ചെറു എസ്യുവി കുഷാക്കിന്റെ പുതിയ മോഡലിന്റെ വില പ്രഖ്യാപിച്ച് സ്കോഡ. അഞ്ച് വേരിയന്റുകളിലായി 1.0 ടിഎസ്ഐ, 1.0 ടിഎസ്ഐ എടി, 1.5 ടിഎസ്ഐ ഡിഎസ്ജി മോഡലുകളിൽ ലഭിക്കുന്ന കുഷാക്കിന്റെ വില 10.69 ലക്ഷം രൂപ മുതൽ 18.99 ലക്ഷം രൂപ വരെയാണ്. പുറത്തും അകത്തും ഫീച്ചറുകളിലും മാറ്റങ്ങളുമായി എത്തുന്ന കുഷാക്കിന് പുതിയ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ നൽകിയിട്ടുണ്ട്. നിലവിലുള്ളതുപോലെ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്സ്വാഗൺ ടൈഗൺ, ടാറ്റ സിറ, മാരുതി ഗ്രാൻഡ് വിറ്റാര, വിക്ടോറിസ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ മോഡലുകളുമായി സ്കോഡ കുഷാക് മത്സരിക്കുന്നത്.
പുറംമോടിയിലെ പ്രധാന മാറ്റങ്ങൾ
സ്കോഡയുടെ ഏറ്റവും പുതിയ ‘മോഡേൺ സോളിഡ്’ ഡിസൈൻ ശൈലിയിലാണ് കുഷാക്കിന്റെ നിർമാണം. ഡേടൈം റണ്ണിങ് ലാമ്പുകളോടു കൂടിയ (ഡിആർഎൽ) നേർത്ത എൽഇഡി ഹെഡ്ലൈറ്റുകൾ, ഗ്രില്ലിൽ ഒരു സെഗ്മെന്റഡ് ലൈറ്റ് ബാർ നൽകിയിട്ടുണ്ട്. ഇരുഹെഡ്ലാംപുകളിലേയും ഡിആർഎല്ലുമായി ഇവ ബന്ധിപ്പിച്ചിരിക്കുന്നു. പുതിയ കോഡിയാക്കിൽ നിന്ന് കടമെടുത്തതാണ് ഈ ഡിസൈൻ. മാറ്റങ്ങൾ വരുത്തിയ ബമ്പറാണ്, സിൽവർ സ്കിഡ് പ്ലേറ്റും ഉൾപ്പെടുത്തിയിരിക്കുന്നു. മോണ്ടേ കാർലോ ട്രിം ക്രോമിന് പകരം ഗ്ലോസ്-ബ്ലാക്ക് നിറം ഉപയോഗിച്ചിരിക്കുന്നു കൂടാതെ ഗ്രില്ലിൽ ചുവന്ന വരകളും നൽകിയിട്ടുണ്ട്. കൂടാതെ ക്രോം ഫിറ്റിങ്ങുകൾക്ക് പകരം ഗ്ലോസ് ബ്ലാക്ക് ട്രിമ്മും ചുറ്റും എക്സ്ക്ലൂസീവ് ബാഡ്ജിങ്ങുമുണ്ട്.
View this post on Instagram
ADVERTISEMENT
വശങ്ങളിൽ കാര്യമായ മാറ്റങ്ങളില്ല, വേരിയന്റിന് അനുസരിച്ച് 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീലുകൾ നൽകിയിരിക്കുന്നു. സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി കണക്റ്റഡ് ലൈറ്റ് ബാറിൽ പ്രകാശിക്കുന്ന സ്കോഡ എന്ന എഴുത്തും നൽകിയിരിക്കുന്നു. ചെറി റെഡ്, ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളും കുഷാക്കിന്റെ പുതിയ മോഡലിൽ അവതരിപ്പിച്ചിട്ടുണ്ട്.
