Breaking
5 Feb 2026, Thu

‘22,000 നിക്ഷേപിച്ചാൽ 25 ലക്ഷം’; മന്ത്രിമാരുടെ വിഡിയോ കണ്ട് പണം അയക്കല്ലേ, വൻ ചതി

പ്രധാനമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും മറ്റു സാമ്പത്തിക വിദഗ്ധരുടെയും ചിത്രങ്ങളും ശബ്ദവും വിഡിയോയും ഉൾപ്പെടെ ദുരുപയോഗം ചെയ്തുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ അടുത്തിടെ കൂടുതലായി കാണുന്നുണ്ട്. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെയടക്കം പേരിൽ ഇത്തരത്തിലുള്ള വ്യാപക സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ട്.

മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ ടിക്കറ്റ് ഇളവുകൾ തിരിച്ചെത്തിയോ? പ്രചാരണത്തിന്റെ വാസ്തവമെന്ത്? | Fact Check

വാഗ്ദാനങ്ങളിൽ വീഴരുത്

പ്രമുഖരുടെ ചിത്രമോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിഡിയോയോ ഇത്തരം തട്ടിപ്പിനായി ഉപയോഗിക്കുന്നു. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവരുടെ ശബ്ദം കൃത്യമായി നൽകാനും കഴിയും. ഈ പരസ്യങ്ങളിലും വ്യാജ പ്രചാരണങ്ങളിലും വിശ്വസിച്ച് ഒട്ടേറെ പേരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. ‘മാസം 22,000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 25 ലക്ഷം രൂപ വരെ റിട്ടേൺസ് തിരിച്ചു കിട്ടും’ പോലുള്ള മോഹന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാർ നൽകുന്നത്. ഡീപ് ഫെയ്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മന്ത്രിമാർ പറയുന്നതുപോലെ കാര്യങ്ങൾ അവതരിപ്പിക്കുക ഇന്നത്തെ കാലത്ത് അത്ര പ്രയാസമല്ല. മന്ത്രിമാരുടെ ചിത്രങ്ങളും വിഡിയോയും കാണുമ്പോൾ പറയുന്ന കാര്യങ്ങളിൽ യാഥാർഥ്യം ഉണ്ടായേക്കാമെന്ന് നമുക്കും തോന്നുന്നു. ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യം മന്ത്രിമാരും പ്രമുഖരുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളും പദ്ധതികളും അവരുെട ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി മാത്രമേ പ്രസിദ്ധീകരിക്കുവെന്നതാണ്. അതായത്, സര്‍ക്കാരുമായി ബന്ധപ്പെട്ട പദ്ധതി ആണെങ്കിൽ സർക്കാർ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി അറിയിക്കും. അല്ലാത്ത പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വഞ്ചിതരാകാതിക്കുക. തട്ടിപ്പാണെന്നു സംശയം തോന്നുന്ന ഇത്തരം പരസ്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ സർക്കാരുമായി ബന്ധപ്പെട്ട സമൂഹമാധ്യമ അക്കൗണ്ടുകളിൽ നോക്കുക. സിനിമ, ക്രിക്കറ്റ് തുടങ്ങി യുവാക്കളെ ആകർഷിക്കുന്ന മേഖലകളിൽ നിന്നുള്ള സൂപ്പർതാരങ്ങളുടെ പേരുകൾ അടക്കം ഉപയോഗിച്ച് ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്.

‘കംപ്യൂട്ടർ ഓൺ ആക്കാതെ ജോലി ചെയ്യുന്നതായി അഭിനയിക്കുന്ന ഉദയനിധി സ്റ്റാലിൻ’! വിഡിയോയുടെ വാസ്തവമെന്ത്? | Fact Check

ട്രേഡിങ് ആപ്പുകൾ വഴിയും തട്ടിപ്പ്

ട്രേഡിങ് ആപ്പ് അടക്കം പല ആപ്ലിക്കേഷനുകളിലൂടെയും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഏതെങ്കിലും വാട്സാപ് ഗ്രൂപ്പിലേക്കോ ടെലിഗ്രാം ഗ്രൂപ്പിലേക്കോ ആയിരിക്കും നിങ്ങൾ ആദ്യം ചെന്നുപെടുക. ആ ഗ്രൂപ്പിൽ നൂറോളം പേർ ചിലപ്പോൾ അംഗങ്ങളായിരിക്കും. ഈ ട്രേഡിങ് ആപ്പ് ഉപയോഗിച്ച് ഞങ്ങൾക്കു വലിയ തുക ലഭിച്ചിട്ടുണ്ടെന്ന് ഈ വാട്സാപ് ഗ്രൂപ്പിലോ ടെലിഗ്രാം ഗ്രൂപ്പിലോ അംഗങ്ങളായവർ നിങ്ങളോട് അവകാശപ്പെടും. തട്ടിപ്പിലേക്കുള്ള ആദ്യ പടിയെന്നോണം നിങ്ങളെ വിശ്വസിപ്പിക്കാനുള്ള തന്ത്രമാണ് ഇത്തരം ഗ്രൂപ്പുകൾ. വിദഗ്ധരാണെന്ന് അവകാശപ്പെട്ട് ചിലർ ഗ്രൂപ്പിൽ വന്ന് എങ്ങനെ കാര്യങ്ങൾ ചെയ്യണം, നടപടിക്രമങ്ങൾ എങ്ങനെ തുടങ്ങിയെന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കും. അടുത്ത ഘട്ടമെന്നു പറയുന്നത്, ഇത് തട്ടിപ്പല്ല, തങ്ങൾ അവകാശപ്പെടുന്നതു പോലെ രണ്ടിരട്ടിയെല്ലാം സമ്പാദിക്കാമെന്ന തോന്നിപ്പിക്കലാണ്. ഇതിനായി ഇവർ ചെയ്യുന്ന സൂത്രം, നിങ്ങൾ പണം നിക്ഷേപിച്ചതിനു ശേഷം രണ്ടോ മൂന്നോ തവണകളായി പലിശയോ അവർ വാഗ്ദാനം ചെയ്ത തുകയോ നൽകുകയാണ്. അങ്ങനെ ലഭിക്കുമ്പോൾ ഇത് തട്ടിപ്പല്ലെന്നു തോന്നി കൂടുതൽ നിക്ഷേപിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കും. പലപ്പോഴും ആ തുക തിരിച്ചുകിട്ടില്ല.

‘പെണ്‍കുട്ടി നൽകിയ മിഠായിയിൽ മനസലിഞ്ഞ് മോഷ്ടാവ്’, പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവമെന്ത്? | Fact Check

മാധ്യമങ്ങളുടെ പേരിലും കെണി

പത്രങ്ങളുടെയും മാധ്യമങ്ങളുടെയും പേരുകൾ ഉപയോഗിച്ചും തട്ടിപ്പുകൾ ധാരാളമായി നടക്കുന്നുണ്ട്. അവ കണ്ടെത്താനും ചില മാർഗങ്ങളുണ്ട്. പ്രസ്തുത മാധ്യമത്തിന്റെ ഔദ്യോഗിക പേജിലോ വെബ്സൈറ്റിലോ കയറി നിങ്ങൾ കണ്ട വിവരം അവിടെ നൽകിയിട്ടുണ്ടോ എന്നു പരിശോധിക്കുക. നമ്മൾ ശ്രദ്ധിക്കുന്നത്, ഇത് ആരാണു നൽകിയിരിക്കുന്നത്, യഥാർഥ വിലാസം ആണോ ഔദ്യോഗിക പേജാണോ തുടങ്ങിയ സുപ്രധാന കാര്യങ്ങൾ അവഗണിക്കും. പ്രധാന വാർത്താ ചാനലുകളെല്ലാം വാർത്തകളും അപ്ഡേറ്റുകളും സമൂഹമാധ്യമ േപജുകളിലൂടെ പോസ്റ്റർ രൂപത്തിൽ പങ്കു വയ്ക്കുന്ന പതിവുണ്ട്. അതിനാൽത്തന്നെ, പ്രസ്തുത ചാനലിന്റെ വെരിഫൈഡ് സമൂഹമാധ്യമ പേജിൽ പോയി ഇത്തരമൊരു വാർത്ത അവിടെ ഉണ്ടോ എന്ന് ഉറപ്പാക്കാം.

‘സുഡാനിൽ തോക്കിനു മുന്നിൽ മരണം കാത്തിരിക്കുന്ന അമ്മയും കുഞ്ഞും’, പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവമെന്ത്? | Fact Check

സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം

സാമ്പത്തിക സ്കീമുകൾ, സർക്കാർ തന്നെ നടപ്പിലാക്കിയിരിക്കുന്ന പദ്ധതികൾ എന്നിവയെക്കുറിച്ച് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അന്വേഷിക്കുക. വെബ്സൈറ്റുകളുടെ മാതൃകയിൽ തന്നെ വ്യാജ വെബ്സൈറ്റുകൾ നിർമിച്ചുകൊണ്ട് തട്ടിപ്പ് നടത്തുന്നവരുമുണ്ട്. അതിനാൽ, വെബ്സൈറ്റിന്റെ പേര്, സ്പെല്ലിങ്, നൽകിയിരിക്കുന്ന വിവരങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തണം.

പരാതിപ്പെടാം

ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽ പെടുകയോ ഇരയാകുകയോ ചെയ്താൽ ഉടനടി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി റജിസ്റ്റർ ചെയ്യണം. എന്തെങ്കിലും കുറ്റകൃത്യങ്ങൾ ശ്രദ്ധിയിൽപെട്ടാൽ 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചും cybercrime.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും പരാതി സമർപ്പിക്കാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *