Breaking
19 Jun 2026, Fri

ലഡാക്ക് താഴ്‌വരയില്‍ ISROയുടെ ‘ഹോപ്’ അനലോഗ് ദൗത്യത്തിന് തുടക്കം

ബെംഗളൂരു: സമുദ്രനിരപ്പില്‍നിന്ന് 4,530 മീറ്റര്‍ ഉയരമുള്ള ലഡാക്കിലെ സോ കാര്‍ താഴ്‌വരയില്‍ ഐഎസ്ആര്‍ഒയുടെ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കം. ഭൂമിയില്‍ ചൊവ്വാ ഗ്രഹവുമായി ഏറ്റവും സാമ്യമുള്ള സ്ഥലങ്ങളിലൊന്നായ ഇവിടെ ഹിമാലയന്‍ ഔട്ട്പോസ്റ്റ് ഓഫ് പ്ലാനെറ്ററി എക്‌സ്പ്ലൊറേഷന്‍ (ഹോപ്) എന്ന പേരില്‍ പത്തുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങളാണ് ദൗത്യത്തിന്റെ ലക്ഷ്യം. അന്യഗ്രഹങ്ങളിലേതിനോട് സാദൃശ്യമുള്ള അവസ്ഥയില്‍ ദൗത്യത്തിലുള്ള രണ്ടംഗങ്ങളുടെ ശാരീരികവും മാനസികവുമായ പ്രതികരണങ്ങള്‍ പഠനവിധേയമാക്കും.

ബഹിരാകാശയാത്രികരുടെ ആരോഗ്യ നിരീക്ഷണത്തിന്റെ പ്രോട്ടക്കോളുകള്‍ വിലയിരുത്തും. സാങ്കേതികവിദ്യകളെപ്പറ്റി പഠിക്കും. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ദൗത്യത്തിന്റെയും (ഗഗന്‍യാന്‍) ചന്ദ്രന്‍, ചൊവ്വ പര്യവേക്ഷണ ദൗത്യത്തിന്റെയും തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയില്‍ സുപ്രധാന നാഴികക്കല്ലാണ് ഈ അനലോഗ് ദൗത്യമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ)അറിയിച്ചു. ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്‌പെയ്സ് ഫ്‌ളൈറ്റ് സെന്ററാണ് അനലോഗ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്സ് സയന്‍സ് ആന്‍ഡ് ടെകനോളജി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി, ഐഐടി ഹൈദരാബാദ്, ഐഐടി മുംബൈ, ബെംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എയ്റോസ്‌പെയ്സ് മെഡിസിന്‍ എന്നിവര്‍ രൂപകല്പന ചെയ്ത പരീക്ഷണങ്ങളാണ് ദൗത്യം നിര്‍വഹിക്കുക. ദൗത്യാംഗങ്ങള്‍ക്ക് താമസിക്കാന്‍ എട്ട് മീറ്റര്‍ വ്യാസമുള്ള ഹാബിറ്റാറ്റ് മൊഡ്യൂളും പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി അഞ്ച് മീറ്റര്‍ വ്യാസമുള്ള യൂട്ടിലിറ്റി മൊഡ്യൂളും സജ്ജീകരിച്ച് പ്രത്യേകമായി ഡിസൈന്‍ ചെയ്തതാണ് ഹോപ്. ദൗത്യത്തിന്റെ ഉദ്ഘാടനം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ നിര്‍വഹിച്ചു. ലഡാക്കില്‍ ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ അനലോഗ് ദൗത്യമാണിത്. കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു ആദ്യത്തേത്.

Content retrieved from: https://www.mathrubhumi.com/technology/news/isro-launches-analog-space-mission-in-ladakh-s-mars-like-so-kar-valley-1.10801428.

By admin

Leave a Reply

Your email address will not be published. Required fields are marked *