മൊബൈൽ ഫോണുകൾ ദൈനംദിന ജീവിതത്തിൽ മാറ്റിവയ്ക്കാൻ പറ്റാത്ത ഒന്നായി ഒപ്പം കൂടിക്കഴിഞ്ഞു. ബാങ്ക് ഇടപാടുകൾ നടത്താൻ മുതൽ വിലപ്പെട്ട രേഖകൾ സൂക്ഷിച്ചുവയ്ക്കാൻ വരെയുള്ള ഇടമാണ് മൊബൈൽ ഫോൺ. അത് നഷ്ടപ്പെട്ടാൽ പലരുടെയും ജീവിതം തന്ന കുഴപ്പത്തിലാകും. അവധിക്കാലമായതോടെ യാത്ര പോകുന്നവരുടെ എണ്ണം കൂടുന്നതിനൊപ്പം ഫോൺ നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഫോൺ എവിടെയെങ്കിലും വച്ച് മറന്നുപോകുകയോ കളഞ്ഞുപോകുകയോ മാത്രമല്ല, മോഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്. തിരികെ കിട്ടുക എന്നതിനപ്പുറം ഫോണിലെ വിവരങ്ങൾ മറ്റാരെങ്കിലും ചോർത്തുമോ എന്ന ഭയവും എല്ലാവർക്കുമുണ്ടാകും. ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്.?
ഏകാന്തതയും പേടിയും: യുകെയിലെ 70 ശതമാനം സർവകലാശാലാ വിദ്യാർഥികളും ഹോസ്റ്റലുകളിൽ ഒറ്റപ്പെടുന്നു
∙ എവിടെ പരാതി നൽകണം ?
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് പൊലീസിലോ സൈബർ പൊലീസിലോ പരാതി നൽകണം. പരാതി രസീത് നമ്പർ ഉപയോഗിച്ച് സിഇഐആർ പോർട്ടൽ (https://www.ceir.gov.in) വഴി ഫോണിന്റെ ഐഎംഇഐ നമ്പർ വിവരങ്ങൾ നൽകിയാൽ ഫോൺ ബ്ലോക്ക് ആവും. ഫോൺ ബ്ലോക്ക് ആക്കുന്നതിന് ഒടിപി ലഭിക്കാനായി ഡ്യൂപ്ലിക്കേറ്റ് സിം നിർബന്ധമാണ്. ഈ സിമ്മിലേക്കായിരിക്കും ഒടിപി നമ്പർ വരുന്നത്. ഇങ്ങനെ ബ്ലോക്ക് ആക്കിയാൽ നഷ്ടമായ ഫോൺ മറ്റാർക്കും ഉപയോഗിക്കാൻ സാധിക്കില്ല. സിഇഐആർ പോർട്ടലിൽ പരാതി നൽകുന്നതിന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ രസീത് നമ്പർ, ഐഎംഇഐ നമ്പർ, തിരിച്ചറിയൽ കാർഡ് എന്നിവയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഐഎംഇഐ നമ്പർ അറിയില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് എടുക്കാൻ സാധിക്കും. പോർട്ടൽ വഴി ബ്ലോക്ക് ചെയ്യുന്ന ഫോൺ എവിടെയാണെന്ന് ലൊക്കേറ്റ് ചെയ്യാൻ പൊലീസിന് സാധിക്കും. ഫോൺ ഓഫായിപ്പോയെങ്കിൽ പിന്നീട് ആരെങ്കിലും ഓൺ ആക്കുകയോ സിം കാർഡ് ഇടുകയോ ചെയ്താൽ പൊലീസിനു വിവരം ലഭിക്കും.
∙ ഐഎംഇഐ നമ്പര്‍ എങ്ങനെ കണ്ടുപിടിക്കും ?
ഐഎംഇഐ നമ്പര്‍ ഫോണ്‍ വാങ്ങിയപ്പോള്‍ ലഭിച്ച ബില്ലിലും ബോക്‌സിലും ഉണ്ടായേക്കാം. അവ കൈമോശം വന്നെങ്കില്‍ ഫോണില്‍ *#06# എന്ന് ഡയല്‍ ചെയ്യുക. അപ്പോൾ ഐഎംഇഐ നമ്പര്‍ സ്ക്രീനിൽ തെളിയും. പൊലീസിനും ഐഎംഇഐ നമ്പർ കണ്ടെടുക്കാനുള്ള സംവിധാനമുണ്ട്.
∙ തിരിച്ചു കിട്ടിയ ഫോൺ എങ്ങനെ അൺബ്ലോക്ക് ചെയ്യും ?
നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്ത്, പിന്നീട് തിരിച്ച് കിട്ടിയാല്‍ അത് അണ്‍ബ്ലോക് ചെയ്യാനും സിഇഐആര്‍ വെബ്‌സൈറ്റ് വഴി സാധിക്കും. മൊബൈല്‍ നമ്പര്‍, എന്തു കാരണത്താലാണ് അണ്‍ബ്ലോക് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ ചോദിക്കും. സിഇഐആര്‍ വഴി ബ്ലോക്ക് ചെയ്ത ഫോണ്‍ അണ്‍ബ്ലോക്ക് ചെയ്യാതെ ഉടമയ്ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. അൺബ്ലോക്ക് ചെയ്യണമെങ്കിലും ഡ്യൂപ്ലിക്കേറ്റ് സിമ്മിലേക്ക് ഒടിപി വരും.
∙ സഞ്ചാർ സാഥി ആപ്പിൽ എന്തുണ്ട് ?
സർക്കാരിന്റെ സഞ്ചാർ സാഥി വെബ്സൈറ്റിലെ ഒരു സെക്‌ഷനാണ് സിഇഐആർ. ഫോണുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഏഴ് ഓപ്ഷനുകൾ സഞ്ചാർ സാഥി സൈറ്റിൽ ലഭിക്കുന്നു. നമ്മുടെ പേരിൽ എത്ര സിം ഉണ്ടെന്ന് അറിയുന്നതിനും സ്പാം കോളുകൾ ബ്ലോക്ക് ചെയ്യുന്നതിനും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സഞ്ചാർ സാഥിയിലുണ്ട്.
∙ സിം ഉപയോഗിക്കാതിരുന്നാൽ ഫോൺ കിട്ടുമോ ?
സിം പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രമേ ഫോൺ കണ്ടുപിടിക്കാൻ സാധിക്കൂ. വൈഫൈ പോലുള്ള നെറ്റ് സൗകര്യങ്ങൾ ഉപയോഗിച്ച് ഫോൺ ഉപയോഗിച്ചാൽ കണ്ടുപിടിക്കാൻ സാധിക്കില്ല. നഷ്ടപ്പെടുന്ന ഫോണുകളുടെ 70 ശതമാനവും തിരിച്ചു പിടിക്കുന്നുണ്ടെന്ന് സൈബർ പൊലീസ് അധികൃതർ പറയുന്നു. അതേസമയം, മോഷ്ടിക്കപ്പെടുന്ന ഫോണുകളിൽ പലതും പാർട്സുകളാക്കി വിൽപ്പന നടത്തുന്നുണ്ട്. ഇങ്ങനെയുള്ള ഫോണുകൾ കണ്ടെത്താൻ സാധിക്കില്ലെന്നും പൊലീസ് പറയുന്നു.

