Breaking
20 Mar 2026, Fri

ശംഖുമുഖം സാക്ഷി, കടലിലും വാനിലും നാവികക്കരുത്തിന്റെ ‘ഗർജനം’; വിസ്മയിപ്പിച്ച് നാവികസേനയുടെ അഭ്യാസ പ്രകടനങ്ങൾ: വിഡിയോ കാണാം

അറബിക്കടലിന്റെ ഓളങ്ങളെ സാക്ഷിയാക്കി ശംഖുമുഖത്ത് ഇന്ത്യൻ നാവികസേനയുടെ കരുത്തുറ്റ പ്രകടനം. തിരുവനന്തപുരത്തെ സായാഹ്നത്തെ ആവേശത്തിരയിളക്കത്തിലാഴ്ത്തിയാണ് 2025-ലെ നാവികസേനാ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ‘ഓപ്പറേഷണൽ ഡെമോൺസ്‌ട്രേഷൻ’ അരങ്ങേറിയത്. രാഷ്ട്രപതിയും സേനയുടെ സുപ്രീം കമാൻഡറുമായ ദ്രൗപതി മുർമു മുഖ്യാതിഥിയായ ചടങ്ങിൽ, ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ അപ്രമാദിത്വം വിളിച്ചോതുന്ന അഭ്യാസപ്രകടനങ്ങളാണ് നടന്നത്. ഗവർണർ, മുഖ്യമന്ത്രി, നാവികസേനാ മേധാവി തുടങ്ങിയ പ്രമുഖരും ചരിത്രനിമിഷങ്ങൾക്ക് സാക്ഷികളായി.

Image Credit: Special arrangement

വാനിൽ വിസ്മയമായി ‘എയർ പവർ’

ദേശീയ പതാകയും നാവികസേനാ പതാകയും വഹിച്ച് എം.എച്ച്-60 ആർ (MH-60R), സീ കിംഗ്, ചേതക് ഹെലികോപ്റ്ററുകൾ ആകാശത്ത് അണിനിരന്നതോടെയാണ് പ്രകടനങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഡോണിയർ, ഹോക്ക് (Hawk) വിമാനങ്ങൾ നടത്തിയ ‘ബോംബ് ബസ്റ്റ്’ (Bomb Burst) ഫോർമേഷൻ കാണികളുടെ ശ്വാസമടക്കിപ്പിടിപ്പിച്ചു. ശബ്ദവേഗത്തിൽ പാഞ്ഞെത്തിയ ഫൈറ്റർ ജെറ്റ് മിഗ്-29കെ (MiG-29K), ദീർഘദൂര നിരീക്ഷണ വിമാനമായ പി-8ഐ (P-8I) എന്നിവ ആകാശത്ത് നാവികസേനയുടെ ഗർജനമായി മാറി.

അറബിക്കടലിൽ കോട്ടകെട്ടി യുദ്ധക്കപ്പലുകൾ

തീരത്തോടടുത്ത് നങ്കൂരമിട്ട കൂറ്റൻ യുദ്ധക്കപ്പലുകൾ കാഴ്ച്ചക്കാരിലുണ്ടാക്കിയത് അത്ഭുതവും ആദരവും. ഐ.എൻ.എസ് ഇംഫാൽ (INS Imphal), ഐ.എൻ.എസ് ഉദയഗിരി (INS Udaygiri), ഐ.എൻ.എസ് കൊൽക്കത്ത (INS Kolkata), ഐ.എൻ.എസ് തബാർ (INS Tabar) തുടങ്ങിയ അത്യാധുനിക കപ്പലുകൾ അണിനിരന്ന് രാഷ്ട്രപതിക്ക് ‘സ്റ്റീം പാസ്റ്റ്’ (Steam Past) വഴി ആദരമർപ്പിച്ചു.

Image Credit: Special arrangement

രോമാഞ്ചമായി ‘മാർക്കോസ്’

കാണികളിൽ ഏറ്റവും ആവേശമുണർത്തിയത് നാവികസേനയുടെ എലൈറ്റ് കമാൻഡോ വിഭാഗമായ ‘മാർക്കോസ്’ (MARCOS) നടത്തിയ സാഹസിക പ്രകടനങ്ങളായിരുന്നു.

ഹോസ്റ്റേജ് റെസ്ക്യൂ: കടലിൽ റാഞ്ചപ്പെട്ട കപ്പലിൽ നിന്ന് ബന്ദികളെ മോചിപ്പിക്കുന്ന അതീവ സാഹസികമായ ‘സ്ലിതറിങ്’ (Slithering) ഓപ്പറേഷൻ. ഹെലികോപ്റ്ററിൽ നിന്ന് വടം വഴി കപ്പലിലേക്ക് കുതിച്ചിറങ്ങിയ കമാൻഡോകൾ നിമിഷനേരം കൊണ്ട് നിയന്ത്രണം ഏറ്റെടുത്തു.

ഓയിൽ റിഗ് തകർക്കൽ: വെള്ളത്തിനടിയിലൂടെ നീന്തിയെത്തി ശത്രുക്കളുടെ ഓയിൽ റിഗ്ഗിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച ‘ക്ലിയറൻസ് ഡൈവർമാരുടെ’ പ്രകടനം സേനയുടെ സൂക്ഷ്മമാർന്ന കാര്യശേഷി വെളിപ്പെടുത്തി.

Image Credit: Special arrangement

കോംബാറ്റ് ഫ്രീ ഫോൾ: 8000 അടി ഉയരത്തിൽ നിന്ന് പാരച്യൂട്ട് വഴി കൃത്യമായി ലക്ഷ്യസ്ഥാനത്തേക്ക് പറന്നിറങ്ങിയ കമാൻഡോകൾ കരഘോഷങ്ങളോടെയാണ് സ്വീകരിക്കപ്പെട്ടത്.

കരുത്തായി ശിശുമാറും പായ്ക്കപ്പലുകളും

കടലിന്റെ അടിത്തട്ടിലെ നിശബ്ദ പോരാളിയായ ഐ.എൻ.എസ് ശിശുമാർ (INS Shishumar) എന്ന അന്തർവാഹിനി ജലോപരിതലത്തിൽ പ്രത്യക്ഷപ്പെട്ടത് അപൂർവ്വ കാഴ്ചയായി. ഒപ്പം, നാവികസേനയുടെ പാരമ്പര്യം വിളിച്ചോതി ഐ.എൻ.എസ് സുദർശിനി, ഐ.എൻ.എസ് തരംഗിണി എന്നീ പായക്കപ്പലുകൾ പ്രൗഢിയോടെ നീങ്ങി. അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ കപ്പലുകൾ ദീപാലംകൃതമായതോടെ ശംഖുമുഖം വർണ്ണവിസ്മയമായി മാറി.

Indian Navy

Defence Sector

Thiruvananthapuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *