പ്രാവുകളുടെ തലച്ചോറിൽ ചിപ്പുകൾ ഘടിപ്പിച്ച് അവയെ ഡ്രോണുകളാക്കി മാറ്റാനും ശ്രമം. റഷ്യൻ ന്യൂറോ ടെക്നോളജി കമ്പനിയായ നെയ്റിയാണു വിചിത്ര പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ബയോഡ്രോൺ പ്രാവുകൾ’ എന്ന് പേരിട്ടിരിക്കുന്ന ഇവയുടെ പറക്കൽ കമ്പനി പരീക്ഷിച്ചുവരികയാണ്. സാധാരണ ഡ്രോണുകളിലേതുപോലെ പറക്കേണ്ട പാത മുൻകൂട്ടി നൽകി പക്ഷിയെ നിയന്ത്രിക്കാൻ ഈ ന്യൂറോചിപ്പ് സഹായിക്കും.
സ്ഫോടനത്തിൽ കെട്ടിടം ചെറിയ കഷ്ണങ്ങളായി ചിതറിത്തെറിച്ചു, ഗ്യാസ് ലൈൻ വിച്ഛേദിച്ചിട്ടും നടുക്കി തീഗോളം; കാരണം അറിയാം
പരിശീലനം ലഭിച്ച മൃഗങ്ങളിൽനിന്ന് ബയോഡ്രോണുകളെ വ്യത്യസ്തമാക്കുന്നത് ഇവയ്ക്ക് പ്രത്യേക പരിശീലനം ആവശ്യമില്ല എന്നതാണ്. ശസ്ത്രക്രിയയ്ക്കുശേഷം ഏതു പക്ഷിയെയും വിദൂരത്തുനിന്ന് നിയന്ത്രിക്കാം. തലച്ചോറിലെ നിർദിഷ്ട ഭാഗങ്ങളെ ഉത്തേജിപ്പിച്ച്, ഉദ്ദേശിക്കുന്ന ദിശയിലേക്ക് പറക്കാൻ പക്ഷിയെ ‘പ്രേരിപ്പിക്കാൻ’ സാധിക്കും.
ബയോഡ്രോണിന്റെ പ്രധാനലക്ഷ്യം
ബയോഡ്രോണുകൾ സൈനികമായ ആവശ്യത്തിനുപയോഗിക്കാനും സാധ്യതയുണ്ട്. ബെലൂഗ, ഡോൾഫിനുകൾ തുടങ്ങിയവയെ പരിശീലിപ്പിച്ച് സൈനികനിരീക്ഷണ ജോലികൾക്കുപയോഗിക്കുന്ന രീതി ഇപ്പോൾതന്നെ നിലവിലുണ്ട്. പ്രാവുകളെ നേരത്തെ തന്നെ ആശയവിനിമയത്തിനായി യുദ്ധമുഖങ്ങളിൽ ഉപയോഗിച്ചിരുന്നു. സാധാരണ ഡ്രോണുകൾ പെട്ടെന്നു തന്നെ തിരിച്ചറിയാൻ എതിർസൈന്യത്തിനു സാധിക്കും. എന്നാൽ ബയോഡ്രോൺ പ്രാവുകളെ തിരിച്ചറിയാൻ സാധിക്കില്ല. രഹസ്യക്യാമറ വഴി നിരീക്ഷണമാണു ബയോഡ്രോണിന്റെ പ്രധാനലക്ഷ്യം.
പ്രവർത്തന സമയത്തിലും സഞ്ചാരപരിധിയിലും യാന്ത്രിക ഡ്രോണുകളേക്കാൾ ബയോഡ്രോണുകൾക്ക് വലിയ മേന്മയുണ്ട്. കൂടുതൽ നേരം ഇവയെ ഉപയോഗിക്കാനാകും. നഗരങ്ങളിലെ ഇടുങ്ങിയ സ്ഥലങ്ങളിലും കെട്ടിടങ്ങൾക്കിടയിലും തടസ്സങ്ങൾ മറികടന്ന് പറക്കാനുള്ള പ്രാവുകളുടെ സ്വാഭാവിക കഴിവും പ്രയോജനകരമാണ്. പറക്കുന്നതിനിടെ ഒരു ബയോഡ്രോൺ തകരാറിലാകാനുള്ള സാധ്യത, ഒരു പക്ഷി പറക്കാനാവാതെ താഴെ വീഴുന്നതിന് തുല്യമാണെന്നും നെയ്റി അധികൃതർ പറയുന്നു.
500 കിലോമീറ്റർ വരെ പറക്കാൻ കഴിയും
പക്ഷിയുടെ പുറത്ത് ഘടിപ്പിച്ച സ്റ്റിമുലേറ്ററുമായി ബന്ധിപ്പിച്ച ഇലക്ട്രോഡുകളാണ് ഈ സാങ്കേതികവിദ്യയുടെ അടിസ്ഥാനം. ഇടത്തോട്ടും വലത്തോട്ടും തിരിയാനുള്ള പക്ഷിയുടെ പ്രേരണയെ സ്വാധീനിക്കുന്ന സിഗ്നലുകൾ അയയ്ക്കുന്ന ഒരു കൺട്രോളറും ഇതിലുണ്ട്. പക്ഷിയുടെ സ്ഥാനം തത്സമയം കണ്ടെത്താൻ സഹായിക്കുന്ന ജിപിഎസ് റിസീവറും സംവിധാനത്തിന്റെ ഭാഗമാണ്. ഈ ന്യൂറൽ ഇന്റർഫേസ് വഴി പക്ഷിക്കൂട്ടങ്ങളെ ഒന്നടങ്കം നിയന്ത്രിക്കാനും പുതിയ സഞ്ചാരപാതകൾ അവയ്ക്ക് നൽകാനും സാധിക്കും. ബയോഡ്രോണായി മാറ്റിയ ഒരു പ്രാവിന് ദിവസം 500 കിലോമീറ്റർ വരെ പറക്കാൻ കഴിയും.
ജീവിതകാലം മുഴുവൻ ഒരേയൊരു പങ്കാളി, ദാമ്പത്യ വിശ്വസ്തതയിൽ മനുഷ്യന്റെ സ്ഥാനം എത്രാമത്? അമ്പരപ്പിക്കുന്ന കണക്കുകൾ
ഇപ്പോൾ പ്രാവുകളിലാണ് നെയ്റിയുടെ ഈ സംവിധാനം പ്രവർത്തിക്കുന്നത്. എന്നാൽ ഏതു പക്ഷിയെയും ഇതിനായി ഉപയോഗിക്കാം. കൂടുതൽ ഭാരമുള്ള വസ്തുക്കൾ വഹിക്കാൻ മലങ്കാക്കകളെയും തീരദേശ നിരീക്ഷണത്തിന് കടൽക്കാക്കകളെയും വിശാലമായ സമുദ്രമേഖലകൾക്കായി ആൽബട്രോസ് പക്ഷികളെയും ഉപയോഗിക്കാൻ നെയ്റിക്കു പദ്ധതിയുണ്ട്.ഒരു ബയോഡ്രോണിന്റെ നിർമാണച്ചെലവ് സാധാരണ ഡ്രോണിന് തുല്യമാണെന്നും പദ്ധതി അവസാനഘട്ടത്തിലാണെന്നും വിദൂര നിരീക്ഷണത്തിനായി ഉടൻ വിന്യസിക്കുമെന്നും നെയ്റി പറയുന്നു.

