അതിർത്തിയിലെ വെല്ലുവിളികൾക്ക് മറുപടിയായി വ്യോമസേനയ്ക്ക് കരുത്തേകാൻ റഫാൽ യുദ്ധവിമാനങ്ങളിലെയും ബ്രഹ്മാസ്ത്രമായ ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും. ഫ്രഞ്ച് പ്രതിരോധ കമ്പനിയായ സഫ്രാൻ ഇലക്ട്രോണിക്‌സ് ആൻഡ് ഡിഫൻസുമായി ചേർന്ന് പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎൽ) ആണ് മിസൈൽ നിർമ്മാണത്തിനുള്ള നിർണ്ണായക കരാറിൽ ഒപ്പുവെച്ചത്.
ലഡാക്ക് സംഘർഷസമയത്ത് ചൈനീസ് ബങ്കറുകളെ തകർക്കാൻ ഇന്ത്യ അടിയന്തരമായി ഫ്രാൻസിൽ നിന്ന് വാങ്ങിയ മിസൈലുകളാണിവ. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി സാങ്കേതികവിദ്യ കൈമാറുന്നതോടെ ഇന്ത്യൻ പ്രതിരോധമേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്.
ചൈനയ്ക്ക് അടിച്ചത് ബമ്പർ ലോട്ടറി, അവഗണിച്ചിരുന്ന ആ ചെടിയിലുള്ളത് അപൂർവ ലോഹങ്ങൾ; ആ ‘നിധിവേട്ട’ ഇങ്ങനെ
ഈ വർഷമാദ്യം ബെംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിലാണ് ഇക്കാര്യത്തിൽ പ്രാഥമിക തീരുമാനമായത്. മിസൈൽ നിർമിക്കാൻ വേണ്ടി ഇരു സ്ഥാപനങ്ങൾക്കും 50% വീതം പങ്കാളിത്തമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപിക്കും. വ്യോമസേന ഉപയോഗിക്കുന്ന റഫാൽ യുദ്ധവിമാനങ്ങളിലും നാവികസേന വാങ്ങുന്ന റഫാൽ നേവൽ വിമാനങ്ങളിലും പുതിയ ഹാമർ മിസൈലുകൾ ഘടിപ്പിക്കും.
എന്താണ് ഹാമർ ?
പേര് സൂചിപ്പിക്കുന്നത് പോലെ ശത്രുക്കളുടെ മേൽ ചുറ്റിക പോലെ പതിക്കുന്ന പ്രഹരശേഷിയാണ് ഇതിന്റെ പ്രത്യേകത. ഹൈലി അജൈൽ മോഡുലാർ മ്യൂണിഷൻ എക്സ്റ്റൻഡഡ് റേഞ്ച് (Highly Agile Modular Munition Extended Range) എന്നതിന്റെ ചുരുക്കപ്പേരാണ് ഹാമർ.
സാങ്കേതികമായി ഇതൊരു മിസൈലിനേക്കാൾ ഉപരി, സാധാരണ ബോംബുകളെ ‘സ്മാർട്ട് ബോംബു’കളാക്കി മാറ്റുന്ന ഒരു കിറ്റാണ്. 250 കിലോ മുതൽ 1000 കിലോ വരെ ഭാരമുള്ള ബോംബുകളിൽ ഈ കിറ്റ് ഘടിപ്പിക്കുന്നതോടെ അവ കൃത്യതയാർന്ന മിസൈലുകളായി മാറും.
പ്രധാന സവിശേഷതകൾ:
ദൂരപരിധി: 70 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ഹാമറിന് സാധിക്കും. അതായത്, ശത്രുരാജ്യത്തിന്റെ വ്യോമപരിധിയിൽ കടക്കാതെ തന്നെ സുരക്ഷിതമായ അകലത്തിൽ നിന്ന് ആക്രമണം നടത്താം.
റഫാൽ യുദ്ധവിമാനം (Photo by Guillaume SOUVANT / AFP/GUILLAUME SOUVANT / AFP)
ഫയർ ആൻഡ് ഫോർഗെറ്റ്: ലക്ഷ്യം നിശ്ചയിച്ച് തൊടുത്തുവിട്ടാൽ പിന്നെ പൈലറ്റിന് അതിനെ നിയന്ത്രിക്കേണ്ട ആവശ്യമില്ല. മിസൈൽ സ്വയം ലക്ഷ്യം കണ്ടെത്തി നശിപ്പിക്കും.
ഏത് കാലാവസ്ഥയിലും: ജിപിഎസ് (GPS), ഇൻഫ്രാറെഡ്, ലേസർ ഗൈഡൻസ് സംവിധാനങ്ങൾ ഉള്ളതിനാൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, മോശം കാലാവസ്ഥയിലും കൃത്യമായി ലക്ഷ്യം ഭേദിക്കും.
ബങ്കർ ബസ്റ്റർ: മലനിരകളിലെ ബങ്കറുകളും ഉറപ്പേറിയ കോൺക്രീറ്റ് കെട്ടിടങ്ങളും തകർക്കാൻ ഇതിന് പ്രത്യേക കഴിവുണ്ട്. ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നതും ഈ കഴിവാണ്.
തേജസിനും കരുത്തേകും
നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ റഫാൽ യുദ്ധവിമാനങ്ങളിലാണ് ഹാമർ ഉപയോഗിക്കുന്നത്. പുതിയ കരാർ പ്രകാരം ഇന്ത്യയിൽ നിർമ്മിക്കുന്ന ഹാമർ മിസൈലുകൾ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങളിലും ഘടിപ്പിക്കും. ഇതോടെ തേജസിന്റെ ആക്രമണശേഷി പതിന്മടങ്ങ് വർധിക്കും. വ്യോമസേനയ്ക്ക് പുറമെ നാവികസേനയ്ക്കും ഈ മിസൈൽ സംവിധാനം ലഭ്യമാകും.
ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കും, ചാന്ദ്ര ധൂളി ഭൂമിയില്‍ പതിക്കും! പ്രതിവിധി ആണവായുധം, ആ പേടിസ്വപ്നം യാഥാർഥ്യമാകുമോ?
മലനിരകളിൽ ഒളിച്ചിരിക്കുന്ന ശത്രുക്കളെ, റഡാറുകൾക്ക് പിടികൊടുക്കാതെ കൃത്യമായി തകർക്കാൻ കഴിയുന്ന ഹാമർ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നത് ആത്മനിർഭർ ഭാരത് പദ്ധതിയിലെ നാഴികക്കല്ലാണ്.

