∙എൻഐടികൾ (നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്‌സ് ഓഫ് ടെക്‌നോളജി), ഐഐഐടികൾ (ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്‌സ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി), കേന്ദ്രസഹായത്തോടെ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഇൻസ്‌റ്റിറ്റ്യൂഷനുകൾ, സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള / സാമ്പത്തികസഹായം നൽകുന്ന സ്ഥാപനങ്ങൾ / സർവകലാശാലകൾ എന്നിവിടങ്ങളിൽ ബിടെക്, ബിഇ, ബിആർക്, ബിപ്ലാനിങ് പ്രവേശനത്തിന് വഴിയൊരുക്കുന്ന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ–മെയിൻ (ജെഇഇ മെയിൻ) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
ജെഇഇ മെയിൻ ഒന്നാം പേപ്പറിൽ എല്ലാ കാറ്റഗറികളിലെയുമടക്കം ഏറ്റവും ഉയർന്ന രണ്ടര ലക്ഷം പേർക്കാണ് ഐഐടികളിലെ പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് എഴുതാൻ അർഹത. മെയിനും അഡ്വാൻസ്‌ഡും തമ്മിൽ പ്രവേശന യോഗ്യതയടക്കമുള്ള കാര്യങ്ങളിൽ ഗണ്യമായ വ്യത്യാസങ്ങളുണ്ട്. ജെഇഇ മെയിൻ നടത്തുന്നത് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ; www.nta.ac.in) ആണ്. 2026 ജനുവരി, ഏപ്രിൽ മാസങ്ങളിലായി 2 തവണ പരീക്ഷയിൽ പങ്കെടുക്കാം. ഒരു തവണ മതിയെങ്കിൽ അങ്ങനെയുമാകാം. പങ്കെടുക്കുന്നതിൽ മെച്ചപ്പെട്ട സ്കോർ പരിഗണിക്കും. പരീക്ഷാഫലം പുനഃപരിശോധിക്കുന്ന രീതിയില്ല. ജെഇഇ റാങ്കിങ്ങിന് 12ലെ ബോർഡ് പരീക്ഷയിൽ നേടിയ മാർക്ക് നോക്കില്ല.ഇംഗ്ലിഷും മലയാളവുമടക്കം 13 ഭാഷകളിൽ മെയിൻ ചോദ്യക്കടലാസുണ്ട്. മലയാളം കേരളത്തിലും ലക്ഷദ്വീപിലും മാത്രം.
ഒരു എഐ വിപ്ലവം! ഗൂഗിൾ പോലുള്ള കമ്പനികളുടെ കോഡിങ് സമ്പ്രദായം; കോഡ്എക്സ്പേർട്ടിലൂടെ ആർക്കും പഠിക്കാം
Education News
അപേക്ഷിക്കേണ്ട വിധം
jeemain.nta.nic.in എന്ന സൈറ്റിൽ സമയക്രമമനുസരിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഫീയടച്ച് അപേക്ഷ പൂർത്തിയാകുമ്പോൾ കൺഫർമേഷൻ വരും. ഒരു അപേക്ഷയേ സമർപ്പിക്കാവൂ. പക്ഷേ, ഏപ്രിൽ പരീക്ഷയ്ക്ക് ഇപ്പോഴത്തെ അപേക്ഷാനമ്പർ ഉപയോഗിച്ച് പണമടച്ച് യഥാസമയം അപേക്ഷിക്കാം. വിജ്ഞാപനം പിന്നീടു വരും. രണ്ടാമത്തെ പരീക്ഷയ്ക്കു മാത്രം റജിസ്റ്റർ ചെയ്ത് അപേക്ഷിക്കുകയുമാകാം. സമർപ്പിച്ച അപേക്ഷയിൽ സാധാരണഗതിയിൽ തിരുത്ത് അനുവദിക്കാത്തതിനാൽ പരമാവധി ശ്രദ്ധിച്ച് വിവരങ്ങൾ ചേർക്കുക. പട്ടികജാതി, പട്ടികവർഗം, ക്രീമിലെയറിൽപെടാത്ത പിന്നാക്കം, സാമ്പത്തിക പിന്നാക്കം എന്നീ വിഭാഗക്കാർക്ക് യഥാക്രമം 15, 7.5, 27, 10 % സംവരണമുണ്ട്. ഇവയിൽ ഓരോ കാറ്റഗറിയിലും ഭിന്നശേഷിക്കാർക്ക് 5%.
