പീരുമേട് ∙ മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ നിർമിച്ച റോക്കറ്റ് ‘ബസേലിയൻ 01’ വിക്ഷേപിച്ചു. രാവിലെ 10.28നു കൗണ്ട്ഡൗൺ തുടങ്ങി. 10.30നു ലോഞ്ച് പാഡിൽനിന്നു വിക്ഷേപണം നടത്തി. സമുദ്രനിരപ്പിൽനിന്ന് 1800 മീറ്റർ ഉയരത്തിലെത്തുകയായിരുന്നു ലക്ഷ്യം. 1601 മീറ്റർ വരെ റോക്കറ്റ് ഉയർന്നു. വിക്ഷേപണം വിജയകരമാണെന്നു കോളജ് അധികൃതർ അറിയിച്ചു.
റോക്കറ്റ് ‘ബസേലിയൻ 01’ വിക്ഷേപണത്തിനായി ലോഞ്ച് പാഡിൽ ഘടിപ്പിക്കുന്നു. കോളജ് ഗ്രൗണ്ടിനു നടുവിൽ മേശയ്ക്കു മുകളിലാണു ലോഞ്ച് പാഡ‍് ഒരുക്കിയത്. ചിത്രം: റെജു അർനോൾഡ് / മനോരമ
പീരുമേട് കുന്നുകളുടെ എയറോസോൾ (വാതകത്തിൽ കലർന്നിരിക്കുന്ന ഖര–ദ്രാവക കണികകളുടെ മിശ്രിതം) ഗുണങ്ങൾ പഠിക്കുക, വിളവു നിരീക്ഷിച്ച് ഉൽപാദനം വർധിപ്പിക്കാനുള്ള മാർഗങ്ങൾ പഠിക്കുക, കാലാവസ്ഥാ വ്യതിയാനം വിലയിരുത്തുക എന്നിവയാണ് ലക്ഷ്യം. ഇവയിലൂടെ സുഗന്ധവ്യഞ്ജന കൃഷി മെച്ചപ്പെടുത്താനുള്ള വഴികൾ കണ്ടെത്തുകയാണ് റോക്കറ്റ് വിക്ഷേപണത്തിലൂടെ വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘം ലക്ഷ്യമിട്ടത്.
തദ്ദേശീയമായി നിർമിച്ചതായിരുന്നു ലോഞ്ച് പ്ലാറ്റ്‌ഫോം. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ എൻജിനീയറിങ് എന്നീ വിവിധ ശാഖകളിലെ നൂറോളം വിദ്യാർഥികളും ഫാക്കൽറ്റി അംഗങ്ങളും ചേർന്നുള്ള പരിശ്രമത്തിന്റെ ഫലമാണ് നേട്ടം. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞനും കോളജ് ഗവേഷണ വിഭാഗം ഡീനുമായ ഡോ. ഉമ്മൻ തരകന്റെ നേതൃത്വത്തിലാണു റോക്കറ്റ് നിർമാണം പൂർത്തിയാക്കിയത്.

