Breaking
5 Feb 2026, Thu

പുതിയ സെൽറ്റോസ് ഉടൻ; പെട്രോളും ഡീസലും പിന്നെ ഹൈബ്രിഡും

സെൽറ്റോസിന്റെ രണ്ടാം തലമുറയുമായി കിയ എത്തുന്നു. ഡിസംബർ ആദ്യം പുതിയ മോഡലിനെ ദക്ഷിണകൊറിയയിലും ഇന്ത്യയിലും കിയ അവതരിപ്പിക്കും. തുടക്കത്തിൽ പെട്രോൾ, ഡീസൽ എൻജിനും പിന്നീട് ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് മോഡലും എത്തുമെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയ്ക്ക് ഇന്ത്യയിൽ മേൽവിലാസം ഉണ്ടാക്കിയ കാറാണ് സെൽറ്റോസ്. 2019ല്‍ പുറത്തിറങ്ങിയ സെല്‍റ്റോസ് ആറു വർഷത്തിന് ശേഷം തലമുറ മാറി എത്തുന്നു. ഡിസംബർ പത്തിന് പുതുതലമുറ സെല്‍റ്റോസ് എത്തുകയാണ്.

ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും കാനഡയിലും ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം കിയ വില്‍ക്കുന്ന മോഡലാണ് സെല്‍റ്റോസ്. രണ്ടാം തലമുറ സെല്‍റ്റോസിനെ അവതരിപ്പിക്കാനാണ് ഇപ്പോള്‍ കിയ ശ്രമിക്കുന്നത്. 2019ലായിരുന്നു ആദ്യ തലമുറ സെല്‍റ്റോസ് എത്തിയത്. 2023ല്‍ മുഖം മിനുക്കി സെല്‍റ്റോസ് എത്തിയിരുന്നു. കൂട്ടത്തില്‍ പുതു ഫീച്ചറുകളും 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും സെല്‍റ്റോസിനായി കിയ നല്‍കിയിരുന്നു. തലമുറമാറ്റത്തോടെ എത്തുന്ന സെല്‍റ്റോസ് ഡിസൈനില്‍ അടി മുടി മാറിയാണ് വരുന്നത്. കൂടുതല്‍ ഫീച്ചറുകളും പവര്‍ട്രെയിന്‍ ഓപ്ഷനുകളും പ്രതീക്ഷിക്കാം.

ഇപ്പോള്‍ വിപണിയിലുള്ള സെല്‍റ്റോസ് കെ2 പ്ലാറ്റ്‌ഫോമിലാണ് എത്തുന്നത്. ക്രേറ്റയും ഇതേ പ്ലാറ്റ്‌ഫോമിലാണെത്തുന്നത്. സെല്‍റ്റോസിനായി കിയ പ്ലാറ്റ്‌ഫോമില്‍ മാറ്റങ്ങള്‍ വരുത്തും. 2027ല്‍ പുറത്തിറങ്ങുന്ന ക്രേറ്റയിലും ഇങ്ങനെ മാറ്റങ്ങള്‍ വരുത്തിയ പ്ലാറ്റ്‌ഫോമാകും ഉണ്ടാവുക. കാബിന്‍ അനുഭവത്തിലും വാഹനത്തിനുള്ളിലെ സ്ഥലത്തിലുമെല്ലാം പ്ലാറ്റ്‌ഫോമില്‍ വരുത്തുന്ന മാറ്റങ്ങള്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാം. കൂടുതല്‍ വലിയ വീല്‍ബേസും പിന്‍ സീറ്റുകളില്‍ കൂടുതല്‍ വിശാലമായ ലെഗ്‌റൂമും കൂടിയ ബൂട്ട് സ്‌പേസും പ്രതീക്ഷിക്കാം.

ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കൂടുതല്‍ മെലിഞ്ഞ എല്‍ഇഡി ലൈറ്റുകള്‍, കുത്തനെയുള്ള ഡിആര്‍എല്ലുകള്‍, കൂടുതല്‍ അഗ്രസീവായ ഗ്രില്‍, മാറ്റങ്ങളോടെയുള്ള വിന്‍ഡോലൈനും ബോഡി ലൈനുകളും, പുതിയ റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസ്, പുതിയ വീലുകള്‍, സൈഡ് മിററുകള്‍, പുതു ബംപറുകള്‍ എന്നിവയെല്ലാം പ്രതീക്ഷിക്കാവുന്നതാണ്.‘

ഡിസൈനിനു പുറമേ ഫീച്ചറുകളിലും വലിയ മാറ്റങ്ങളുണ്ടായേക്കും. 10.25 ഇഞ്ച് സ്‌ക്രീനുകള്‍ക്ക് പകരം 12.3 ഇഞ്ച് യൂണിറ്റുകളെത്തും. പുതിയ ഇന്റീരിയര്‍ ലേഔട്ടും പ്രീമിയം മെറ്റീരിയലുകളും ഉണ്ടാവും. സിറോസിലേതിനു സമാനമായ ട്രിനിറ്റി ഡിസ്‌പ്ലേ പുതു സെല്‍റ്റോസിലും എത്തും. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, ആംബിയന്റ് ലൈറ്റിങ്, ലെവല്‍ 2 അഡാസ് ഫീച്ചറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ ടെക്‌നോളജി, വയര്‍ലെസ് ചാര്‍ജിങ് പാഡ് എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകളായെത്തുക.

മറ്റൊരു പ്രധാന മാറ്റം പവര്‍ട്രെയിനിലാണ് ഉണ്ടാവുക. പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ പുതു തലമുറ സെല്‍റ്റോസിലുണ്ടാവുമോ എന്നതാണ് പ്രധാന ചോദ്യം. അങ്ങനെ സംഭവിച്ചാല്‍ ഗ്രാന്‍ഡ് വിറ്റാര, വിക്ടോറിസ്, ഹൈറൈഡര്‍ തുടങ്ങിയ മോഡലുകളുടെ ഹൈബ്രിഡ് വകഭേദങ്ങളുമായി മത്സരിക്കാന്‍ കിയ സെല്‍റ്റോസുമുണ്ടാവും. ഇന്ത്യയില്‍ മാത്രമല്ല വിദേശ വിപണികളിലും ഹൈബ്രിഡ് സെല്‍റ്റോസെത്തും. 4 വീല്‍ ഡ്രൈവ് സൗകര്യമുള്ള ഹൈബ്രിഡാണോ എത്തുകയെന്ന ആകാംഷയുമുണ്ട്. 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍, 1.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ പവര്‍ട്രെയിനുകള്‍ എന്തായാലും ഉറപ്പിക്കാം. തുടക്കത്തിൽ പെട്രോൾ, ഡീസൽ എൻജിനും അതിന് ശേഷം 1.5 ലീറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന ഹൈബ്രിഡ് മോഡലും എത്തും. കിയ നിറോ എസ്‍യുവിയിൽ ഉപയോഗിക്കുന്ന അതേ ഹൈബ്രിഡ് എൻജിൻ തന്നെയാകും പുതിയ മോഡലിലും.

ഉയര്‍ന്ന വേഗത്തിലും കൃത്യതയോടെ നിയന്ത്രിക്കാനാവുന്ന നിര്‍മാണ മികവോടെയാവും സെല്‍റ്റോസ് എത്തുക. ചേസിസിലെ മാറ്റങ്ങളും വീല്‍ബേസിലുണ്ടായ വര്‍ധനവും സസ്‌പെന്‍ഷനിലെ മികവുമായിരിക്കും ഇതിന് പുതുതലമുറ സെല്‍റ്റോസിനെ സഹായിക്കുക. പുതു തലമുറ സെല്‍റ്റോസിന്റെ വിലയില്‍ വര്‍ധനവിന് സാധ്യതയുണ്ട്. നിലവില്‍ 10.79 ലക്ഷം മുതല്‍ 19.81 ലക്ഷം രൂപ വരെയാണ് വിവിധ സെല്‍റ്റോസ് വകഭേദങ്ങളുടെ വില.

Image Source: KCB

By admin

Leave a Reply

Your email address will not be published. Required fields are marked *