പ്രവേശനയോഗ്യത
‘എൻഐടി പ്ലസ്’ പ്രവേശനത്തിനു 12 ലെ 5 വിഷയങ്ങളിൽ മൊത്തം 75% എങ്കിലും മാർക്കു വേണം. പകരം, പ്രസക്തബോർഡിലെ ബന്ധപ്പെട്ട കാറ്റഗറിയിൽ 12 ജയിച്ചവരിലെ 20–ാം പെർസന്റൈലിൽപെട്ടാലും മതി. പട്ടികവിഭാഗക്കാർക്കു 65% മാർക്ക്. വിശദാംശങ്ങൾക്കു ജോസ / സിഎസ്എബി എന്നിവയുടെ https://josaa.nic.in & https://csab.nic.in വെബ്സൈറ്റുകൾ നോക്കാം. ജെഇഇ എഴുതാൻ പ്രായപരിധിയില്ല. പ്രവേശനം നൽകുന്ന സ്ഥാപനത്തിലെ പ്രായനിബന്ധനകൾ പാലിക്കേണ്ടിവരും.
2024, 2025 വർഷങ്ങളിൽ 12 / തുല്യപരീക്ഷ ജയിച്ചവരെയും, 2026 ൽ 12 ലെ പരീക്ഷയെഴുതുന്നവരെയുമാണ് പ്രവേശനത്തിനു പരിഗണിക്കുക. പ്ലസ്ടുവിനു പകരം എഐസിടിഇ / സംസ്ഥാന സാങ്കേതികവിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച 3 വർഷ ഡിപ്ലോമയായാലും മതി. പ്രവേശനസമയത്ത് 12 ലെ മിനിമം മാർക്കടക്കം കൂടുതൽ യോഗ്യതാവ്യവസ്ഥകളുള്ളപക്ഷം അവ പാലിക്കേണ്ടിവരും. എൻഐടി പ്ലസ് വിഭാഗത്തിൽപെടാത്ത സ്ഥാപനങ്ങൾക്ക് പ്രവേശനത്തിന് ഇവ സ്വീകരിക്കുകയോ യോഗ്യതയിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയോ ആകാം. വിവരങ്ങൾക്ക് അതതു വെബ്സൈറ്റുകൾ നോക്കാം.
പഠിച്ചിരിക്കേണ്ട വിഷയങ്ങൾ
എൻഐടി പ്ലസ് പ്രവേശനത്തിനു പ്ലസ്ടുവിൽ താഴെപ്പറയുന്ന വിഷയങ്ങൾ പഠിച്ചിരിക്കണം.
∙ ബിഇ/ ബിടെക്: മാത്‌സും ഫിസിക്സും നിർബന്ധം. കൂടാതെ കെമിസ്ട്രി, ബയോടെക്നോളജി, ബയോളജി, ടെക്നിക്കൽ വൊക്കേഷനൽ വിഷയങ്ങൾ ഇവയിലൊന്നും ഒരു ഭാഷയും ഈ 4നും പുറമേ മറ്റൊരു വിഷയവും
∙ ബിആർക്: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു പുറമേ 2 വിഷയങ്ങളും
∙ ബി പ്ലാനിങ്: മാത്‌സും മറ്റു 4 വിഷയങ്ങളും
ഇന്റലിജൻസ് ബ്യൂറോയിൽ ഓഫിസർ; ശമ്പള സ്കെയിൽ 44,9000 – 1,42,000 രൂപ
Career Guru
പരീക്ഷാരീതി
മൾട്ടിപ്പിൾ ചോയ്സ് / ന്യൂമെറിക്കൽ വാല്യൂ ചോദ്യങ്ങളിൽ ശരിയുത്തരത്തിനു 4 മാർക്ക് കിട്ടും. തെറ്റൊന്നിന് ഒരു മാർക്ക് കുറയ്ക്കും. ഉത്തരം നൽകാത്തതോ റിവ്യൂവിനു വച്ചതോ ആയ ചോദ്യത്തിനു മാർക്കു കുറയ്ക്കില്ല. ദിവസവും രാവിലെ 9 മുതൽ 12 വരെയും വൈകിട്ട് 3 മുതൽ 6 വരെയും ഓരോ ഷിഫ്റ്റ്. ഇവയിലൊന്നിൽ എഴുതിയാൽ മതി. ബി ആർക്കും ബി പ്ലാനിങ്ങും ഒരുമിച്ചെഴുതാൻ മൂന്നര മണിക്കൂർ : 9 മുതൽ 12.30 വരെയും വൈകിട്ട് 3 മുതൽ 6.30 വരെയും. ഭിന്നശേഷിക്കാർക്ക് മണിക്കൂറിന് 20 മിനിറ്റ് എന്ന ക്രമത്തിൽ പരീക്ഷയ്ക്ക് പരിഹാരസമയമായി നൽകും. എഴുതാൻ സഹായിക്കുന്ന സ്ക്രൈബുണ്ടെങ്കിലും ഈ ആനുകൂല്യം ലഭിക്കും. സിലബസ് വെബ്സൈറ്റിലുണ്ട്.
പരീക്ഷാകേന്ദ്രങ്ങൾ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ / ചെങ്ങന്നൂർ, കോട്ടയം, എറണാകുളം / മൂവാറ്റുപുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, കവരത്തി, ദുബായ്, ഷാർജ, അബുദാബി, മസ്കത്ത്, മനാമ, കുവൈത്ത്, ദോഹ, റിയാദ്, സിംഗപ്പൂർ, വാഷിങ്ടൻ എന്നിവയുൾപ്പെടെ ധാരാളം പരീക്ഷാകേന്ദ്രങ്ങളുണ്ട്. 4 കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ കാണിക്കാം. സ്ഥിരം വിലാസമോ ഇപ്പോഴത്തെ വിലാസമോ അടിസ്ഥാനമാക്കിയാണു കേന്ദ്രം തീരുമാനിക്കുന്നത്. വിദേശത്തുള്ളവരുടെ കാര്യത്തിലും ഈ രീതി സ്വീകരിക്കും.
ഇന്ത്യയ്ക്കു പുറത്തു പരീക്ഷയെഴുതാൻ പ്രത്യേകനിരക്കുകൾ. ഓൺലൈനായിത്തന്നെ ഫീസടയ്ക്കണം. പല ദിവസങ്ങളിൽ വിവിധ ഷിഫ്റ്റുകളിലായി നടത്തുന്ന പരീക്ഷകളിലെ ചോദ്യനിലവാരം വ്യത്യസ്തമാകയാൽ ഇവയിലെ മാർക്കുകൾ അതേപടിയെടുത്തു റാങ്കുചെയ്യില്ല. പരീക്ഷയെഴുതുന്നവരുടെ പെർസന്റൈൽ സ്കോറുകൾ നോർമലൈസ് ചെയ്ത്, എൻടിഎ സ്കോറുകളാക്കി, ആപേക്ഷികമികവു തീരുമാനിക്കും. ഇത് അടിസ്ഥാനമാക്കിയായിരിക്കും സിലക്‌ഷൻ. ഏപ്രിൽ സെഷനും പൂർത്തിയാക്കിയിട്ടാവും അന്തിമറാങ്കുകൾ കണക്കുകൂട്ടിയെടുക്കുന്നത്. കൺഫർമേഷൻ പേജ്, അഡ്മിറ്റ് കാർഡ്, മെയിനിലെ സ്കോർ കാർഡ് എന്നിവ 2026 ജൂലൈയ്ക്കു ശേഷം സൈറ്റിൽ വരാത്തതിനാൽ അവയുടെ സോഫ്റ്റ്, ഹാർഡ് കോപ്പികൾ സൂക്ഷിച്ചുവയ്ക്കുക ഹെൽപ്‌ലൈൻ : 011-40759000 / jeemain@nta.ac.in. മുഖ്യ വെബ്സൈറ്റുകൾ : www.nta.ac.in, https://jeemain.nta.nic.in.

