ദുബായ് ∙ ഡ്രൈവറില്ലാത്ത മെട്രോ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന, 24 മണിക്കൂറും സജീവമായ ദുബായ് മെട്രോ ഓപ്പറേഷൻസ് കൺട്രോൾ സെന്ററി(ഒസിസി)നെക്കുറിച്ച് വിശദീകരിച്ച് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). 9,000-ത്തോളം ക്യാമറകൾ ഉപയോഗിച്ചാണ് ഇവർ മെട്രോ സർവീസുകൾ നിയന്ത്രിക്കുന്നത്. ദുബായ് മെട്രോയുടെ 55 സ്റ്റേഷനുകളിലായി പ്രതിദിനം സഞ്ചരിക്കുന്ന 8.5 ലക്ഷം യാത്രക്കാരുടെയും 101 ട്രെയിനുകളുടെയും നീക്കങ്ങൾ ഇവർ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
എച്ച് 1ബി വീസ അപേക്ഷ ഫീസ് 88 ലക്ഷം രൂപ, സ്ഥിരതാമസത്തിന് 8 കോടിയിലധികം രൂപ: ഇന്ത്യക്കാർക്ക് അമേരിക്കൻ സ്വപ്നം ഇനി അകലെ?
‘ഒരു പവനുമായി എത്തുന്ന പ്രവാസി സ്വർണക്കടത്തുകാരൻ’! പിടിവിട്ട് നികുതി നിയമം, പൊല്ലാപ്പിൽ മലയാളികൾ; 7 രാജ്യാന്തര വാർത്തകൾ
ഈ കേന്ദ്രത്തിന്റെ ഒരു ഭാഗത്ത് ദുബായ് പൊലീസ് പ്രവർത്തിപ്പിക്കുന്ന മറ്റൊരു കൺട്രോൾ റൂമുണ്ട്. മെട്രോ നെറ്റ്വർക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതീവ ജാഗ്രത പുലർത്തുന്ന മുറിയാണിത്. ദുബായ് മെട്രോയുടെ ‘നാഡീ കേന്ദ്രം’ എന്നറിയപ്പെടുന്ന ഈ ഓപ്പറേഷൻസ് കൺട്രോൾ സെന്ററിനെക്കുറിച്ച് ആർടിഎ റെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഹസ്സൻ അൽ മുതവ വിശദീകരിച്ചു. ദുബായ് മെട്രോയുടെ മികച്ച പ്രകടനം നിലനിർത്തുന്നതിൽ ഈ കേന്ദ്രത്തിന്റെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് മെട്രോയുടെ പ്രവർത്തനം മൂന്ന് തലങ്ങളുള്ള സൂപ്പർവിഷനിലൂടെയാണ് നിയന്ത്രിക്കുന്നത്. ആദ്യത്തേത് രാവിലെ 5 മുതൽ അർദ്ധരാത്രി വരെയും ശനിയാഴ്ചകളിൽ പുലർച്ചെ 1 വരെയും നീളുന്ന സാധാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. ഓരോ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ, ഈ ഉദ്യോഗസ്ഥർ ഉടനടി നടപടി സ്വീകരിച്ച് സേവനങ്ങൾ പുനരാരംഭിക്കാൻ സഹായിക്കുന്നു. രണ്ടാമത്തെ തലത്തിൽ അറ്റകുറ്റപ്പണികൾക്കായി മാറ്റിവച്ചിരിക്കുന്ന ട്രെയിനുകൾ നിരീക്ഷിക്കുന്നു. മൂന്നാമത്തെ തലത്തിൽ, മുഴുവൻ പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കാൻ ഡ്യൂട്ടി മാനേജർമാരുണ്ട്.
ചിത്രം: ആർടിഎ.
∙ ദുബായ് പൊലീസുമായി സഹകരിച്ച് സുരക്ഷ ഉറപ്പാക്കുന്നു
മെട്രോ നെറ്റ്വർക്കിലെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് പൊലീസുമായി ചേർന്ന് ഈ കൺട്രോൾ സെന്റർ പ്രവർത്തിക്കുന്നു. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ, കൺട്രോൾ സെന്ററിൽ നിന്ന് ഉദ്യോഗസ്ഥർക്ക് നേരിട്ട് നിർദ്ദേശങ്ങൾ നൽകും.
ദുബായ് മെട്രോയുടെ 99.7% സമയനിഷ്ഠ ഉറപ്പുവരുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് നിർമിത ബുദ്ധി(എഐ)യും അത്യാധുനിക സാങ്കേതികവിദ്യകളുമാണ്. ട്രെയിനുകളുടെയും മറ്റ് ഉപകരണങ്ങളുടെയും പ്രവർത്തനക്ഷമത സെൻസറുകൾ ഉപയോഗിച്ച് വിദൂരമായി നിരീക്ഷിക്കാൻ സാധിക്കും. എന്തെങ്കിലും തകരാറുകൾ സംഭവിക്കുന്നതിന് മുൻപ് തന്നെ കണ്ടുപിടിക്കാനും പരിഹരിക്കാനും ഈ സംവിധാനം സഹായിക്കുന്നു.
∙ പ്രളയത്തെ അതിജീവിച്ച് ദുബായ് മെട്രോ
2024 ഏപ്രിലിൽ ദുബായിലുണ്ടായ ശക്തമായ മഴ ദുബായ് മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. ഈ ദുരന്തത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ദുബായ് മെട്രോയുടെ പ്രവർത്തനങ്ങൾ പൂർണമായും പരിഷ്കരിച്ചതായി അൽ മുതാവ പറഞ്ഞു. മഴ, ഈർപ്പം, കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ നേരിടാൻ പുതിയ പദ്ധതികൾ തയാറാക്കുകയും അവ പതിവായി പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ദുബായ് മെട്രോയുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കാൻ ട്രെയിൻ മൂവ്മെന്റ് സിസ്റ്റത്തിലും നോൾ കാർഡ് സംവിധാനത്തിലും നിരന്തരമായി നവീകരണങ്ങൾ നടത്തിവരുന്നു.
∙ വലിയ ശൃംഖലയെ നിയന്ത്രിക്കാൻ 20 പേർ മാത്രം
2009-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ദുബായ് മെട്രോ 2.4 ബില്ല്യൺ ആളുകൾക്ക് യാത്രാ സൗകര്യം ഒരുക്കി. 2025-ന്റെ ആദ്യ പകുതിയിൽ മാത്രം 143.9 ദശലക്ഷം ആളുകൾ റെഡ്, ഗ്രീൻ ലൈനുകൾ ഉപയോഗിച്ചു.
ഇത്ര വലിയ ഒരു ശൃംഖലയെ നിയന്ത്രിക്കാൻ 20 പേർ മാത്രമാണ് കൺട്രോൾ സെന്ററിലുള്ളത്. ഓപ്പറേഷൻസ്, മെയിന്റനൻസ്, സുരക്ഷാ മേഖലകളിലായി 1,800-ലേറെ ജീവനക്കാർ ഇവരെ സഹായിക്കുന്നു. തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ട്രെയിനുകൾ ഓടിച്ചും ആളില്ലാത്ത സമയങ്ങളിൽ ട്രെയിനുകളുടെ എണ്ണം കുറച്ചും യാത്രക്കാരുടെ സൗകര്യം ഉറപ്പുവരുത്താൻ ഇവർ ശ്രദ്ധിക്കുന്നു. ഭാവിയിൽ നീല ലൈൻ കൂടി വരുമ്പോൾ, നിലവിലുള്ള കൺട്രോൾ സെന്റർ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് അൽ മുതവ കൂട്ടിച്ചേർത്തു.

