കുറ്റിപ്പുറം ∙ സംസ്ഥാനത്ത് ജയിലിനുള്ളിലേക്ക് ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ലെന്ന് ഉത്തരവു കർശനമാക്കിയതിൽ ഉദ്യോഗസ്ഥർക്കിടയിൽ അമർഷം പുകയുന്നു. ജയിൽ സൂപ്രണ്ടിന് ഉൾപ്പെടെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2020ൽ ഋഷിരാജ് സിങ് ജയിൽ ഡിജിപി ആയ കാലത്തുള്ള ഉത്തരവാണ് കർശനമാക്കിയത്. ഏക്കർ കണക്കിനു വരുന്ന സ്ഥലത്ത് വിശാലമായ പല ബ്ലോക്കുകളായി തിരിച്ചിട്ടുള്ള സെൻട്രൽ ജയിലിൽ അത്യാവശ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥർക്കു പരസ്പരം ബന്ധപ്പെടാൻ വോക്കിടോക്കി പോലുള്ള ഒരു സംവിധാനവും നിലവിൽ ഇല്ലാത്തപ്പോഴാണ് ഇത്തരത്തിലൊരു ഉത്തരവ് കർശനമായി നടപ്പാക്കിയിരിക്കുന്നത്.
24 മണിക്കൂർ ഡ്യൂട്ടി നടപ്പാക്കുന്ന ഏക സെൻട്രൽ ജയിലാണ് തവനൂർ. അവിടെ മുഴുവൻ സമയവും ഫോൺ ഉപയോഗിക്കേണ്ട എന്നു പറയുന്നത് ഉദ്യോഗസ്ഥരെ വളരെയധികം സമ്മർദത്തിലാക്കുന്നതായാണു പരാതി. സാധാരണ സെൻട്രൽ ജയിലുകളിൽ 8 മണിക്കൂർ ഷിഫ്റ്റിലാണു ജീവനക്കാർ ജോലി ചെയ്യേണ്ടത്. ഇനി 24 മണിക്കൂർ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അടുത്ത 48 മണിക്കൂർ വിശ്രമം അനുവദിക്കണമെന്നാണു വ്യവസ്ഥ. ഉദ്യോഗസ്ഥരുടെ കുറവു കാരണം വ്യവസ്ഥകളെല്ലാം ലംഘിച്ച് സബ് ജയിലുകളുടെ നിലയിലാണ് തവനൂർ സെൻട്രൽ ജയിൽ പ്രവർത്തിക്കുന്നത്.
മുപ്പതോളം അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരുടെ ഒഴിവ് തവനൂരുണ്ട്. ഇവിടെയുള്ള ഉദ്യോസ്ഥരെ പല ജയിലിലേക്കും മാറ്റിയിട്ടുണ്ട്. കുറച്ച് ഉദ്യോഗസ്ഥർ ചേർന്ന് തടവുകാരെ പുറത്തുള്ള ആശുപത്രിയിൽ ചികിത്സിക്കാനോ മറ്റോ കൊണ്ടുപോയാൽ പ്രവർത്തനം താളംതെറ്റുന്ന അവസ്ഥയാണ്. രണ്ട് വെൽഫെയർ ഓഫിസർ വേണ്ടിടത്ത് ഒരാൾ മാത്രമേയുള്ളൂ. മറ്റു സെൻട്രൽ ജയിലുകളിൽ അതിവിപുലമായ ആശുപത്രി സൗകര്യം ഉണ്ടെങ്കിലും തവനൂരിൽ ചെറിയ മുറി ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്. പുതിയ കാലത്ത് ഉണ്ടാക്കിയ സെൻട്രൽ ജയിലായിട്ടുപോലും പഴയ ജയിലുകളുടെ സൗകര്യമില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഉദ്യോഗസ്ഥരെ മാനസിക സംഘർഷത്തിലാക്കുന്നതായാണു പരാതി.

