Breaking
23 Mar 2026, Mon

‘വരുന്നത് എല്ലാം ടെക്നോളജി കയ്യടക്കുന്ന കാലം; സമ്പദ്‌വ്യവസ്ഥ വരെ മാറിമറിയും’: ഡോ. ടോം ജോസഫ്

2030ഓടെ ടെക്നോളജി മായാക്കാഴ്ചയാകും, വരുന്നത് എല്ലാം ടെക്നോളജി കയ്യടക്കുന്ന കാലമാണെന്നും സമ്പദ്‌വ്യവസ്ഥ വരെ മാറിമറിയുമെന്നും ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. കൊച്ചിയിൽ നടന്ന മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്റെ ആറാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തിന്റെ ഓരോ ചലനത്തിലും അതിന്റെ സ്വാധീനമുണ്ടാകും, റോബോട്ടുകൾ തീരുമാനങ്ങളെടുക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു, ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ് എന്നിവർ ചേർന്ന് ആമസോൺ വെബ് സർവീസസ് ഇന്ത്യ-സൗത്ത് ഏഷ്യ പ്രസിഡന്റ് സന്ദീപ് ദത്തയ്ക്ക് ‘ടെക്സ്പെക്റ്റേഷൻസ് 2026’ വേദിയിൽ ഉപഹാരം നൽകുന്നു

വരും കാലത്ത് എഐ തീരുമാനങ്ങൾ എടുക്കുന്ന സ്ഥിതിയിലേക്കു വരും. എല്ലാം റോബർട്ടുകളെ പോലെ പ്രവർത്തിക്കും. പ്രതീക്ഷകൾക്ക് അപ്പുറമുള്ള ലോകമാണ് വരാനുള്ളത്. ടെക്നോളജിയെന്നത് എല്ലാ കാര്യങ്ങളിലേക്കും അദൃശ്യസാന്നിധ്യമാകുമെന്നും ടോം ജോസഫ് പറഞ്ഞു. നാഗരികതയുടെ അടിത്തറയായി ടെക്നോളജി മാറുന്ന കാലമാണു വരുന്നത്. 2030 ആകുന്നതോടെ അടുത്ത ചോദ്യം മാറ്റം എന്താണെന്നതാണ്. എഐ കൂടുതൽ ഓട്ടണമസ് ആകും. റോബട്ടുകളുടെ കൈകളിലേക്കാണ് എല്ലാം പോകുന്നത്. നാം ഇടപെടുന്ന എല്ലാത്തിലും സാങ്കേതികതയുടെ ഇടപെടലുണ്ടാകുന്ന കാലമാണു വരുന്നതെന്നും ടോം ജോസഫ് പറഞ്ഞു.

View this post on Instagram

സാങ്കേതികവിദ്യ, വാണിജ്യം, വിനോദം, ആരോഗ്യം, മാധ്യമം തുടങ്ങിയ മേഖലകളിലെ വിദഗ്ധർ പങ്കെടുത്ത ടെക്സ്പെക്റ്റേഷൻസ് ഉച്ചകോടിയുടെ പ്രമേയം ‘ക്രിസ്റ്റൽ ബോളിങ് 2030’ എന്നതായിരുന്നു. ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് ഉച്ചകോടി നടന്നത്. ബിസിനസ് മേഖലയിൽ എഐ ഉപയോഗിച്ച് വിൽപന വർധിപ്പിക്കാനും ഉപയോക്താക്കളുടെ താൽപര്യം മനസ്സിലാക്കി ലാഭം കൂട്ടാനുമുള്ള മാർഗങ്ങളെപ്പറ്റി വിദഗ്ധർ ക്ലാസുകൾ നയിച്ചു.

ലോകം മാറും, എഐയുടെ കൈപിടിച്ച് പോകാം ഭാവിയിലേക്ക്; പ്രതീക്ഷകൾ പങ്കുവച്ച് ‘ടെക്സ്പെക്റ്റേഷൻസിനു’ സമാപനം

ക്ലൗഡ് കംപ്യൂട്ടിങ്, എഐ അധിഷ്ഠിത ഇൻഫ്രാസ്ട്രക്ചർ, ഫ്യൂച്ചർ റീട്ടെയ്ൽ, സിനിമയുടെ ഭാവി തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. അഡോബി വൈസ് പ്രസിഡന്റ് മൻമീത് ധോഡി, ടെക് മഹീന്ദ്ര നെക്സ്റ്റ് ജെൻ സർവീസസ് പ്രസിഡന്റ് കുനാൽ പുരോഹിത്, മാധ്യമപ്രവർത്തകയും ബീറ്റ്‍റൂട്ട് ന്യൂസ് സ്ഥാപകയുമായ ഫയ ഡിസൂസ, ടാലി സൊല്യൂഷൻസ് എംഡി തേജസ് ഗോയങ്ക, ഒമ്നികോം അഡ്വർടൈസിങ് ഇന്ത്യ എംഡി ആദിത്യ കാന്തി, നടന്മാരായ ജയസൂര്യ, രമേഷ് പിഷാരടി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു. വ്യവസായ-സാങ്കേതിക ലോകത്തെ പ്രമുഖരുമായി നേരിട്ടു സംവദിക്കാവുന്ന, 30 പേർ വീതമടങ്ങുന്ന പ്രത്യേക ബ്രേക്ക് എവേ സെഷനുകൾ ഇത്തവണ ടെക്സ്പെക്റ്റേഷൻസിലെ പ്രധാന ആകർഷണമായിരുന്നു.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *