അബുദാബി ∙ സാങ്കേതിക വിദ്യകൾ സംഗീതത്തിന് ഉപകരിക്കുമെങ്കിലും പാട്ടുകാരനോ പാട്ടിനോ പകരമാകാൻ കഴിയില്ലെന്ന് എ.ആർ. റഹ്മാൻ. നിർമിത ബുദ്ധി (എഐ) ഒരുപകരണം മാത്രമാണ്. പാട്ടിനെയും പാട്ടുകാരനെയും ശാക്തീകരിക്കാൻ മാത്രമുള്ളത്.
ആറായിരത്തിലേറെ വിമാനങ്ങളിൽ സുരക്ഷാ പ്രതിസന്ധി: ആശങ്കയിൽ പ്രവാസികൾ; യാത്ര മുടങ്ങുമോ? ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന് സംഭവിച്ചത്?
മലയാളി ബാലൻ ദുബായിൽ മരിച്ചു; ആറു വയസ്സുകാരന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് പ്രവാസലോകം
മനുഷ്യൻ നന്നായി ചെയ്യുന്ന ഒരു ജോലിയെ ഇല്ലാതാക്കുന്ന സാങ്കേതിക വിദ്യകളോടു താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ സാംസ്കാരിക, സാഹോദര്യ പൈതൃകത്തിന് ആദരം അർപ്പിച്ച് ബുർജീൽ ഹോൾഡിങ്സിന്റെ നേതൃത്വത്തിൽ റഹ്മാന്റെ സംഗീതത്തിൽ പിറന്ന ‘ജമാൽ’ എന്ന സംഗീത ആൽബം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യ അധ്വാനത്തിനും സാങ്കേതിക സൗകര്യങ്ങൾക്കും ഇടയിൽ സന്തുലനം വേണം. മികച്ച ലൈബ്രറികളായും സർവ വിജ്ഞാനകോശങ്ങളായും സാങ്കേതിക വിദ്യകൾക്ക് കലാകാരന്മാരെ സഹായിക്കാം. എന്നാൽ, ഒരു സംഗീജ്ഞന്റെ ജനനം കഠിനാധ്വാനത്തിലൂടെ മാത്രമേ സാധിക്കൂ. സാങ്കേതിക വിദ്യകൾക്ക് കൃത്രിമ സംഗീതം രൂപപ്പെടുത്താം, ഒരു യഥാർഥ കലാകാരനെ സൃഷ്ടിക്കാൻ കഴിയില്ല. 10 വർഷം 300ൽ അധികം സിനിമകളിൽ കീബോർഡ് വായിച്ച് അധ്വാനിച്ചതിനു ശേഷമാണ് തനിക്കു മുന്നിൽ റോജ എന്ന ചിത്രം വരുന്നത്.
ആ 10 വർഷത്തെ അധ്വാനം വളരെ പ്രധാനമാണ്. ഇന്ന് 40 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. അതിനെ ഒരു സാങ്കേതിക വിദ്യയ്ക്കും സൃഷ്ടിച്ചെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന രാജ്യമാണ് യുഎഇ. ആ രാജ്യത്തിനു പാട്ടിലൂടെ ആദരം അർപ്പിക്കുക എന്ന ആശയം ബുർജീൽ ഹോൾഡിങ്സ് ഉടമ ഡോ. ഷംഷീർ വയലിലാണ് റഹ്മാനു മുന്നിൽ അവതരിപ്പിക്കുന്നത്. ജമാൽ എന്ന വാക്കിന് സൗന്ദര്യം എന്നാണ് അർഥം.
പ്രതീക്ഷയുടെ പാട്ട് എന്നാണ് ജമാലിനെ റഹ്മാൻ വിശേഷിപ്പിച്ചത്. ഏകദേശം മൂന്നു വർഷം ഈ രാജ്യത്തെ ജീവിതം താൻ അടുത്തറിയുകയായിരുന്നു എന്ന് റഹ്മാൻ പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും സഹവർത്തിത്വത്തെക്കുറിച്ചുള്ള ബോധ്യവും മുന്നോട്ടു പോകാനുള്ള മനസ്സുമാണ് ഈ രാജ്യത്തിന്റെ സൗന്ദര്യം. ആ ബോധ്യത്തിൽ നിന്നാണ് ജമാൽ പിറന്നത്.
രണ്ടു വർഷം മുൻപ് പാട്ട് പൂർത്തിയായെങ്കിലും ലോക ക്രമത്തിൽ അശാന്തിയും യുദ്ധവും നിറഞ്ഞ സാഹചര്യത്തിൽ പ്രതീക്ഷയുടെ പാട്ട് പുറത്തിറക്കാതെ കാത്തിരുന്നു. ഇപ്പോൾ ശാന്തിയുടെ കാർമേഘങ്ങൾ ഒഴിഞ്ഞു തുടങ്ങി. ഈ സാഹചര്യത്തിലാണ് ജമാൽ ജനങ്ങൾക്കു സമർപ്പിക്കുന്നത്. പാശ്ചാത്യ പോപ് ശൈലിയിൽ ചിട്ടപ്പെടുത്തിയ പാട്ട് പൂർണമായും ഇംഗ്ലിഷിലാണ്.
ഈ രാജ്യത്തെ ഓരോരുത്തരുടെയും മഹത്വമാണ് പാട്ടിൽ പറയുന്നത്. വിവിധ രാജ്യക്കാർ ഈ പാട്ടിൽ കഥാപാത്രങ്ങളായി വന്നു പോകുന്നു. പാട്ട് ഹൃദയങ്ങളോടാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുർജീൽ ഹോൾഡിങ്സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ഉംറാൻ അൽ ഖോറിയും പങ്കെടുത്തു. സായിദ് ഫെസ്റ്റിൽ പാട്ട് അവതരിപ്പിച്ചു.

