Breaking
6 Feb 2026, Fri

ജൈറ്റെക്സ് ഗ്ലോബൽ 2025ന് ദുബായിൽ തുടക്കം: പ്രദർശനത്തിന് ഗൂഗിൾ, മൈക്രോസോഫ്റ്റ് അടക്കം ആഗോള ഭീമന്മാർ

ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാ പ്രദർശനമായ ജൈറ്റെക്സ് ഗ്ലോബൽ 2025ന് ദുബായിൽ ഇന്ന് (13) രാവിലെ ഉജ്വല തുടക്കം. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന 45-ാമത് പ്രദർശനത്തിലേക്ക് രാവിലെ മുതൽ സന്ദർശകരുടെയും മറ്റും ഒഴുക്കാണ്. ദുബായ് മെട്രോയിലാണ് കൂടുതൽ പേരുമെത്തുന്നത്. എന്നാൽ, ഈ വർഷം ഒരു യുഗത്തിന്റെ അന്ത്യം കൂടിയാണ് കുറിക്കുന്നത്.

ദന്തഡോക്ടറിൽ നിന്ന് ചികിത്സ തേടിയവർക്ക് എച്ച്ഐവി?; പരിശോധിക്കണമെന്ന് നിർദേശം

Other Countries

യുഎഇയിൽ സായാഹ്ന സവാരിക്ക് ഇറങ്ങിയ മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ; ‘അനുമതിയില്ലാത്ത നടപ്പ്’, പിന്നാലെ നടപടി

ആഗോള തലത്തിൽ നിർണായകമായ ഈ സാങ്കേതിക സംഗമം, വമ്പൻ രാജ്യങ്ങളുടെയും അതികായരായ കമ്പനികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. 180-ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും തീരുമാനമെടുക്കുന്നവരും ഈ വർഷത്തെ ജൈറ്റെക്സിൽ അണിനിരക്കുന്നു. യുഎഇ, ഇന്ത്യ, ചൈന, യുഎസ്എ, യുകെ, സൗദി, യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണ കൊറിയ, ജപാൻ തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള സാങ്കേതിക ശക്തികൾ ഇവിടെ ഒത്തുചേരുന്നു. 6,000ലേറെ കമ്പനികളാണ് ഈ വർഷം ഉൽപന്നങ്ങളും സേവനങ്ങളുമായി എത്തിയിട്ടുള്ളത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഹുവായ്, നോക്കിയ തുടങ്ങിയ ആഗോള ഭീമന്മാർ മുതൽ നൂതന ആശയങ്ങളുമായി വരുന്ന 1,800 സ്റ്റാർട്ടപ്പുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. സാങ്കേതിക രംഗത്തെ അതികായന്മാരും സർക്കാർ പവലിയനുകളും പ്രദർശനത്തിനുണ്ട്.

1,80,000-ലേറെ സാങ്കേതിക വിദഗ്ധർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ ഈ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ജൈറ്റെക്സ് ഗ്ലോബൽ കേവലം ഒരു പ്രദർശനം എന്നതിലുപരി, ഒട്ടേറെ ഉപമേളകളുടെയും ഉന്നതതല ഉച്ചകോടികളുടെയും സംഗമവേദിയാണ്. നിർമിത ബുദ്ധി(എഐ)യുടെ ഭാവി ചർച്ച ചെയ്യുന്നതും എഐ അധിഷ്ഠിത ഉൽപന്നങ്ങളുടെ പ്രദർശനവും ഇവിടെ നടക്കുന്നു. എഐ രംഗത്തെ ആഗോള നേതാക്കളുടെ മുഖ്യ പ്രഭാഷണങ്ങൾ ഇതിന്റെ പ്രധാന ആകർഷണമാണ്. ഡിജിറ്റൽ ലോകത്തെ സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും പുതിയ സൈബർ സുരക്ഷാ സാങ്കേതികവിദ്യകൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഇവിടെ അവതരിപ്പിക്കും. യുഎസ്എ, യുഎഇ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളുടെ സൈബർ സുരക്ഷാ പവലിയനുകളും ഉണ്ടാകും. എഐ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറുകൾക്ക് കരുത്ത് പകരുന്ന ഡേറ്റ സെന്ററുകൾ, ഗ്രീൻ കംപ്യൂട്ടിങ് എന്നിവയുടെ സാധ്യതകൾ ചർച്ച ചെയ്യും. സാമ്പത്തിക സാങ്കേതികവിദ്യയിലെ പുതിയ ട്രെൻഡുകളായ വെബ്3, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ, ഓപൺ ബാങ്കിങ് തുടങ്ങിയവ ഇവിടെ ശ്രദ്ധാകേന്ദ്രമാകും. ആരോഗ്യമേഖലയിലെ ഡിജിറ്റൽ പരിവർത്തനം, എഐ-അധിഷ്ഠിത ചികിത്സാരീതികൾ, മരുന്നു ഗവേഷണം എന്നിവ ഡിജിഹെൽത്ത് ആൻഡ് ബയോടെക് വിഭാഗത്തിലെ മുഖ്യ വിഷയങ്ങളാണ്. ക്വാണ്ടം കംപ്യൂട്ടിങ്, ക്വാണ്ടം ആശയവിനിമയം, ക്രിപ്‌റ്റോഗ്രഫി എന്നീ ഭാവി സാങ്കേതികവിദ്യകൾ ക്വാണ്ടം എക്സ്പോയിൽ ചർച്ച ചെയ്യപ്പെടും.

പ്രധാനമന്ത്രിമാർ, മന്ത്രിമാർ, യുഎഇയിലെയും ലോകത്തിലെയും പ്രമുഖ ടെക് കമ്പനി തലവന്മാൾ തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ മേളയ്ക്ക് മാറ്റു കൂട്ടും. ടെക്നോളജി, ഹെൽത്ത് കെയർ, ഫൂഡ് ആൻഡ് ബിവറേജസ്, ഫിനാൻഷ്യൽ സർവീസസ്, എനർജി, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലെ സാങ്കേതിക മാറ്റങ്ങൾക്ക് ജിടെക്സ് 2025 സാക്ഷ്യം വഹിക്കും.

ജൈറ്റെക്സ് ഗ്ലോബൽ 2025 ൽ നിന്ന്. ചിത്രം: വാം.

∙ അടുത്ത വർഷം ദുബായ് എക്സ്പോ സിറ്റിയിൽ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പധാനമന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ നിർദേശങ്ങൾക്കനുസൃതമായി ജൈറ്റെക്സ് ഗ്ലോബലും എക്സ്പാൻഡ് നോർത്ത് സ്റ്റാറും അടുത്ത വർഷം മുതൽ എക്സ്പോ സിറ്റി ദുബായിലെ പുതിയ കേന്ദ്രത്തിലേക്ക് മാറും. വേദി മാറ്റുന്നതിനൊപ്പം ജൈറ്റെക്സ് ഗ്ലോബലിന്റെ തീയതികളിലും മാറ്റമുണ്ട്. 2026-ലെ പ്രദർശനം ഡിസംബർ 7 മുതൽ 11 വരെ ആയിരിക്കും നടക്കുക.

∙ എക്സ്പോ സിറ്റിയിൽ 1000 കോടി ദിർഹമിന്റെ വികസനം

ജൈറ്റെക്സിന്റെ വേദി മാറ്റം എക്സ്പോ സിറ്റി ദുബായിലെ ദുബായ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന വിപുലമായ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ്. 2024 ഒക്ടോബറിൽ 1000 കോടി ദിർഹമിന്റെ വികസന പദ്ധതികൾക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകിയിരുന്നു. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായ ഈ വികസനം പൂർത്തിയാകുമ്പോൾ, ഇത് മേഖലയിലെ ഏറ്റവും വലിയ ഇൻഡോർ ഇവന്റ് സ്പേസായി മാറും. 2033- നകം പദ്ധതി പൂർത്തിയാകുന്നതോടെ ദുബായിൽ വർഷം തോറും നടക്കുന്ന വലിയ ഇവന്റുകളുടെ എണ്ണം 300-ൽ നിന്ന് 600 ആകും.

വികസനം വിവിധ ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യഘട്ടം അടുത്ത വർഷം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നിലവിലെ ശേഷിയുടെ ഏകദേശം രണ്ടര ഇരട്ടിയായ 1,40,000 ചതുരശ്ര മീറ്റർ പ്രദർശന സ്ഥലമാണ് ആദ്യഘട്ടത്തിൽ ഒരുങ്ങുക. അടുത്ത ഘട്ടം 2028ലും അവസാന ഘട്ടം 2031ലും പൂർത്തിയാകും. ദുബായ് എക്സിബിഷൻ സെന്റർ പൂർത്തിയാകുമ്പോൾ, നിലവിലെ ദുബായ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിനേക്കാൾ ഒന്നര ഇരട്ടി വലുതായിരിക്കും. സാങ്കേതികവിദ്യ, ആരോഗ്യം, ഭക്ഷ്യ-പാനീയം, ധനകാര്യ സേവനങ്ങൾ, ഊർജം, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലെ പ്രധാന പ്രദർശനങ്ങളെല്ലാം ഇനി ഈ പുതിയ കേന്ദ്രത്തിലായിരിക്കും നടക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *