Breaking
6 Oct 2026, Tue

ഉള്ളത് പ്രതിരോധ ഉടമ്പടി; പക്ഷേ, സൗദിയെ സഹായിക്കാൻ കഴിയാതെ പാകിസ്ഥാനും തുർക്കിയും

പ ശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്ക് മുന്നിൽ ഇറാൻ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നു. അതേസമയം മറുവശത്ത് സൌദി വലിയൊരു പ്രതിസന്ധിയെയാണ് നേരിടുന്നത്. പതുക്കെയാണെങ്കിലും ഹൂതികൾ ചെങ്കടലലിൽ കൂടുതൽ ആധിപത്യം നേടിക്കഴിഞ്ഞു. സൗദിയുമായി പ്രതിരോധക്കരാർ ഒപ്പുവച്ചെങ്കിലും മുന്നിൽ നിന്ന് സഹായിക്കുന്നതിന് തുർക്കിയ്ക്കും പാകിസ്ഥാനും ചില തടസങ്ങളുണ്ട്. ഇതോടെ പ്രതിസന്ധിയിലാണ് സൌദി. ഇറാന്‍റെ വ്യവസ്ഥ അമേരിക്കയ്ക്ക് മുന്നിൽ ഒരു പുതിയ 7 ദിന നി‍ർദ്ദേശമാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നത്. ചർച്ച പുനരാരംഭിക്കാനും ഹോർമൂസ് തുറക്കാനുമുള്ള പദ്ധതി. ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മാധ്യമങ്ങളോട് പറഞ്ഞതാണത്. ജൂണിൽ ഇരുപക്ഷവും അംഗീകരിച്ച ധാരണയുമായി സാമ്യമുള്ള നി‍ദ്ദേശങ്ങൾ. ഇനി അമേരിക്കയുടെ പ്രതികരണമാണ് അറിയേണ്ടത്. ചില വ്യവസ്ഥകൾ മുന്നോട്ടുവച്ചിട്ടുണ്ട് ഇറാൻ. അതംഗീകരിച്ചാൽ ഹോർമൂസ് തുറക്കും. ചർച്ചയും തുടങ്ങാം. ധൃതിയില്ല ഇറാന് എന്നാണ് അരാഗ്ചി അറിയിച്ചത്. പദ്ധതി അംഗീകരിച്ചാൽ പിറ്റേന്ന് എല്ലാം തുടങ്ങും. 7 ദിവസത്തിനകം ഹോ‍ർമൂസ് തുറക്കും. പക്ഷേ, കൂടുതലൊന്നും പറഞ്ഞില്ല. ആണവായുധം ഇറാന്‍റെ ലക്ഷ്യമല്ലെന്നും അരാഗ്ചി ആവർത്തിച്ചു. ഊർജാവശ്യങ്ങൾക്കുള്ള ആണവ പദ്ധതി എന്നാണിപ്പോഴുമുള്ള നിലപാട്. ഹോർമൂസിലെ ഇറാന്‍റെ ആധിപത്യം ഉറപ്പിക്കുന്നതായിരുന്നു ജൂണിലെ ധാരണ. അല്ലെങ്കിൽ അങ്ങനെയാണ് ഇറാൻ ഉദ്ദേശിച്ചത്. അത് മനസിലായപ്പോൾ അമേരിക്ക അതിൽ നിന്ന് പിൻമാറി. അതിന്‍റെ രീതിയിൽ തന്നെയാണിപ്പോഴത്തെ നിർദ്ദേശങ്ങളെങ്കിൽ അമേരിക്ക സമ്മതിക്കില്ലെന്ന് ഉറപ്പാണ്. ഹോർമൂസ് വിട്ടുകളിക്കാൻ ഇറാൻ തയ്യാറാകില്ല. അത് ഇറാന് വിട്ടുകൊടുക്കാൻ അമേരിക്കയും. അമേരിക്ക മാത്രമല്ല, പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾക്കും അതിൽ താൽപര്യമില്ല. സൗദി അറേബ്യയടക്കം. ഇറാനിയൻ വ്യോമ മേഖലയിലെ പ്രതിസന്ധി ധൃതിയില്ല എന്ന് ഇറാൻ പറഞ്ഞെങ്കിലും ഇറാൻ കടുത്ത സമ്മർദ്ദത്തിലാണ്. അമേരിക്കൻ ഉപരോധം ഭയന്ന് ഇറാനിയൻ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയാണ് രാജ്യങ്ങൾ. ഇറാന്‍റെ ഏവിയേഷൻ മേഖലയ്ക്ക് മുഴുവനായാണ് അമേരിക്ക നിരോധനം ഏർപ്പെർുത്തിയത്. ഇറാനിയൻ വിമാനങ്ങളുടെ ടിക്കറ്റ് വിൽക്കാൻ പറ്റില്ല. ഇന്ധനം കൊടുക്കാൻ പറ്റില്ല. ലാൻഡിങിന് അനുവാദം പോലും കൊടുക്കാൻ പറ്റില്ല. അതാണ് ഉപരോധത്തിന്‍റെ ഫലം. സഹകരിക്കാത്ത വിമാനത്താവളങ്ങളും കമ്പനികളും ഡോളർ വ്യവസ്ഥയിൽ നിന്ന് പുറത്താകും. അതാണ് പ്രത്യാഘാതം. 27 വിമാനക്കമ്പനികളുണ്ട് ഇറാന്. പലതും ആഭ്യന്തര സ‍‍ർവീസുകളാണ്. അന്താരാഷ്ട്ര സർവീസുകളുള്ള കമ്പനികളുണ്ട്. റഷ്യയിലേക്കും ചൈനയിലേക്കുമാണ് ചിലത്.യുദ്ധം തുടങ്ങിയപ്പോൾ ഇറാൻ വ്യോമപാത അടച്ചിരുന്നു. പിന്നെ തുറന്നു. പക്ഷേ, മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾ ഇറാനിലേക്ക് സർവീസ് നടത്തുന്നില്ല. ഇറാനിയൻ കമ്പനികൾ മാത്രമേ പ്രവർത്തിക്കുന്നുള്ളു. ഇപ്പോഴത്തെ ഉപരോധം വിദേശത്തുള്ള ഇറാൻ പൗരൻമാർക്ക് തിരിച്ചടിയാണ്. തിരികെ വരാനുള്ള വഴികൾ കുറയും. അസർബൈജാനാണ് ഇറാനിയൻ വിമാനങ്ങൾക്ക് ആദ്യം നിരോധനം പ്രഖ്യാപിച്ചത്. അതിനുപിന്നാലെ ജോർജിയ. തുർക്കിയുടെ അഭ്യർത്ഥന മാനിച്ച് ഇറാൻ തന്നെ മഹൻ എയർലൈൻ സർവീസ് റദ്ദാക്കി. പക്ഷേ, ബാക്കിയുള്ളവ തുടരുന്നുവെന്നും അറിയിച്ചു. ഇറാഖിലെ നാല് വിമാനത്താവളങ്ങളും ഉപരോധം പ്രഖ്യാപിച്ചു. മസ്കറ്റിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായി അറിയിപ്പുണ്ടായി. പക്ഷേ, ഇറാനിലെ എല്ലാ സർവീസും റദ്ദാക്കിയതായി അറിയിപ്പില്ല. ഇറാനിയൻ പൗരൻമാർക്ക് പ്രവേശനം നിഷേധിച്ചു എന്നാണറിയിപ്പ്. ഒടുവിൽ യുഎഇ എല്ലാ സർവീസുകളും റദ്ദാക്കിയതായി പ്രഖ്യാപിച്ചു. ഇറാനിയൻ വിമാനങ്ങളുടെ പ്രധാന ലക്ഷ്യമാണ് ദുബായ്. ദിവസേന പല സ‍ർവീസുകൾ. യുഎഇയിലെ ഇറാനി സമൂഹം മറ്റ് രാജ്യങ്ങളിലുള്ളതിനേക്കാൾ വലുതാണ്. ടിക്കറ്റ് വരെ കൊടുത്ത ശേഷമാണ് ദുബായിലേക്കുള്ള ഒരു ഫ്ലൈറ്റ് റദ്ദാക്കിയത്. പക്ഷേ ചർച്ചകൾ നടക്കുന്നുവെന്നും യുഎഇയിലേക്ക് ഉടനെ സർവീസ് തുടങ്ങുമെന്നുമാണ് ഇറാന്‍റെ അറിയിപ്പ്. പാക് – തുർക്കി നിസഹായത ഹൂതികൾ തുടർച്ചയായി ലക്ഷ്യമിടുന്ന സൗദിയെ സഹായിക്കാൻ പാകിസ്ഥാനും തുർക്കിയും പരിശ്രമിക്കുകയാണ്. സഹായത്തിന് പക്ഷേ, പരിധികളുണ്ടാവുമെന്നാണ് അൽജസീറയുടെ റിപ്പോർട്ട്. മെക്ക ധാരണയാണ് (Mecca Joint Defence Agreement) മൂന്നുപേരെയും കൂട്ടിക്കെട്ടിയത്. അത്രയ്ക്ക് അസാധാരണമാണ് സാഹചര്യം. പ്രതികണങ്ങളിലും പക്ഷേ, നിയന്ത്രണം വ്യക്തമായിരുന്നു. കാരണം, ഹൂതികളുടെ ഭീഷണി തന്നെയാവണം. ഇരുമ്പ് മുഷ്ടികൊണ്ട് നേരിടുമെന്നാണ് പാകിസ്ഥാനും തുർക്കിക്കും ഇറാഖി ടെലിവിഷനിലൂടെ ഹൂതികൾ നൽകിയ മുന്നറിയിപ്പ്. പാകിസ്ഥാന് വേറെയും കാരണങ്ങൾ പറയാനുണ്ട്. ഇന്ത്യയുമായുള്ള സംഘർഷ സ്ഥിതി, അഫ്ഗാനിസ്ഥാൻ അതിർത്തി കടന്നെത്തുന്ന ഭീഷണി, രാജ്യത്ത് തന്നെയുള്ള വിവിധ സായുധ സംഘടനകൾ, ഇമ്രാൻ ഖാന്‍റെ അനുയായികളുടെ പ്രതിഷേധ ഭീഷണി. അങ്ങനെ പലത്. തുർക്കി ഉന്നയിക്കുന്നത് നേറ്റോ അംഗത്വത്തിന്‍റെ പരിധിയാണ്. സിറിയയുമായുള്ള അതിർത്തിയിലെ പ്രശ്നങ്ങളും. ചുരുക്കത്തിൽ മെക്ക കരാർ വഴി സൗദിക്ക് കാര്യമായ പ്രയോജനം കിട്ടില്ല. പക്ഷേ, സൈനിക സഹായമില്ലെങ്കിലും നയപരായ പിന്തുണ മെക്ക യെന്നാണ് സൗദിയുടെ പക്ഷം. എന്തായാലും പാകിസ്ഥാനിലെ മുൻ ഐഎസ്ഐ ഉദ്യോഗസ്ഥൻ റിയാദിലെത്തിയിട്ടുണ്ട്. സംയുക്ത പ്രതിരോധ സഖ്യത്തിന്‍റെ നേതൃത്വം വഹിക്കാൻ. പാകിസ്ഥാനാണ് പണ്ടേ സൗദി സൈനികർക്ക് പരിശീലനം നൽകുന്നതും. പാക് സൈന്യമുണ്ട് റിയാദിൽ. നേരത്തെ ഒപ്പിട്ട ധാരണയുടെ ഭാഗമാണത്. തുർക്കി പാർലമെന്‍റ് ഇതുവരെ മെക്ക ധാരണ അംഗീകരിച്ചിട്ടില്ല. അടുത്ത മാസമേ അതുണ്ടാവൂ. മുന്നേറുന്ന ഹൂതികൾ ഹൂതികൾ തങ്ങളുടെ വെട്ടിപ്പിടിക്കൽ തുടരുകയാണ്. മോക്ക (Mocha) കൈയടക്കിയ ഹൂതികൾ ചെങ്കടലലിൽ കൂടുതൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. സൗദിയോട് മാത്രമല്ല ഹൂതികളുടെ യുദ്ധം, സ്വന്തം രാജ്യത്തെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനോടും കൂടിയാണ്. യെമനിലും കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുകയാണ് ലക്ഷ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *