നിരോധിത രാസായുധമായിട്ടും വൈറ്റ് ഫോസ്ഫറസ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വാർത്തകളിൽ വീണ്ടും നിറയുകയാണ്. യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന ആരോപണം പണ്ടേയുണ്ട്. യുക്രെയ്ന്റെ കിഴക്കൻ മേഖലയായ ലുഹാൻസ്കിലുള്ള പോപാസ്ന പട്ടണത്തിലാണു വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ചതെന്നായിരുന്നു ആരോപണം.
ആദ്യം കാണുമ്പോൾ സാധാരണ മനുഷ്യർ, പിന്നെക്കാണുമ്പോൾ ഭീകരരൂപങ്ങൾ! ഡെൻമാർക്കിലെ വിചിത്രസംഭവത്തിന്റെ രഹസ്യം
ഗാസയിലും ലബനനിലും ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്നു ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിച്ചിരുന്നു. ഇപ്പോൾ ഒടുവിലത്തെ സംഭവത്തിൽ തായ്‌ലൻഡ‍് മിലിറ്ററി തങ്ങൾക്കു നേരെ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്നാണു കംബോഡിയയുടെ ആരോപണം. അടുത്തിടെ കംബോഡിയയും തായ്‌ലൻഡും തമ്മിൽ ഉടലെടുത്ത യുദ്ധത്തിലാണ് ഈ സംഭവം. തായ് സൈന്യം ആദ്യം ഈ ആരോപണം നിഷേധിച്ചെങ്കിലും പിന്നീട് ഇതിൽ ഉരുണ്ടുകളിക്കാൻ തുടങ്ങി.
വളരെ വേദനാജനകമായ മരണവും അതിഗുരുതരമായ പരുക്കുകളും
പേരു സൂചിപ്പിക്കുന്നതു പോലെ ഫോസ്ഫറസാണ് ഈ ആയുധത്തിന്റെ പ്രധാനഭാഗം. കത്തിത്തുടങ്ങിയാൽ എണ്ണൂറു ഡിഗ്രിക്കുമേൽ ഉയർന്ന താപനിലയിൽ കത്താൻ ഇതിനു സാധിക്കും. നൂറുകണക്കിനു ചതുരശ്ര കിലോമീറ്റർ ഭാഗത്തു കത്താൻ വൈറ്റ് ഫോസ്ഫറസ് ഇടയൊരുക്കും. ഫോസ്ഫറസ് പെന്റോക്സൈഡ് പോലുള്ള രാസവസ്തുക്കൾ ഇതിന്റെ ഉപോൽപന്നമായി ഉടലെടുക്കാം. വളരെ വേദനാജനകമായ മരണവും അതിഗുരുതരമായ പരുക്കുകളും ഇതുമൂലം സംഭവിക്കാം.
വൈറ്റ് ഫോസ്ഫറസിനെ ഒരു രാസായുധമായി രാജ്യാന്തര കെമിക്കൽ വെപ്പൺസ് കൺവൻഷൻ പരിഗണിച്ചിട്ടില്ല. ഇവയുടെ പ്രധാന ലക്ഷ്യം പുകപടലങ്ങൾ കൊണ്ട് ഒരു മേഘമൊരുക്കി താഴെയുള്ള ഗ്രൗണ്ട് ഫോഴ്സുകളെ വ്യോമാക്രമണങ്ങളുടെ ദൃഷ്ടിയിൽ നിന്നു സംരക്ഷിക്കുക എന്നതാണ്. ജനവാസമേഖലയിൽ ഇവ ഉപയോഗിക്കുന്നതിനെ ജനീവ കൺവൻഷനും വിലക്കിയിട്ടുണ്ട്.
വില്ലിപീറ്റർ എന്ന വിളിപ്പേര്
വില്ലിപീറ്റർ എന്ന വിളിപ്പേരിലാണ് സൈനികർക്കിടയിൽ വൈറ്റ് ഫോസ്ഫറസ് അറിയപ്പെടുന്നത്.1916ൽ ഒന്നാം ലോകയുദ്ധത്തിനിടെ ബ്രിട്ടിഷ് സൈന്യമാണ് വൈറ്റ് ഫോസ്ഫറസ് ഗ്രനേഡുകൾ ആദ്യമായി കൊണ്ടുവന്നത്.യുഎസ്, ജാപ്പനീസ് സേനകളും ഇക്കാലയളവിൽ ഇതുപയോഗിച്ചിരുന്നു.രണ്ടാം ലോകയുദ്ധ സമയത്ത് നാത്‌സി സേനയ്ക്കെതിരെ സഖ്യസേനകൾ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നു. നാത്‌സികൾ ഇവയെ കത്തുന്ന ഉള്ളി എന്നാണു വിശേഷിപ്പിച്ചത്.
ഇരുൾ തടവറയായ നിഗൂഢകേന്ദ്രങ്ങൾ; സൂര്യനെക്കാളും 3600 കോടി മടങ്ങ് ‘മാസ്’; നക്ഷത്രങ്ങളെ വിഴുങ്ങുന്ന തമോഗർത്തം!
Opinion And Analysis
പിൽക്കാലത്ത് കൊറിയ, വിയറ്റ്നാം യുദ്ധങ്ങളിലും ഇവ ഉപയോഗിക്കപ്പെട്ടിരുന്നു. വിയറ്റ്നാമിൽ, വിയറ്റ്കോങ് ഗറില്ലകൾ ഉപയോഗിച്ച ഭൂഗർഭടണലുകളിൽ ഇതിട്ടുകത്തിച്ച് ഓക്സിജൻ വലിച്ചെടുക്കുന്ന രീതി യുഎസ് സേനയ്ക്കുണ്ടായിരുന്നു. റഷ്യ, ചെച്നിയയിൽ നടത്തിയ രണ്ടു യുദ്ധങ്ങളിലും ഇതുപയോഗിക്കപ്പെട്ടു.യുഎസ് ഇറാഖിൽ നടത്തിയ യുദ്ധത്തിൽ ഈ ആയുധം ഉപയോഗിച്ചെന്ന് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും യുഎസ് സേന ഇതു നിഷേധിച്ചു. എന്നാൽ പിന്നീട് അവർ ഇതു സ്ഥിരീകരിച്ചു.

