പുതു തലമുറ ഹൈലക്‌സ് പിക്ക്അപ്പ് ട്രക്ക് പുറത്തിറക്കി ടൊയോട്ട. പുത്തന്‍ സ്റ്റൈലില്‍ കൂടുതല്‍ ഫീച്ചറുകളുമായാണ് ഹൈലക്‌സ് എത്തുന്നത്. ആദ്യമായി ഇലക്ട്രിക്ക് മോഡലും ഹൈലക്‌സില്‍ ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഒമ്പതാം തലമുറ ഹൈലക്‌സ് ടൊയോട്ടയുടെ ആദ്യത്തെ ബോഡി ഓണ്‍ ഫ്രെയിം ഇവി കൂടിയാണ്.
പവര്‍ട്രെയിന്‍
ടൊയോട്ടയുടെ ഐഎംവി ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് പുതിയ ഹൈലക്‌സിനെ ഒരുക്കിയിരിക്കുന്നത്. ട്രക്കുകളിലും ഓഫ് റോഡ് വാഹനങ്ങളിലുമെല്ലാം പരിചിതമായ ബോഡി ഓണ്‍ ഫ്രെയിം രീതിയില്‍ പവര്‍ട്രെയിനും സസ്‌പെഷന്‍ഷനും ബ്രേക്കും സ്റ്റിയറിങും അടക്കമുള്ള പ്രധാന ഭാഗങ്ങള്‍ ചേസിസില്‍ സ്ഥാപിക്കുകയും പ്രത്യേകം ബോഡി നിര്‍മിക്കുകയുമാണ് ചെയ്യുന്നത്. ആദ്യമായാണ് ടൊയോട്ടയുടെ ബോഡി ഓണ്‍ ഫ്രെയിം വാഹനങ്ങളില്‍ ഇവി പവര്‍ട്രെയിന്‍ ലഭ്യമാക്കുന്നത്. ഡ്യുവല്‍ മോട്ടോര്‍ സെറ്റ്അപ്പില്‍ 59.2 കിലോവാട്ട് ബാറ്ററിയാണ് ഹൈലക്‌സ് ഇവിയിലുള്ളത്. ഓള്‍ വീല്‍ ഡ്രൈവ് സൗകര്യമുള്ള വാഹനത്തിന് മുന്നില്‍ പരമാവധി 205 എന്‍എം ടോര്‍ക്ക് വരെയും പിന്നില്‍ 268.6എന്‍എം ടോര്‍ക്ക് വരെയും പുറത്തെടുക്കാനാവും.
715 കിലോഗ്രാമാണ് വാഹനത്തിന്റേ പേ ലോഡ് കപ്പാസിറ്റി. 1,600 കിലോഗ്രാം വരെ ടോവിങ് കപ്പാസിറ്റിയുള്ള ഹൈലക്‌സിന്റെ WLTP സാക്ഷ്യപ്പെടുത്തിയ റേഞ്ച് 240 കിലോമീറ്റര്‍. പിക്ക്അപ് ട്രക്കുകളുടെ വിഭാഗത്തിലെ തന്നെ മികച്ച ചാര്‍ജിങ് ഫീച്ചറുകളുമായാണ് ഹൈലക്‌സ് എത്തുന്നതെന്നും ടൊയോട്ട അറിയിക്കുന്നു.
ഇലക്ട്രിക്ക് മാത്രമല്ല പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകളും ഹൈലക്‌സില്‍ ടൊയോട്ട അവതരിപ്പിച്ചിട്ടുണ്ട്. 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് തുടരുന്നത്. ഡീസലിന് 48വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് പിന്തുണയും ലഭിക്കും. പിന്‍സീറ്റുകള്‍ക്കടിയിലായാണ് ബാറ്ററി ടൊയോട്ട സ്ഥാപിച്ചിരിക്കുന്നത്. ഇത് ഇന്റീരിയര്‍ സ്‌പേസ് ബാറ്ററി കവരുമെന്ന ആശങ്കയും ഇല്ലാതാക്കുന്നു. പേലോഡ് കപ്പാസിറ്റി 1,000 കിലോഗ്രാമും ടോവിങ് കപ്പാസിറ്റി 3,500 കിലോഗ്രാമും ആണ്. ഇലക്ട്രിക്ക് പവര്‍സ്റ്റിയറിങ്ങുള്ള ആദ്യ ഹൈലക്‌സായിരിക്കും ഇപ്പോള്‍ പുറത്തിറങ്ങുന്നത്.
എക്സ്റ്റീരിയര്‍
മുന്നില്‍ മെലിഞ്ഞ എല്‍ഇഡി ഹെഡ് ലൈറ്റുകളാണ്. ഇവക്ക് നടുവിലായിട്ടാണ് ടൊയോട്ട എന്ന് എഴുതിയിരിക്കുന്നത്. തേനീച്ചക്കൂടിന്റെ ആകൃതിയിലാണ് ഐസിഇ മോഡലുകളുടെ ഗ്രില്‍. ഇവി മോഡലിന്റെ ഗ്രില്‍ അടച്ച നിലയിലാണ്. മുന്നില്‍ ഇരുവശത്തുമായി എയര്‍ ഇന്‍ടേക്കുകളും താഴെയായി സ്‌കിഡ് പ്ലേറ്റുകളും നല്‍കിയിട്ടുണ്ട്.
പവര്‍ട്രെയിനുകള്‍ക്ക് അനുസരിച്ച് അലോയ് വീലുകളില്‍ മാറ്റമുണ്ട്. ഐസിഇ മോഡലുകള്‍ക്ക് കറുപ്പ് ക്ലാഡിങും ഇവി മോഡലുകള്‍ക്ക് ബോഡി നിറത്തിന് അനുസരിച്ചുള്ള ക്ലാഡിങ്ങുമാണുള്ളത്. പിന്നില്‍ കുത്തനെയുള്ള ടെയില്‍ ലാംപുകളും C രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും നല്‍കിയിരിക്കുന്നു.
ഇന്റീരിയറും ഫീച്ചറുകളും
ഇരട്ട 12.3 ഇഞ്ച് ഡിസ്‌പ്ലേകളാണ് ഡാഷ്‌ബോര്‍ഡിലെ ശ്രദ്ധാകേന്ദ്രം. പുതിയ 3 സ്‌പോക്ക് സ്റ്റീറിങ് വീലില്‍ ടൊയോട്ട എന്ന് എഴുതിയിട്ടുമുണ്ട്. എച്ച്‌വിഎസി(ഹീറ്റിങ്, വെന്റിലേഷന്‍, എയര്‍ കൂളിങ്), എഡബ്ല്യുഡി, ഡ്രൈവ് മോഡുകള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ക്കായി ഫിസിക്കല്‍ കണ്‍ട്രോളുകളും നല്‍കിയിരിക്കുന്നു. വയര്‍ലെസ് ചാര്‍ജിങ് പോഡ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, പിന്നില്‍ യുഎസ്ബി ചാര്‍ജിങ് പോട്ടുകള്‍, കണക്ടഡ് കാര്‍ ടെക്ക്, പവേഡ് വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, 360 ഡിഗ്രി മോണിറ്ററുകള്‍, ഓവര്‍ ദ എയര്‍ അപ്‌ഡേറ്റ്, ഡ്രൈവര്‍ മോണിറ്ററിങ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. സുരക്ഷക്കായി അഡാസ് ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.
പുറത്തിറങ്ങുക
ഡിസംബര്‍ 2025 മുതല്‍ തന്നെ ഹൈലക്‌സിന്റെ ഇവി രാജ്യാന്തര വിപണിയില്‍ പുറത്തിറക്കാനാണ് ടൊയോട്ടയുടെ തീരുമാനം. അതേസമയം ഐസിഇ മോഡലുകള്‍ അടുത്തവര്‍ഷം പകുതിയോടെ മാത്രമേ വില്‍പനക്കെത്തൂ. ഇന്ത്യയിലും ഇതേ സമയത്തു തന്നെ പുതു തലമുറ ഹൈലക്‌സ് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2030നുള്ളില്‍ പുതിയ 15 മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് ടൊയോട്ടയുടെ വാഗ്ദാനം.