അകത്തളവും ഫീച്ചറുകളും
ഈ സെഗ്മെന്റിൽ തന്നെ ആദ്യമായി മസാജ് ഫംഗ്ഷനുള്ള പിൻസീറ്റുകളാണ് കുഷാക്കിന്. കൂടാതെ, വെന്റിലേഷനോടു കൂടിയ ആറുതരത്തിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, ലെതറെറ്റ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിങ് പാഡ് എന്നിവയും നൽകിയിട്ടുണ്ട്. പ്രസ്റ്റീജ് ട്രിമ്മിൽ ബ്ലാക്ക്-ആൻഡ്-ബീജ് തീമിലുള്ള ഇന്റീരിയറും മോണ്ടേ കാർലോ ട്രിമ്മിന് ക്രിംസൺ തീമിലുള്ള ഇന്റീരിയറുമാണ്. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും, പുതിയ സോഫ്റ്റ്വെയറുള്ള 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീനും ഡ്യുവൽ-കളർ ആംബിയന്റ് ലൈറ്റിംഗും പനോരമിക് സൺറൂഫും ലഭിക്കുന്നു. ഇതിനു പുറമെ, സ്കോഡ കുഷാക്ക് ഫെയ്സ്ലിഫ്റ്റിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഗൂഗിൾ ജെമിനി എഐ അസിസ്റ്റന്റുമുണ്ട്
ADVERTISEMENT
സുരക്ഷ ഉറപ്പാക്കാൻ 6 എയർബാഗുകൾ, ഇബിഡിയോടു കൂടിയ എബിഎസ്, ഇഎസ്സി, റെയിൻ സെൻസറിങ് വൈപ്പറുകൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഹിൽ-ഹോൾഡ് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ഓട്ടോ-ഡിമ്മിങ് ഇന്റീരിയർ റിയർവ്യൂ മിറർ (IRVM) തുടങ്ങിയ സ്റ്റാൻഡേർഡ് ഫീച്ചറുകൾ നൽകിയിട്ടുണ്ട്. മുൻ മോഡലിന്റെ 5-സ്റ്റാർ ഗ്ലോബൽ എൻക്യാപ് റേറ്റിംഗ് കുഷാക്ക് ഫെയ്സ്ലിഫ്റ്റും നിലനിർത്തുന്നു.
എൻജിൻ, ഗിയർബോക്സ് ഓപ്ഷനുകൾ
പുതിയ കുഷാക്കിലെ ഏറ്റവും ശ്രദ്ധേയമായ സാങ്കേതിക മാറ്റം 115 എച്ച്പി കരുത്തുള്ള 1.0 ലീറ്റർ ടർബോ-പെട്രോൾ എൻജിന് പുതിയ 8-സ്പീഡ് ടോർക്ക്-കൺവെർട്ടർ ഗിയർബോക്സ് വന്നു എന്നതാണ്. പഴയ 6-സ്പീഡ് യൂണിറ്റിന് പകരമാണ്. മുൻമോഡലിന് സമാനമായി എൻജിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പവും ലഭ്യമാണ്.
ADVERTISEMENT
ഇതു കൂടാതെ 150 എച്ച്പി, 1.5 ലീറ്റർ ടർബോ-പെട്രോൾ എൻജിനുമുണ്ട്. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ എൻജിനിൽ. 1.5 TSI വേരിയന്റുകൾക്ക് പിൻഭാഗത്ത് ഡിസ്ക് ബ്രേക്കുകൾ സ്കോഡ ഒടുവിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കുഷാക്ക് ഫെയ്സ്ലിഫ്റ്റ് വാങ്ങുന്നവർക്ക് 4 വർഷം/1,00,000 കിലോമീറ്റർ വാറന്റി (ഇത് 6 വർഷം വരെ നീട്ടാം), 4 വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസ്, കൂടാതെ 2 വർഷം/30,000 കിലോമീറ്റർ വരെ നാല് സൗജന്യ ലേബർ സർവീസുകളും ലഭിക്കും.

