കോഴിക്കോട് ∙ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് പിന്തുണയുമായി ‘സഹമിത്ര’ എന്ന പേരിൽ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മൊബൈൽ ആപ് ഒരുങ്ങുന്നു. ദേശീയ ആരോഗ്യ മിഷനുമായി (ആരോഗ്യ കേരളം) സഹകരിച്ചാണ് നൂതന പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ ഭരണകൂടം സമർപ്പിച്ച പദ്ധതിക്ക് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡിപ്പാർട്മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റിവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് അംഗീകാരം നൽകിയതോടെയാണ് മൊബൈൽ ആപ്പിനുള്ള വഴി തെളിഞ്ഞത്. സ്റ്റേറ്റ് കൊളാബറേറ്റീവ് ഇനിഷ്യേറ്റീവ് (എസ്‌സിഐ) പദ്ധതിക്ക് കീഴിൽ ഈ സംരംഭത്തിനായി കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് കോഴിക്കോട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു മൊബൈൽ ആപ് രൂപകൽപന ചെയ്യുന്നത്.
രക്ഷിതാക്കൾക്ക് വീട്ടിലിരുന്ന് തന്നെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ചെയ്യാനുള്ള തെറപ്പികളെ കുറിച്ചുള്ള വിവരങ്ങൾ, അവയുടെ വിഡിയോകൾ, തെറപ്പി പുരോഗതി വിലയിരുത്താനുള്ള ടൂളുകൾ എന്നിവ ആപ്പിൽ ലഭ്യമാക്കും. തെറപ്പിസ്റ്റുകൾ, ഡോക്ടർമാർ, കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്ററുകൾ (സി.ഡി.എം.സി) എന്നിവയുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളും ഇതിൽ ലഭിക്കും. ആപ്പ് വരുന്നതോടെ ഭിന്നശേഷിക്കാർക്ക് ഇടക്കിടെയുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാനും അതുവഴി പണവും അധ്വാനവും സമയവും ലാഭിക്കാനുമാവും.
ഭിന്നശേഷി മേഖലയിലെ വിദഗ്ധരുടെ സേവനങ്ങൾ കുടുംബങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ ഈ ആപ്പ് സഹായിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ഥിരവും ലളിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള സ്റ്റേറ്റ് ഐടി മിഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, സിആർസി, ആർഇഐസി, ഡിഇഐസി, നിംഹാൻസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആപ്പ് ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ആരോഗ്യ വിദഗ്ധർ അടങ്ങിയ പ്രത്യേക കമ്മിറ്റി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിക്കും. 40 ലക്ഷം രൂപയാണ് ആപ്പ് വികസിപ്പിക്കാൻ അനുവദിച്ചിരിക്കുന്നത്.
ആപ്പിന്റെ പ്രധാന സവിശേഷതകൾ:
– വ്യക്തിഗത തെറപ്പി ഷെഡ്യൂളുകളും ഓർമപ്പെടുത്തലുകളും
– ഡോക്ടർമാരുമായും തെറപ്പിസ്റ്റുകളുമായും നേരിട്ട് ആശയവിനിമയം നടത്താനുള്ള സൗകര്യം
– അടുത്തുള്ള സിഡിഎംസികൾ, ആശുപത്രി സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ
– കുട്ടിയുടെ പുരോഗതി മാതാപിതാക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യം
– റിമോട്ട് മോണിറ്ററിങ് വഴി തെറപ്പിസ്റ്റുകൾക്കും ഡോക്ടർമാർക്കും തെറപ്പി പ്ലാനുകൾ പുതുക്കുന്നതിനുള്ള സംവിധാനം
– വിവിധ പരിശീലനങ്ങൾ, വിഡിയോകൾ, ഗൈഡുകൾ എന്നിവ ഉൾപ്പെടുന്ന ആക്ടിവിറ്റി ലൈബ്രറി
– തെറപ്പി പ്രോത്സാഹിപ്പിക്കുന്നതിന് കുട്ടികൾക്ക് റിവാഡുകൾ, ബാഡ്ജുകൾ പോലുള്ള ആകർഷകമായ ടൂളുകൾ
– മാതാപിതാക്കൾക്ക് തെറപ്പി പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായം അറിയിക്കാനുള്ള ഫീഡ്ബാക്ക് സൗകര്യം
– വിവിധ ഭാഷകളിൽ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയുള്ള രൂപകൽപന
