Breaking
24 Mar 2026, Tue

റെയിൽവേ എംയുടിഎസ് സംവിധാനം: ആദ്യം പട്ടിക്കാട് സ്‌റ്റേഷനിൽ

പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിലെ വിവിധ സ്‌റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടറുകളിലെ ഏറ്റവും ആധുനിക സംവിധാനമായ എംയുടിഎസ് (മൊബൈൽ അൺ റിസർവ്‌ഡ് ടിക്കറ്റ് സിസ്‌റ്റം) ഉടൻ നിലവിൽ വരും. പരീക്ഷണാടിസ്ഥാനത്തിൽ, പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിൽ ഇതിനകം സംവിധാനം പ്രവർത്തനക്ഷമമായി. എംയുടിഎസ് സംവിധാനം വരുന്നതോട‌െ എല്ലാ സ്‌റ്റേഷനുകളിലേക്കുമുള്ള വിവിധ ട്രെയിനുകളിലെ ടിക്കറ്റ് നേരിട്ട് യാത്രക്കാർക്കു ലഭ്യമാകും. പ്രത്യേക സോഫ്‌റ്റ്‌വെയർ വഴി നടപ്പാക്കുന്ന സംവിധാനം ദക്ഷിണ റെയിൽവേയുടെ ചെന്നൈ കൺസോൾ ആണ് നിയന്ത്രിക്കുക. പട്ടിക്കാട്ട് പുതിയ സംവിധാനം വന്നതോടെ കഴിഞ്ഞ ദിവസങ്ങളിൽ വരുമാനത്തിലും വർധനയുണ്ടെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.

അതേസമയം നിലവിൽ ടിക്കറ്റ് വിതരണത്തിനുള്ള എല്ലാ സംവിധാനങ്ങളും നിലനിർത്തിക്കൊണ്ടു തന്നെ മറ്റു ചില സ്‌റ്റേഷനുകളിൽ പുതിയ എംയുടിഎസ് സഹായക്മാരെ നിയമിക്കാനും റെയിൽവേക്കു പദ്ധതിയുണ്ട്. റെയിൽവേ സ്‌റ്റേഷനുകളിലെ കൗണ്ടറിനു പുറത്ത് എംയുടിഎസ് സഹായക്മാർ എല്ലാ അൺ റിസർവ്‌ഡ് ടിക്കറ്റുകളും നൽകും. ഈ അധിക സേവനം പാലക്കാട് ഡിവിഷനിൽ ഏതൊക്കെ സ്‌റ്റേഷനുകളിൽ എന്നത് ഇതുവരെ തീരുമാനമായിട്ടില്ല. അതേ സമയം നിലവിലുള്ള എടിവിഎം (ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ) കൗണ്ടറുകൾ അതേപടി തുടരും.

പുതിയ സംവിധാനത്തിൽ എംയുടിഎസ് മെഷീൻ ഉപയോഗിച്ച് പ്രിന്റ് ചെയ്‌ത ടിക്കറ്റ്, മെഷീനിൽ നിന്നുതന്നെ യാത്രക്കാർക്കു നൽകാനാവും. മുൻപ് ഹാൾട്ട് സ്‌റ്റേഷനുകളിൽ മുൻകൂട്ടി ലഭിക്കുന്ന നിശ്ചിത എണ്ണം ടിക്കറ്റുകൾ മാത്രമാണ് യാത്രക്കാർക്കു നൽകാൻ സാധിച്ചിരുന്നത്. എംയുടിഎസ് ടിക്കറ്റിനു യാത്രക്കാർ അധിക നിരക്കോ സർവീസ് ചാർജോ നൽകേണ്ടതില്ല. ടിക്കറ്റ് തുക പണമായും ഡിജിറ്റൽ രീതിയിലും നൽകാം. രാജ്യത്തെ എല്ലാ ട്രെയിനിലെയും ടിക്കറ്റുകൾ പുതിയ സംവിധാനം വഴി ലഭിക്കും. എന്നാൽ റിസർവേഷൻ ടിക്കറ്റുകൾ നിലവിൽ ലഭ്യമാവില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *