ലോക സാമ്പത്തികരംഗവും ഭൗമരാഷ്ട്രീയക്രമവും വലിയ മാറ്റത്തിലൂടെ കടന്നുപോകുകയാണ്. യുഎസിലെ ട്രംപ് ഭരണകൂടത്തിന്റെ പ്രവചനാതീതമായ തീരുവനയങ്ങളും വിലക്കുകൾക്കു തുല്യമായ ഇടപെടലുകളും സഖ്യകക്ഷികളെയും എതിരാളികളെയും ഒരുപോലെ അസ്വസ്ഥരാക്കിയിട്ടുണ്ട്. വാണിജ്യം, പങ്കാളിത്തം, സുരക്ഷ തുടങ്ങിയവയിൽ തങ്ങളുടെ സങ്കൽപങ്ങളുടെ പുനർനിർണയത്തിന് രാജ്യങ്ങളെ നിർബന്ധിതമാക്കുന്ന സാഹചര്യമാണിത്.
ഇന്ത്യയുടെ നീക്കം ഞെട്ടിച്ചു, വിരട്ടലിൽ വീഴാത്ത ചൈനയോട് ‘മുട്ടുമടക്കി’ ട്രംപ്; സ്വർണവിലയിൽ വമ്പൻ ഇടിവ്, ഓഹരിക്ക് ആവേശം
യുഎസ് തീരുമാനങ്ങൾ പരസ്പരധാരണപ്രകാരമല്ല മിക്ക രാജ്യങ്ങളും സ്വീകരിക്കുന്നത്. യുഎസ് വിപണിയുടെ വലുപ്പവും ആകർഷകത്വവും മൂലം അതിനു നിർബന്ധിതരാകുകയാണ്. അതേസമയം, യുഎസ് ഭരണകൂടത്തിന് ആഭ്യന്തര–ബാഹ്യ പരിശോധനകൾ ഒന്നും കൂടാതെ ഇത്തരം തീരുമാനങ്ങളെടുക്കാൻ കഴിയുന്ന അധികാരകേന്ദ്രീകരണത്തിന്റെ അപകടവും ലോകരാജ്യങ്ങൾ തിരിച്ചറിയുന്നു. ഒരു രാജ്യത്തിനു കിട്ടുന്ന അമിതാധികാരം വലിയ സംഘർഷങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമാകുമെന്നാണ് ചരിത്രം നൽകുന്ന പാഠം. പല ധ്രുവങ്ങളുള്ള ലോകക്രമത്തിലേക്കുള്ള പ്രയാണം ഉറപ്പായും സ്ഥിരത നൽകും. പക്ഷേ, ദുർഘടയാത്രയാണത്. നിർണായകമായ സാമ്പത്തിക അസ്വസ്ഥതകൾ ഉടനീളമുണ്ടാകും.
വി.കെ.മാത്യൂസ്
വിശ്വാസത്തിൽ വിള്ളൽ
യുഎസ് ഏകപക്ഷീയമായി വാണിജ്യധാരണകൾ ലംഘിക്കുകയും മാറ്റിയെഴുതുകയും ചെയ്യുമ്പോൾ, മറ്റു രാജ്യങ്ങൾക്കു പൊരുത്തപ്പെടാതെ വഴിയില്ല. പലപ്പോഴും വലിയ വില നൽകിയാണ് രാജ്യങ്ങൾ ഇതിനു തയാറാകുന്നത്. നിക്ഷേപ നഷ്ടം, വിതരണ ശൃംഖലകളിലെ തടസ്സങ്ങൾ… അങ്ങനെ നഷ്ടങ്ങളേറെ. ചില രാജ്യങ്ങൾ ഈ പ്രതിസന്ധിയെ അതിജീവിക്കും, ചിലവ മാറ്റമില്ലാതെ തുടരും. അപൂർവം ചില രാജ്യങ്ങൾ തകർന്നടിഞ്ഞേക്കാം. ഇതിലെല്ലാം വലിയ അപകടം വിശ്വാസത്തിനുണ്ടാകുന്ന തകർച്ചയാണ്. ആഗോള സാമ്പത്തിക സഹകരണത്തിന്റെ ദുർബലാവസ്ഥ തുറന്നുകാട്ടുന്ന യുഎസിന്റെ ഇടപെടലുകൾ ലോകത്ത് സാമ്പത്തികവും തന്ത്രപരവുമായ പുനഃക്രമീകരണങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. സഹകരണം തുടരുമെങ്കിലും, ദീർഘകാലത്തേക്ക് ആശ്രയിക്കാവുന്ന വിശ്വസ്തപങ്കാളിയായി യുഎസിനെ മറ്റു രാജ്യങ്ങൾ കരുതാൻ ഇനി ഇടയില്ല.
‘പിന്തുണയ്ക്കു നന്ദി,പക്ഷേ റഷ്യൻ എണ്ണ കുറയ്ക്കണം’; മോദിയോട് സെലെൻസ്കി
യുഎസ് തീരുവയിലെ പാളിച്ച
തെറ്റിദ്ധാരണകളാണ് ട്രംപിന്റെ തീരുവ തന്ത്രങ്ങൾക്കു പിന്നിൽ. വിലക്കയറ്റത്തിന് ഇടയാക്കുക വഴി ഉയർന്ന തീരുവ ആദ്യം ബാധിക്കുന്നത് യുഎസ് ഉപയോക്താക്കളെത്തന്നെയാണ്. ആഭ്യന്തര ഉൽപാദകർക്കു ലഭിക്കുന്ന സംരക്ഷണം മത്സരക്ഷമത ഇല്ലാതാക്കും. ഇതു കാര്യക്ഷമത കുറയ്ക്കും, നവീകരണം സ്തംഭിപ്പിക്കും, നാണ്യപ്പെരുപ്പം വർധിപ്പിക്കും. ചുരുക്കത്തിൽ, തീരുവ യുഎസ് പൗരർക്കുമേൽ ചുമത്തപ്പെടുന്ന മറ്റൊരു നികുതിതന്നെയാണ്. തീരുവ മൂലം തങ്ങൾക്കുണ്ടാകുന്ന സാമ്പത്തികഭാരം രണ്ടു രീതിയിൽ കൈകാര്യം ചെയ്യാനേ ഇറക്കുമതിക്കാർക്കു കഴിയൂ. ഒന്നുകിൽ ചെലവു സ്വയം വഹിക്കുക. അല്ലെങ്കിൽ അത് ഉപയോക്താക്കളിലേക്കു കൈമാറുക.
വിഖ്യാത ശാസ്ത്രജ്ഞൻ ഐൻസ്റ്റൈൻ പറഞ്ഞിട്ടുണ്ട്: ‘നമ്മൾ സൃഷ്ടിച്ച ലോകം നമ്മുടെ ചിന്തയുടെ ഉൽപന്നമാണ്. നമ്മുടെ ചിന്ത മാറ്റാതെ ലോകത്തെ മാറ്റാനാകില്ല’. ട്രംപിന്റെ നടപടികൾ മാറിച്ചിന്തിക്കാൻ ലോകത്തെ നിർ ബന്ധിതമാക്കുന്നു; ഏകധ്രുവ ലോകക്രമത്തി ന്റെ ദൗർബല്യങ്ങളിൽനിന്നും അരക്ഷിതാ വസ്ഥയിൽനിന്നും മാറി സ്ഥിരത നൽകുന്ന ബഹുധ്രുവ സംവിധാനം സ്വീകരിക്കാൻ.
ട്രംപിന്റെ താരിഫ് ഭീഷണി നേരിടാൻ ഇന്ത്യ പണി തുടങ്ങി; യുഎസ് ഇല്ലെങ്കിൽ പകരം ഈ 50 രാജ്യങ്ങൾ
ഇന്ത്യ വഴിത്തിരിവിൽ
ശിക്ഷാസ്വഭാവമുള്ള 50% തീരുവയാണ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കുമേൽ ചുമത്തിയിട്ടുള്ളത്. ലോകത്തെ ഏറ്റവും ഉയർന്ന നിരക്ക്. യുഎസുമായി നല്ല ബന്ധം നിലനിർത്തുന്ന രാജ്യത്തിനു ഞെട്ടലുണ്ടാക്കിയ അനുഭവം. ഇന്ത്യ ഇതിനെതിരെ പ്രതികരിക്കേണ്ടതു വൈകാരികമായല്ല, വിവേകപൂർവമാണ്.
ഇന്ത്യൻ കമ്പനികൾക്കു ചെറിയ കാലത്തേക്കു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. പക്ഷേ, രാജ്യത്തിന്റെ ബൗദ്ധിക മികവും സാഹചര്യങ്ങളോടു വേഗം പൊരുത്തപ്പെടാനുള്ള കഴിവും പ്രതിസന്ധിയിൽനിന്നു കരകയറാൻ നമുക്കു തുണയാകും.
ഉയർന്ന തീരുവയിൽ പ്രതിഫലിക്കുന്നത് വാണിജ്യ തർക്കങ്ങൾ മാത്രമല്ലെന്നു ചില നിരീക്ഷകർ വിലയിരുത്തുന്നു. ആഗോള സാങ്കേതികവിദ്യാ മികവിൽ ഇന്ത്യയ്ക്കുള്ള മേധാവിത്വം യുഎസിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. യുഎസ് വ്യവസായരംഗത്ത് ഇന്ത്യൻ വംശജരായ പ്രഫഷനലുകൾ നിർണായകശക്തികളാണ്. അവർ ഈ മേഖലയെ സ്വാധീനിക്കുകയും നയിക്കുകയും ചെയ്യുന്നു. ഇതെല്ലാം തെറ്റായ ധാരണകൾക്കു കാരണമാകുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നയങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു. കലിഫോർണിയ മുൻ ഗവർണർ അർനോൾഡ് ഷ്വാസ്നെഗർ അടക്കമുള്ളവർ ഈ കാഴ്ചപ്പാട് വ്യക്തമാക്കുന്ന വിഡിയോ പങ്കുവച്ചിരുന്നു.
സാങ്കേതികവിദ്യ,പരമാധികാരം
ഇന്ത്യയ്ക്കു മികവുള്ളത് രണ്ടു കാര്യങ്ങളിലാണ്. 1. രാജ്യത്തെ നൈപുണ്യമുള്ള യുവജനങ്ങൾ, 2. ഡിജിറ്റൽ സാങ്കേതികവിദ്യ അതിവേഗം സ്വാംശീകരിക്കാൻ അവർക്കുള്ള കഴിവ്. അതേസമയം നമുക്കൊരു പ്രധാന ദൗർബല്യവുമുണ്ട്. നാം ആശ്രയിക്കുന്ന പ്രധാന ടെക്നോളജി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്നതു വിദേശ കമ്പനികളാണ്. ആശയവിനിമയം, ആരോഗ്യരക്ഷ, പ്രതിരോധം, ഊർജം, ഗതാഗതം എന്നിങ്ങനെ ആധുനിക ജീവിതത്തിന്റെ സമസ്ത മേഖലകളും ഈ പ്ലാറ്റ്ഫോമുകളിലാണ്. ഇവ പരാജയപ്പെടുകയോ തടസ്സപ്പെടുകയോ ചെയ്താൽ രാജ്യം സ്തംഭിക്കാം. സാങ്കേതികവിദ്യയിലെ സ്വയംപര്യാപ്തതയും ഡിജിറ്റൽ പരമാധികാരവും ദേശീയ സുരക്ഷയിൽ നിർണായകമാകുന്ന കാലമാണ് വരുന്നത്.
ഭാവി സംരക്ഷിക്കുന്നതിന് ഇന്ത്യ സാങ്കേതികവിദ്യയുടെ ഉൽപാദനവും നിയന്ത്രണവും കയ്യാളേണ്ടതുണ്ട്. മൗലികമായ ഗവേഷണം, പ്രതിരോധ രംഗത്ത് തദ്ദേശീയമായ ഉൽപാദനം, ഉന്നതശ്രേണിയിലുള്ള ഉൽപന്നങ്ങൾ രൂപപ്പെടുത്തൽ എന്നിവ ആവശ്യമാണ്. സ്വകാര്യമേഖലയ്ക്ക് ഇതിൽ പ്രധാന സ്ഥാനമുണ്ടാകണം. വ്യക്തമായ ലക്ഷ്യങ്ങളോടെയുള്ള തന്ത്രങ്ങൾ കൃത്യതയോടെ നടപ്പാക്കുന്നതിനെ ആശ്രയിച്ചാകും ഇന്ത്യയുടെ പുരോഗതി.
വീണ്ടും ബംഗ്ലദേശ് ഉല്‍പന്നങ്ങൾ നിരോധിച്ച് ഇന്ത്യ; കരമാർഗമുള്ള ചണ ഉൽപന്നങ്ങൾക്കും കയറിനും വിലക്ക്
കേരളം എന്തു ചെയ്യണം?
യുഎസിന്റെ ഉയർന്ന തീരുവ ഹ്രസ്വകാലത്തേക്കു കേരളത്തെ ബാധിക്കും. പ്രത്യേകിച്ച് വസ്ത്രങ്ങൾ, മത്സ്യ ഉൽപന്നങ്ങൾ, കശുവണ്ടി, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയുടെ കയറ്റുമതിയെ. എന്നാൽ, ദീർഘകാല അവസ്ഥ പരിഗണിച്ചാൽ, ഇന്ത്യ പരമാധികാരവും പുരോഗതിയും ഉറപ്പിക്കുമ്പോൾ കേരളത്തിനും അതിന്റെ ഗുണം ലഭിക്കും.
ഉന്നതമൂല്യമുള്ള വ്യവസായങ്ങൾക്ക് കേരളത്തിന്റെ അസംസ്കൃത ഉൽപന്നങ്ങളാണ് വിദ്യാഭ്യാസമുള്ള തൊഴിലാളികളും ലോകമെമ്പാടുമുള്ള പ്രവാസി സാന്നിധ്യവും. ഇന്ത്യ വ്യവസായക്കുതിപ്പിന് ഒരുങ്ങുമ്പോൾ, നിലവിലുള്ള ഐടി സേവന മേഖലയ്ക്ക് ഉപരിയായി കേരളം പ്രോഡക്ട് എൻജിനീയറിങ്, ഡീപ് ടെക് ഇന്നവേഷൻ, അറിവ് അധിഷ്ഠിത ഉൽപാദനം തുടങ്ങിയവയുടെ ഹബ് ആയി മാറണം.
ഇനി മുന്നിലെന്ത്?
പ്രവചനാത്മകമായ, പരസ്പരബന്ധിതമായ വാണിജ്യത്തിന്റെ കാലം അവസാനിക്കുകയാണ്. കൂടുതൽ ശിഥിലവും മത്സരക്ഷമവും സങ്കീർണമായ രാഷ്ട്രീയസ്ഥിതിയുമുള്ള ലോകമാണ് മുന്നിലുള്ളത്. നിർമിതബുദ്ധിയും കാലാവസ്ഥാരംഗത്തു നടപ്പാക്കേണ്ട അടിയന്തര നടപടികളും അതിന്റെ രൂപീകരണത്തിൽ കൂടുതൽ സ്വാധീനം ചെലുത്തും. പുതിയൊരു ലോകക്രമം ഉരുത്തിരിയുകയാണ്. അതിൽ നിർണായകശക്തിയായി ഇന്ത്യയുണ്ടാകും. പക്ഷേ, പരമാധികാരവും മത്സരക്ഷമതയും നിർണയിക്കുന്ന മേഖലകളിൽത്തന്നെ നമ്മൾ നാളെയുടെ നിക്ഷേപങ്ങൾ നടത്തേണ്ടിയിരിക്കുന്നു. പാത ദുഷ്കരമാണ്. എന്നാൽ, മാറാനും നവീകരിക്കപ്പെടാനും തയാറായാൽ അത് അനായാസം തരണം ചെയ്യാം. നാമൊരു പുതിയ ലോകത്തേക്കു കടക്കുകയാണ്. പുതിയ ജീവിതത്തിലേക്കു മാത്രമല്ല, പുതിയ ബിസിനസ് ശൈലികളിലേക്കും.
(ഐബിഎസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാനാണ് ലേഖകൻ)

