Breaking
12 Feb 2026, Thu

‘ടെഡ് എക്സ് ഐഐഐടി കോട്ടയം’ രണ്ടാം പതിപ്പ് 13ന് കോട്ടയം ഐഐഐടിയിൽ നടക്കും

വലവൂർ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം ക്യാംപസിൽ ‘ടെഡ് എക്സ് ഐഐഐടി കോട്ടയം’ പരിപാടിയുടെ രണ്ടാം പതിപ്പ് ഫെബ്രുവരി 13ന് സംഘടിപ്പിക്കും. ഈ വർഷത്തെ ‘ടെഡ് എക്സ് ഐഐഐടി കോട്ടയ’ത്തിന്റെ തീം ‘അൺസ്ക്രിപ്റ്റഡ്’ ആണ്. മുൻകൂട്ടി എഴുതിവച്ച തിരക്കഥകളില്ലാതെ, ജീവിതം, അനുഭവങ്ങൾ, പരാജയങ്ങൾ, വഴിത്തിരിവുകൾ, സ്വതന്ത്രചിന്തകൾ എന്നിവ തുറന്നുപറയുന്ന ആശയങ്ങളാണ് ഈ വർഷത്തെ വേദിയിൽ ഉയരുക. നിയന്ത്രിതമായ കഥകളെ മറികടന്ന്, മനുഷ്യജീവിതത്തിന്റെ യാഥാർഥ്യങ്ങളും സ്വാഭാവികതയും അന്വേഷിക്കുന്ന ചർച്ചകളായിരിക്കും ‘ടെഡ് എക്സ് ഐഐഐടി കോട്ടയം’ വേദിയിൽ നടക്കുക.

‘പ്രചരിപ്പിക്കേണ്ട ആശയങ്ങൾ’ എന്ന ‘ടെ‍ഡി’ന്റെ ആഗോള ദർശനം മുൻനിർത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ആശയങ്ങൾ പങ്കുവയ്ക്കും. പ്രശസ്ത മാധ്യമപ്രവർത്തകനും പ്രഭാഷകനുമായ ജോസഫ് അന്നംകുട്ടി ജോസ്, കേരളത്തിലെ ശ്രദ്ധേയനായ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പി.ബി.നൂഹ് ഐഎഎസ്, സാമൂഹിക-സാംസ്കാരിക പ്രവർത്തകൻ ദിലീപ് പാലവലസ, യുവ സംരംഭകനായ യുധിഷ്ടർ നാരായൺ, വാംഷി ഉദയ് എന്നിവർ വേദിയിൽ സംസാരിക്കും.

കൂടാതെ ഐഐഐടി കോട്ടയം ഫാക്കൽറ്റി അംഗങ്ങളായ ഡോ. എബിൻ ഡെനി രാജുവും ഡോ. വിക്ടർ പോൾയും അക്കാദമികവും സാമൂഹികവുമായ അനുഭവങ്ങൾ ചേർത്ത ആശയങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കും. സാങ്കേതികവിദ്യ, വിദ്യാഭ്യാസം, മനുഷ്യബന്ധങ്ങൾ, ഉത്തരവാദിത്വ നവീകരണം എന്നിവയെ കേന്ദ്രീകരിച്ച പ്രഭാഷണങ്ങളായിരിക്കും ഇവരുടേത്. ലോകമെമ്പാടും പ്രശസ്തമായ ടെഡ് (Technology, Entertainment, Design) സംരംഭത്തിന്റെ ലൈസൻസോടെയാണ് ടെഡ് എക്സ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രാദേശിക സമൂഹങ്ങളിൽ ആഗോളതല ആശയങ്ങളും നവീന ചിന്തകളും എത്തിക്കുക എന്നതാണ് ടെഡ് എക്സ് വേദികളുടെ ലക്ഷ്യം.

ഐഐഐടി കോട്ടയം സംഘടിപ്പിക്കുന്ന ടെഡ് എക്സ് പരിപാടിയുടെ രണ്ടാം പതിപ്പാണിത്. അക്കാദമിക മികവും ആശയവിനിമയത്തിനുള്ള സ്വതന്ത്ര വേദികളും സംയോജിപ്പിക്കുന്ന ഇത്തരം പരിപാടികൾ വിദ്യാർഥികളുടെ ചിന്താവിസ്താരത്തിനും സമഗ്രവികസനത്തിനും വലിയ പങ്കുവഹിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *