുകളും: ഇന്ത്യയിലെ ടെലികോം സേവനദാതാക്കൾ ഉപയോഗിക്കുന്ന പ്രധാന 5G/4G ബാൻഡുകൾ (ഉദാഹരണത്തിന് n78, n28) യുഎസ് വേരിയന്റുകളിലും പൂർണ്ണമായും ലഭ്യമായതിനാൽ നെറ്റ്വർക്ക് ലഭ്യതയിലോ ഇന്റർനെറ്റ് വേഗതയിലോ പ്രശ്നങ്ങൾ ഉണ്ടാകില്ല. വാറന്റിയും സർവീസും: ആപ്പിളിന് സാധാരണയായി ലിമിറ്റഡ് ഇന്റർനാഷണൽ വാറന്റി ലഭ്യമാണെങ്കിലും, ഇന്ത്യയിലെ മോഡലുകളുമായി ഹാർഡ്വെയർ വ്യത്യാസങ്ങൾ (eSIM മാത്രമുള്ള സംവിധാനം, സാറ്റലൈറ്റ് കണക്റ്റിവിറ്റി ഹാർഡ്വെയർ) ഉള്ളതിനാൽ ചില പ്രാദേശിക സർവീസ് സെന്ററുകൾ പാർട്സ് മാറ്റിവെക്കുന്നതിലോ റിപ്പയറിംഗിലോ പരിമിതികൾ അറിയിക്കാറുണ്ട്. അധിക സുരക്ഷയ്ക്കായി ആപ്പിൾകെയർ പ്ലസ് (AppleCare+) പരിഗണിക്കുന്നത് ഗുണം ചെയ്യും. ചാർജിങ് അഡാപ്റ്റർ: ബോക്സിൽ യുഎസ്ബി-സി കേബിൾ മാത്രമാണ് ലഭിക്കുക. ഫോൺ ചാർജ് ചെയ്യുന്നതിനായി ഇന്ത്യൻ പിൻ ഘടനയുള്ള പവർ അഡാപ്റ്റർ ഇവിടെനിന്ന് വെവ്വേറെ വാങ്ങേണ്ടി വരും.
Tech News

