Breaking
17 Jun 2026, Wed

ഇറാനരികിലേക്ക് അമേരിക്കയുടെ ‘ഫ്ലോടിങ് മിലിട്ടറി ബേസ്’ യുഎസ്എസ് ട്രിപ്പോളി: വൻതോതിലുള്ള വിന്യാസം, എന്താണ് അടുത്ത ലക്ഷ്യം?

യുഎസ് നാവികസേനയുടെ ആധുനിക ഉഭയതല ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളിയെ (എൽഎച്ച്എ-7) പേർഷ്യൻ ഗൾഫ് മേഖലയിലേക്കു വിടുമെന്ന ആഹ്വാനം വൻ ചർച്ചകളാണ് ഉയർത്തിയിരിക്കുന്നത്. ഇറാനുമേൽ ഒരു കരയുദ്ധം നടത്താനുള്ള യുഎസിന്റെ ശ്രമമാണോ ഇതെന്നുപോലും ചോദ്യങ്ങള‍് ഉയരുന്നുണ്ട്. എന്നാൽ ലക്ഷ്യത്തിനടുത്തെത്തിയെന്ന് അവകാശപ്പെടുന്ന ട്രംപ് വിജയത്തെക്കുറിച്ച് സംസാരിക്കുന്നത് തുടരുകയും മിഡിൽ ഈസ്റ്റിലേക്ക് കരസേനയെ അയയ്ക്കുന്നത് നിഷേധിക്കുകയും ചെയ്യുകയാണ്.

വളരെയേറെ പ്രത്യേകതകളുള്ളതാണ് യുഎസ്എസ് ട്രിപ്പോളി. മുൻപും രണ്ട് യുഎസ്എസ് ട്രിപ്പോളി കപ്പലുകൾ അമേരിക്കയ്ക്കുണ്ടായിരുന്നു.

അമേരിക്ക ക്ലാസ് കപ്പലുകളുടെ ഭാഗമായ പുതിയ യുഎസ്എസ് ട്രിപ്പോളി, കരയിലും കടലിലുമുള്ള സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകാനായി രൂപകൽപന ചെയ്ത ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നാണ്. 2017ൽ നീറ്റിലിറക്കിയ കപ്പൽ 2020 ജൂലൈയിലാണ് ഔദ്യോഗികമായി സേവനമാരംഭിച്ചത്

ഭീമാകാരമായ ഈ കപ്പലിന് ഏകദേശം 844 അടി (257 മീറ്റർ) നീളവും പൂർണമായി ലോഡ് ചെയ്യുമ്പോൾ 45,000 ടണ്ണോളം കേവുഭാരവുമുണ്ട്. ഇത്രയും വലുപ്പമുണ്ടായിട്ടും, ശക്തമായ ഗ്യാസ് ടർബൈൻ എൻജിനുകളുടെ സഹായത്തോടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗം വരെകൈവരിക്കാൻ ഇതിന് കഴിയും.

വലിയ ഫ്ലൈറ്റ് ഡെക്കുള്ളതിനാൽ യുഎസ്എസ് ട്രിപ്പോളിയെ ഒരു ‘ചെറു വിമാനവാഹിനിക്കപ്പൽ’ എന്നാണ് പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്. പരമ്പരാഗത യുദ്ധവിമാനങ്ങൾക്ക് പകരം കുത്തനെ പറന്നുയരാൻ കഴിയുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ഇത് വഹിക്കുന്നത്. എഫ്-35ബി ലൈറ്റ്നിങ് II, വി-22 ഓസ്പ്രേ ടിൽറ്റ് റോട്ടർ വിമാനം, സിഎച്ച്-53കെ കിങ് സ്റ്റാലിയൻ പോലുള്ള വലിയ ഹെലികോപ്റ്ററുകൾ എന്നിവയെല്ലാം പ്രവർത്തിപ്പിക്കാൻ കപ്പലിന് ശേഷിയുണ്ട്.

ഉഭയതല സൈനിക നീക്കങ്ങളിൽ യുഎസ് മറീൻ സൈനികരെ എത്തിക്കുകയും പിന്തുണ നൽകുകയുമാണ് കപ്പലിന്റെ പ്രധാന ദൗത്യം. 1,600-ൽ അധികം സൈനികരെയും അവരുടെ വാഹനങ്ങൾ, വിമാനങ്ങൾ, മറ്റ് സാമഗ്രികൾ എന്നിവയും ഒരേസമയം വഹിക്കാൻ ഇതിനാകും. സൈനിക നടപടികൾക്കിടെ, കപ്പലിൽ നിന്നുള്ള ഹെലികോപ്റ്ററുകൾക്കും ടിൽറ്റ്-റോട്ടർ വിമാനങ്ങൾക്കും കടലിൽ നിന്ന് കരയിലേക്ക് അതിവേഗം സൈനികരെ വിന്യസിക്കാം.

വ്യോമയാന ശേഷിക്ക് വലിയ ഊന്നൽ നൽകിയാണ് യുഎസ്എസ് ട്രിപ്പോളി രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിമാനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി, ലാൻഡിങ് ക്രാഫ്റ്റുകൾ ഇറക്കാനുള്ള ‘വെൽ ഡെക്ക്’ ഈ കപ്പലിൽ ഒഴിവാക്കിയിട്ടുണ്ട്. പകരം, കൂടുതൽ വിസ്തൃതമായ ഹാംഗർ ഡെക്ക്, വിപുലമായ അറ്റകുറ്റപ്പണി സൗകര്യങ്ങൾ, വർധിതമായ വ്യോമ ഇന്ധനസംഭരണ ശേഷി എന്നിവ ഒരുക്കിയിരിക്കുന്നു.

സ്വയം പ്രതിരോധിക്കുന്നതിനായി ശക്തമായ ആയുധങ്ങളും കപ്പലിലുണ്ട്. റോളിങ് എയർഫ്രെയിം മിസൈൽ ലോഞ്ചറുകൾ, ഇവോൾവ്ഡ് സീ സ്പാരോ മിസൈലുകൾ, ശത്രു മിസൈലുകളെയും വിമാനങ്ങളെയും അടുത്തെത്തി തകർക്കാൻ ശേഷിയുള്ള ഫാലങ്ക്സ് ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റംസ് എന്നിവ ഇതിൽ ഉൾപ്പെടും.

യുഎസ് നാവികസേനയുടെ ഒരു സജീവ മുൻനിര യുദ്ധക്കപ്പലാണ് ഇന്ന് യുഎസ്എസ് ട്രിപ്പോളി. പസിഫിക് മേഖലയിൽ വിന്യസിച്ചിരിക്കുന്ന ഈ കപ്പൽ, മറീൻ എക്സ്പെഡിഷനറി സേനകളുമായും സഖ്യകക്ഷി നാവികസേനകളുമായും ചേർന്ന് പ്രവർത്തിക്കാറുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *