“നഭഹ സ്പർശം ദീപ്തം” (ആകാശത്തെ തൊടുന്ന മഹാകീർത്തി) എന്ന അർഥം വരുന്ന സംസ്കൃത വാക്യം അന്വർഥമാക്കിക്കൊണ്ട്, ഇന്ത്യൻ വ്യോമസേനേ 93 വർഷം പൂർത്തിയാക്കിയിരിക്കുന്നു. 1932 ഒക്ടോബർ 8ന് രൂപീകൃതമായ ഈ മഹത്തായ സേനാവിഭാഗം, ഇന്ന് യുഎസിനും റഷ്യയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമശക്തിയായി നിലകൊള്ളുന്നു. ഇന്ത്യയുടെ വിശാലമായ ആകാശങ്ങളെ തങ്ങളുടെ ചിറകുകളാൽ സംരക്ഷിച്ചുകൊണ്ട്, പെരുമയുടെ എല്ലാ മാനങ്ങളും വ്യോമസേന കീഴടക്കിക്കൊണ്ടിരിക്കുന്നു
എൻഡുറൻസ് ദുർബലമെന്നു പഠനം! ഇതറിഞ്ഞിട്ടും ഈ കപ്പൽ എന്തിനു പര്യവേക്ഷകൻ തിരഞ്ഞെടുത്തു? ദുരൂഹത
സ്വാതന്ത്ര്യാനന്തരം: ഒന്നാം കശ്മീർ യുദ്ധം (1947–48)
ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോൾ, അന്നത്തെ റോയൽ ഇന്ത്യൻ എയർഫോഴ്സ് വിഭജിക്കപ്പെട്ടു. മൂന്നിൽ ഒന്ന് സ്ക്വാഡ്രനുകൾ പാക്കിസ്ഥാന് ലഭിച്ചു. ഈ വിഭജനത്തിന് തൊട്ടുപിന്നാലെ, ഒന്നാം കശ്മീർ യുദ്ധം ആരംഭിച്ചു.
ശ്രീനഗറിലെ സാഹസിക ദൗത്യം
ശ്രീനഗർ വിമാനത്താവളം പാക്ക് ആക്രമണകാരികളുടെ കൈവശമായോ എന്ന് പോലും ഉറപ്പില്ലാതിരുന്ന ഒരു സാഹസിക ഘട്ടത്തിലാണ് വ്യോമസേന തങ്ങളുടെ ദൗത്യം ആരംഭിച്ചത്. കശ്മീർ രാജാവ് ഇന്ത്യയിൽ ലയിക്കാൻ സമ്മതിച്ച ഉടൻ, വ്യോമസേനയുടെ ഡക്കോട്ട (Dakota) വിമാനങ്ങൾ ആദ്യ സേനാ ദൗത്യസംഘത്തെ ശ്രീനഗറിലെത്തിച്ചു. പിൽക്കാലത്ത് ഫീൽഡ് മാർഷലായ സാം മനേക് ഷാ ആയിരുന്നു (അന്ന് കേണൽ) ഈ സംഘത്തെ നയിച്ചത്.
വിമാനത്താവള സംരക്ഷണം: ഡക്കോട്ട വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും അതിവേഗം സിഖ് റെജിമെന്റിനെ ശ്രീനഗർ വിമാനത്താവളത്തിൽ എത്തിക്കുകയും, അവർ വിമാനത്താവളത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു.
കരസേനയ്ക്ക് പിന്തുണ: കരസേനാംഗങ്ങൾക്ക് ഉറിയിലും മറ്റ് മേഖലകളിലും ആവശ്യമായ ഭക്ഷണവും ആയുധങ്ങളും എയർഡ്രോപ്പ് ചെയ്തു.
പ്രധാന ലക്ഷ്യങ്ങൾ: പൂഞ്ചിൽ ശത്രുക്കൾ സ്ഥാപിച്ച ഫീൽഡ് ഗണ്ണുകൾ തകർക്കുകയും, പാക്ക് മുന്നേറ്റം തടയാനായി ഡൊമെൽ, കിഷൻഗംഗ നദികൾക്ക് കുറുകെയുള്ള പാലങ്ങൾ തകർക്കുകയും ചെയ്തത് വ്യോമസേനയുടെ നിർണായക സംഭാവനകളാണ്. 1948 ഡിസംബർ 31-ന് യുഎൻ മധ്യസ്ഥതയിൽ യുദ്ധം അവസാനിക്കുമ്പോൾ, വ്യോമസേനയുടെ കൃത്യസമയത്തുള്ള ഇടപെടൽ കശ്മീരിനെ രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ഓപ്പറേഷൻ വിജയ്: ഗോവ വിമോചനം (1961)
പോർച്ചുഗലിന്റെ അധീനതയിലായിരുന്ന ഗോവയെ മോചിപ്പിക്കാനായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ വിജയ് ദൗത്യത്തിൽ, വ്യോമസേന പ്രധാന പങ്കുവഹിച്ചു. ഗോവയിലേക്കുള്ള സൈനിക നീക്കം (Troop Transport) സുഗമമാക്കുകയും, പോർച്ചുഗലിൻ്റെ അധീനതയിലുണ്ടായിരുന്ന എയർ സ്ട്രിപ്പുകൾ നശിപ്പിക്കുകയും ചെയ്തതിലൂടെ ദൗത്യത്തിൻ്റെ വിജയം എളുപ്പമാക്കി.
ചൈനീസ് യുദ്ധവും രണ്ടാം പാക്ക് യുദ്ധവും (1962 & 1965)
1962 ചൈനീസ് യുദ്ധം: ഈ യുദ്ധത്തിൽ, വ്യോമസേന വിമാനങ്ങൾ പ്രധാനമായും ഗതാഗത ആവശ്യങ്ങൾക്കാണ് (Logistic support) ഇന്ത്യൻ സേനയ്ക്ക് വേണ്ടി ഉപയോഗിച്ചത്.
1965 രണ്ടാം പാക്ക് യുദ്ധം: ഈ യുദ്ധത്തിൽ വ്യോമസേന സജീവമായി പങ്കെടുത്തു. 1965 സെപ്റ്റംബർ ഒന്നിനാണ് വ്യോമസേന യുദ്ധമുഖത്തേക്കിറങ്ങുന്നത്. ആദ്യ ദിനം തന്നെ 12 വാംപയർ, 14 മിസ്റ്റെർ യുദ്ധവിമാനങ്ങൾ പറന്നുയർന്ന് 10 പാക്കിസ്ഥാനി ടാങ്കുകൾ, 2 വിമാനവേധ തോക്കുകൾ, 40 വാഹനങ്ങൾ എന്നിവ തകർത്തു. ഈ യുദ്ധത്തിൽ പാക്ക് വ്യോമസേനയുടെ 2364 സോർട്ടികളെ അപേക്ഷിച്ച് ഇന്ത്യൻ വ്യോമസേന 3937 സോർട്ടികൾ നടത്തി, വ്യോമമേധാവിത്വം തെളിയിച്ചു.
1971 യുദ്ധം: ലോംഗെവാലയിലെ രക്ഷാചിറകുകൾ
1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ ഏറ്റവും ശക്തമായ പോരാട്ടങ്ങളിലൊന്നാണ് രാജസ്ഥാനിലെ ജയ്സാൽമീറിനടുത്ത് നടന്ന ലോംഗെവാല യുദ്ധം. 1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ 11 ഇന്ത്യൻ എയർബേസുകളിൽ വ്യോമാക്രമണം നടത്തിയതോടെയാണ് ഇന്ത്യ യുദ്ധക്കളത്തിലിറങ്ങിയത്.
ഫറവോ അഖേനേറ്റൻ വീണ്ടും ചർച്ചയാകുന്നു, ആ ദുരൂഹ അസ്ഥിക്കഷ്ണത്തിന്റെ രഹസ്യം ഇങ്ങനെ
ലോംഗെവാലയിലെ ഐതിഹാസിക ചെറുത്തുനിൽപ്പ്
രാജസ്ഥാനിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ലോംഗെവാലയിലെ ബിഎസ്എഫ് പോസ്റ്റിൽ മേജർ കുൽദീപ് സിങ് ചാന്ദ്പുരിയുടെ നേതൃത്വത്തിൽ 120 ഇന്ത്യൻ സൈനികർ മാത്രമാണ് നിലയുറപ്പിച്ചത്. മറുവശത്ത്, 3000 സൈനികർ, 60 യുദ്ധടാങ്കുകൾ, നിരവധി വാഹനങ്ങൾ എന്നിവയടങ്ങിയ പാക് സൈന്യം രാംഗഡ് പട്ടണം പിടിക്കാനായി അതിർത്തി കടന്നു.
രാത്രിയിലെ നരകയാതന: നൈറ്റ് വിഷൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ജയ്സാൽമീർ എയർബേസിലെ വിമാനങ്ങൾക്ക് രാത്രിയിൽ പറക്കാനായില്ല. പരിമിതമായ ആയുധങ്ങളുമായി ചാന്ദ്പുരിയും സംഘവും രാത്രി മുഴുവൻ പാക് ആക്രമണത്തെ ധീരമായി ചെറുത്തുനിന്നു.
രക്ഷാചിറകുകൾ: ഡിസംബർ 5-ന് പുലർച്ചെ വെളിച്ചം പരന്നതോടെ ജയ്സാൽമീർ എയർബേസിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ എച്ച്എഫ്–24 മാരുത്, ഹോക്കർ ഹണ്ടർ യുദ്ധവിമാനങ്ങൾ ലോംഗെവാലയിലേക്ക് പറന്നു.
കാൻബെറയിലെ ടാങ്ക് വേധ ഗണ്ണുകൾ പാക് ടാങ്കുകൾക്കുനേരെ കനത്ത ആക്രമണം അഴിച്ചുവിട്ടു.ആദ്യ ഘട്ടത്തിൽ തന്നെ 5 പാക് ടാങ്കുകൾ നശിച്ചു. തുടർന്ന് ഇന്ധനം നിറച്ച് വീണ്ടും വീണ്ടും പറന്നുയർന്ന യുദ്ധവിമാനങ്ങൾ, രക്ഷപ്പെടാൻ ശ്രമിച്ച പാക് ടാങ്കുകളെ വകവയ്ക്കാതെ തകർത്തെറിഞ്ഞു.
യുദ്ധഫലം: പിറ്റേന്ന് വൈകുന്നേരം വരെ നീണ്ട പോരാട്ടത്തിൽ പാക്കിസ്ഥാൻ്റെ 38 ടാങ്കുകൾ നശിപ്പിക്കപ്പെടുകയും 200 സൈനികർ കൊല്ലപ്പെടുകയും ചെയ്തു. ലോംഗെവാലയിലെ മണൽപ്പരപ്പിൽ പാക് ടാങ്കുകൾ ജീവൻ രക്ഷിക്കാൻ വേണ്ടി വൃത്തത്തിൽ ഓടിച്ചതിൻ്റെ ചിത്രം വ്യോമസേന പകർത്തിയത് ചരിത്രരേഖകളിൽ ഇടംനേടി. ഈ ഐതിഹാസിക പോരാട്ടം ബോർഡർ (1997) എന്ന ബോളിവുഡ് ചിത്രത്തിന് ആധാരമായി.
ലോംഗെവാലയുടെ വിജയം 13 ദിവസം നീണ്ടുനിന്ന 1971-ലെ യുദ്ധത്തിൻ്റെ ഗതി മാറ്റുകയും, ഒടുവിൽ പാക്കിസ്ഥാൻ കീഴടങ്ങിയതിനെത്തുടർന്ന് ബംഗ്ലാദേശ് പുതിയ രാജ്യമായി രൂപീകരിക്കപ്പെടുകയും ചെയ്തു.
കാർഗിൽ യുദ്ധം: ഓപ്പറേഷൻ സഫേദ് സാഗർ (1999)
അനന്തതയിലെ നീലരത്നം: നെപ്ട്യൂണിന്റെ മനോഹര ചിത്രം
കരസേനയുടെ ഓപ്പറേഷൻ വിജയ്ക്ക് പിന്തുണ നൽകിക്കൊണ്ട്, കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന ഓപ്പറേഷൻ സഫേദ് സാഗർ എന്ന ദൗത്യം ആരംഭിച്ചു. ഒരു ഹ്രസ്വകാല യുദ്ധമുഖത്ത് വ്യോമസേന അണിനിരക്കുന്നത് ഇത് ആദ്യമായായിരുന്നു.
വ്യോമസേനയുടെ സംഭാവനകൾ
വിമാനങ്ങൾ: മിഗ് 21, 23, 27 യുദ്ധവിമാനങ്ങൾ, ജാഗ്വറുകൾ, അറ്റാക്ക് ഹെലിക്കോപ്റ്ററുകൾ എന്നിവയാണ് ആദ്യം ഉപയോഗിച്ചത്. മേയ് 30-ന് മിറാഷ് 2000 വിമാനങ്ങളും യുദ്ധമുഖത്തെത്തി.
മിറാഷിന്റെ പ്രഹരം: ടൈഗർ ഹിൽ, ദ്രാസ് മേഖലകളിൽ കനത്ത ബോംബ് വർഷം നടത്തിയ മിറാഷ് 2000 വിമാനങ്ങൾ പാക് സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടാക്കി.
ആദ്യ രക്തസാക്ഷിത്വം: 1999 മേയ് 27-ന്, സ്ക്വാഡ്രൻ ലീഡർ അജയ് അഹൂജയുടെ വിമാനം പാക് മിസൈലേറ്റ് നിലംപതിച്ചു. പരിക്കേറ്റ അഹൂജയെ പാക് സൈന്യം വെടിവയ്ക്കുകയായിരുന്നെന്ന് കരുതപ്പെടുന്നു. ജനീവ പ്രോട്ടോക്കോളിന്റെ ലംഘനമായിരുന്നു ഇത്.
മലയാളി പങ്കാളിത്തം: പിൽക്കാലത്ത് എയർമാർഷലായി മാറിയ മലയാളി ഓഫിസർ രഘുനാഥ് നമ്പ്യാരും ഈ ദൗത്യത്തിൽ ഫ്ളൈയിങ് ഓഫിസറായി പങ്കെടുത്തു.
കാർഗിൽ യുദ്ധമാണ് വനിതാ ഫ്ളൈയിങ് ഓഫിസർമാർ യുദ്ധരംഗത്തു പങ്കെടുത്ത ആദ്യ ദൗത്യങ്ങൾക്ക് വേദിയൊരുക്കിയത്. ഫ്ളൈറ്റ് ലഫ്റ്റനൻ്റുമാരായ ഗുഞ്ജൻ സക്സേന, ശ്രീവിദ്യ രാജൻ എന്നിവർ ഹെലികോപ്റ്ററുകൾ പറത്തി, മുറിവേറ്റവരെ സുരക്ഷിതമായി ക്യാമ്പുകളിലെത്തിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്തു. ഗുഞ്ജൻ സക്സേനയുടെ കഥയെ അടിസ്ഥാനമാക്കി 2020-ൽ ‘ഗുഞ്ജൻ സക്സേന: ദ കാർഗിൽ ഗേൾ’ എന്ന ചിത്രവും പുറത്തിറങ്ങി. ഓപ്പറേഷൻ സഫേദ് സാഗർ, തങ്ങളെ ഏൽപ്പിച്ച ചുമതലകൾ എല്ലാ പരിമിതികൾക്കിടയിലും വ്യോമസേന മികവോടെ പൂർത്തിയാക്കി എന്ന് തെളിയിച്ചു.
ഓപ്പറേഷൻ സിന്ദൂർ
ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യൻ വ്യോമസേനയുടെ പങ്ക് നിർണായകമായിരുന്നു. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 2025 മെയ് 7നാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ജെയ്ഷ്-ഇ-മുഹമ്മദ് , ലഷ്കർ-ഇ-ത്വയ്ബ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ എന്നിവ വ്യോമസേന ലക്ഷ്യമിട്ടു. റഫാൽ ജെറ്റുകൾ സ്കാൽപ് മിസൈലുകളും ബോംബുകളും ഉപയോഗിച്ച് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തി.
തുടർന്നുള്ള ഘട്ടങ്ങളിൽ പാകിസ്ഥാന്റെ സൈനികത്താവളങ്ങൾ, കമാൻഡ്ആൻഡ് കൺട്രോൾ സെന്ററുകൾ, റഡാർ സൈറ്റുകൾ, വിമാനത്താവളങ്ങളിലെ (Airbases) അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും വ്യോമസേന ലക്ഷ്യമിട്ടു. നൂർ ഖാൻ (ചക്ലാല), റഹീംയാർ ഖാൻ തുടങ്ങിയ വ്യോമതാവളങ്ങളിലും ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഓപ്പറേഷനോടുള്ള പാകിസ്ഥാന്റെ തിരിച്ചടി ശ്രമങ്ങളെ ഇന്ത്യൻ വ്യോമസേന തടഞ്ഞു. ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാനുള്ള പാക് യുദ്ധവിമാനങ്ങളുടെ ശ്രമങ്ങൾ തടയുകയും അവരുടെ വിമാനങ്ങൾക്ക് നഷ്ടം വരുത്തുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂർ ഒരു ത്രിസേനാ (Tri-Services) നടപടിയായിരുന്നുവെങ്കിലും, കൃത്യതയാർന്ന പ്രഹരശേഷി ഉപയോഗിച്ച് ഭീകര കേന്ദ്രങ്ങളെ തകർക്കുന്നതിലും, പാക്കിസ്ഥാന്റെ വ്യോമാക്രമണ ശ്രമങ്ങളെ തടയുന്നതിലും, അവരുടെ സൈനിക സൗകര്യങ്ങൾക്ക് കനത്ത നഷ്ടം വരുത്തുന്നതിലും ഇന്ത്യൻ വ്യോമസേനയുടെ പങ്ക് സുപ്രധാനമായിരുന്നു.
93 വർഷത്തെ ഈ മഹത്തായ ചരിത്രത്തിൽ, ഇന്ത്യൻ വ്യോമസേന ലോകത്തെ മികച്ച യുദ്ധവിമാനങ്ങളാൽ നവീകരിക്കപ്പെട്ടു. റഫാൽ, സുഖോയ്-30 MKI, മിറാഷ് 2000 തുടങ്ങിയ നാലാം തലമുറയ്ക്കും അതിനുമുകളിലുമുള്ള വിമാനങ്ങൾ ഐഎഎഫിന്റെ ഭാഗമാണ്. ലോകത്തിലെ ഏറ്റവും വിശ്വസ്തമായ വ്യോമശക്തികളിലൊന്നായി നഭഹ സ്പർശം ദീപ്തം എന്ന ആപ്തവാക്യം അന്വർഥമാക്കിക്കൊണ്ട് ഇന്ത്യൻ വ്യോമസേന രാജ്യത്തിനായി ആകാശത്ത് നിലയുറപ്പിച്ചിരിക്കുന്നു.

