നെന്മാറ: നെല്ലിയാമ്പതി മേഖലയിലെ മൊബൈൽ നെറ്റ്വർക്ക് പ്രശ്നത്തിനു പരിഹാരമായില്ല. കഴിഞ്ഞവർഷമാണ് പുതുതായി നെല്ലിയാമ്പതി മേഖലയിൽ മൂന്നു മൊബൈൽ ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചത്.
കാരപ്പാറ, പോത്തുപാറ, ചെറുനെല്ലി എന്നിവിടങ്ങളിലാണ് മൊബൈൽ ടവറുകൾ സ്ഥാപിച്ചത്. നെല്ലിയാമ്പതിയിൽ ഒരുമിച്ച് യാത്രചെയ്യുന്ന ചിലരുടെ ഫോണുകളിൽ നെറ്റ്വർക്ക് ലഭിക്കുകയും ചിലർക്ക് നെറ്റ്വർക്ക് ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു.
കാരപ്പാറ, പോത്തുപാറ പ്രദേശങ്ങളിൽ സ്ഥാപിച്ച മൊബൈൽ ടവറുകളിൽ ഫോർ ജി സംവിധാനമുള്ള മൊബൈലുകളിൽ മാത്രമാണ് നെറ്റ്വർക്ക് ലഭിക്കുന്നത്.
ഫൈജി സംവിധാനമുള്ള മൊബൈലുകളിൽ സിഗ്നലുകൾ ലഭിക്കുന്നില്ല എന്ന പരാതിയും ഉയർന്നു. പഴയ മോഡൽ മൊബൈലുകളിൽ മാത്രമാണ് ഈ ടവറുകളിൽനിന്ന് സേവനങ്ങൾ ലഭിക്കുന്നുള്ളൂവെന്ന് പ്രദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും പരാതികളെ തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പ്രശ്നം സ്ഥിരീകരിച്ചത്.
ഇതിനു പരിഹാരമായി പുതുതായി സ്ഥാപിച്ച ടവറുകളിലെ സോഫ്റ്റ്വെയർ സംവിധാനം ഉടൻ അപ്ഗ്രേഡ് ചെയ്യുമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.
നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികളും പ്രദേശവാസികളും ബാങ്ക്, സ്കൂൾ വിദ്യാർഥികൾ സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ നെറ്റ്വർക്ക് പ്രശ്നം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതിനു പരിഹാരമായാണ് നെല്ലിയാമ്പതി മലമുകളിൽരണ്ടും ചുരംപാതയിൽ ഒന്നും പുതിയ മൊബൈൽ ടവറുകൾ സ്ഥാപിച്ചത്.
നെല്ലിയാമ്പതി ചുരംപാതയിലെ ഇടത്താവളമായ ചെറുനെല്ലിയിൽ പുതുതായി സ്ഥാപിച്ച മൊബൈൽ ടവറിനു ചുരംപാതയിൽ ഉടനീളം സിഗ്നൽ ലഭ്യമാക്കാൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്ന നടപടി ആരംഭിച്ചു.
നെല്ലിയാമ്പതി ചുരംപാത നവീകരണം റോഡ് പണി ആരംഭിക്കുന്നതിനു മുമ്പായി റോഡിലെ കേബിൾ വർക്കുകൾ പൂർത്തിയാക്കണമെന്നു പൊതുമരാമത്ത് അധികൃതർ നിർദ്ദേശിച്ചതിനെ തുടർന്ന് ചെറുനെല്ലി വരെ റോഡരികിൽ പ്രത്യേക ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിനുള്ള പൈപ്പുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.
Mobile network problem i nattuvishasham local news

