ദുബായ് ∙ റമസാൻ സന്ധ്യകളിൽ വിശ്വാസികൾക്ക് നോമ്പുതുറയുടെ വിളംബരമേകി ദുബായ് പൊലീസിന്റെ സഞ്ചരിക്കുന്ന ഇഫ്താർ പീരങ്കി (അൽ റഹൽ) പ്രയാണം തുടരുന്നു. പൈതൃക സ്മരണകൾ ഉണർത്തി ഇന്നലെ അൽ മെയ്ദാൻ ഹോട്ടലിൽ എത്തിയ പീരങ്കി, ഇന്നും അവിടെത്തന്നെ കമ്മ്യൂണിറ്റി അംഗങ്ങളെ സ്വാഗതം ചെയ്യും. വരും ദിവസങ്ങളിൽ പര്യടനം ഹത്തയുടെ മലനിരകളിലേക്ക് നീങ്ങും. മാർച്ച് 11, 12 തീയതികളിൽ ഹത്ത ഡാം പരിസരത്തായിരിക്കും പീരങ്കി മുഴങ്ങുക.
വിശപ്പില്ലാ ലോകത്തിനായി ‘എഡ്ജ് ഓഫ് ലൈഫ്’; 50 ലക്ഷം ദിർഹത്തിന്റെ സഹായവുമായി ആർടിഎ
ഒമാനിൽ നീണ്ട അവധിക്ക് സാധ്യത
സ്വദേശികൾക്കും പ്രവാസികുൾക്കും സന്ദർശകർക്കും ഒരേപോലെ ആവേശമാകുന്ന ഈ ചടങ്ങ് ദുബായ് പൊലീസിന്റെ റമസാൻ ആഘോഷങ്ങളിലെ പ്രധാന ആകർഷണമാണ്. ഡിജിറ്റൽ യുഗത്തിലും പഴയകാലത്തിന്റെ ഓർമ്മ പുതുക്കുന്ന ഈ ആചാരം കാണാൻ വൻ ജനത്തിരക്കാണ് ഓരോ കേന്ദ്രങ്ങളിലും അനുഭവപ്പെടുന്നത്.
∙ 17 ഇടങ്ങളിൽ വിരുന്നെത്തും
വിശുദ്ധ മാസത്തിൽ മൊബൈൽ പീരങ്കി ആകെ 17 സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. സാബീൽ പാർക്കിൽ നിന്ന് പ്രയാണം തുടങ്ങിയ പീരങ്കി ഉമ്മു സുഖീം മജ്ലിസ്, ജെബിആർ, ബാബ് അൽ ഷംസ് ഹോട്ടൽ, അൽ മെയ്ദാൻ, ഗ്ലോബൽ വില്ലേജ്, അറ്റ്ലാന്റിസ് ഹോട്ടൽ, നാദ് അൽ ഷേബ മജ്ലിസ്, മർഗാം ഏരിയ, ബുർജ് ഖലീഫ, ലഹ്ബാബ്, അൽ ഖവാനീജ് മജ്ലിസ്, മാർസ ബൊളിവാർഡ്, അൽ വർഖ, വിദ ക്രീക്ക് ഹാർബർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ അൽ ബർഷ പാർക്കിൽ സമാപിക്കും.
സഞ്ചരിക്കുന്ന പീരങ്കിക്ക് പുറമെ, എമിറേറ്റിലെ ആറ് പ്രമുഖ കേന്ദ്രങ്ങളിൽ റമസാൻ മാസത്തിലുടനീളം ഇഫ്താർ പീരങ്കികൾ നിലയുറപ്പിക്കും. ജെബിആർ, ബുർജ് ഖലീഫ, ദാമാക് ഹിൽസ്, എക്സ്പോ സിറ്റി ദുബായ് (അൽ വസൽ പ്ലാസ), ദുബായ് ഫെസ്റ്റിവൽ സിറ്റി, വിദ ക്രീക്ക് ഹാർബർ ഹോട്ടൽ എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങൾ.
ADVERTISEMENT
റേഡിയോയോ മൊബൈലോ ഇല്ലാതിരുന്ന പഴയകാലത്ത് ഇഫ്താർ സമയം കൃത്യമായി അറിയിക്കാനായിരുന്നു പീരങ്കികൾ മുഴക്കിയിരുന്നത്. യുഎഇയുടെ സാംസ്കാരിക തനിമയും അറബ് പാരമ്പര്യവും വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ സംരംഭത്തിന് പിന്നിലുണ്ട്. റമസാൻ മാസത്തിന്റെ ചൈതന്യം ഒട്ടും ചോരാതെ ഓരോ സന്ധ്യയെയും വരവേൽക്കാൻ ദുബായ് പൊലീസ് ഒരുക്കുന്ന ഈ പൈതൃക വിരുന്ന് നഗരത്തിന് പുത്തൻ ഉണർവാണ് നൽകുന്നത്.

