യൂട്രെക്റ്റ് ∙ തീവണ്ടികളോട് കൗതുകമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ പാളത്തിലൂടെ കിതച്ചും കുതിച്ചും പാഞ്ഞ ലോഹവിസ്മയങ്ങളുടെ ഇരുന്നൂറ് വർഷത്തെ ചരിത്രം നേരിൽ കാണാനും അനുഭവിക്കാനും സാധിക്കുന്ന ഒരിടമാണ് നെതർലൻഡ്സിലെ യൂട്രെക്റ്റ് നഗരത്തിലുള്ള ‘റെയിൽവേ മ്യൂസിയം’. പത്തൊൻപതാം നൂറ്റാണ്ടിലെ റെയിൽവേ പ്രൗഢി ഇന്നും കാത്തുസൂക്ഷിക്കുന്ന ഈ മ്യൂസിയം സഞ്ചാരികൾക്ക് ഒരു ടൈം മെഷീൻ എന്നപോലെ ഭൂതകാലത്തിലേക്കുള്ള കവാടമാണ് തുറക്കുന്നത്.
ഇറാൻ മിസൈൽ ആക്രമണം: അബുദാബിയിൽ മരിച്ചവരിൽ ഇന്ത്യക്കാരനും; അതീവ ജാഗ്രത
ഹോർമുസ് ‘ചതിക്കുഴി’ ഒഴിവാക്കാൻ ‘ട്രേഡ് കോറിഡോർ’?; ‘ഗെയിംചേഞ്ചർ’ പ്ലാൻ ഇന്ത്യയ്ക്ക് ഏറെ ഗുണകരം, ഇരട്ടി നേട്ടം വേറെയും!
∙ചരിത്രമുറങ്ങുന്ന മാലീബാൻ സ്റ്റേഷൻ
1874-ൽ നിർമിച്ച പ്രൗഢ ഗംഭീരമായ മാലീബാൻ (Maliebaan) റെയിൽവേ സ്റ്റേഷനിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. 1939-ൽ പ്രവർത്തനം നിർത്തിയ ഈ സ്റ്റേഷൻ ഇന്ന് ലോകപ്രശസ്തമായ പൈതൃക മ്യൂസിയത്തിന്റെ കവാടമാണ്. 1927-ൽ സ്ഥാപിതമായ മ്യൂസിയത്തിന്റെ ചരിത്രം അതിജീവനത്തിന്റേതു കൂടിയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് മ്യൂസിയത്തിലെ പല ശേഖരങ്ങളും നഷ്ടപ്പെട്ടെങ്കിലും, 1954-ൽ അന്നത്തെ ഡച്ച് റെയിൽവേ സി.ഇ.ഒ എഫ്.ക്യു. ഡെൻ ഹോളണ്ടറുടെ ഇടപെടലിലൂടെ മാലീബാൻ സ്റ്റേഷൻ പുനരുദ്ധരിക്കുകയും മ്യൂസിയത്തിന്റെ സ്ഥിരവേദിയായി മാറുകയും ചെയ്തു.
Inside the cabin of the Royal Saloon Train. Image Credit: Sebin Pious
സ്റ്റേഷൻ കവാടത്തിലെ ഭീമൻ മരവാതിലുകൾ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ പത്തൊൻപതാം നൂറ്റാണ്ടിലെ റെയിൽവേ പ്രതാപം ദൃശ്യമാകും. ക്രിസ്റ്റൽ വിളക്കുകളും തടിയിൽ കൊത്തുപണികൾ ചെയ്ത ടിക്കറ്റ് കൗണ്ടറുകളും ഇന്നും ഇവിടെ അതേപടി സംരക്ഷിക്കപ്പെടുന്നു. ഒന്നും രണ്ടും ക്ലാസ് യാത്രക്കാർക്കായി അന്ന് ഒരുക്കിയിരുന്ന രാജകീയ വെയ്റ്റിങ് റൂമുകളിലെ തുകൽ സോഫകൾ പഴയകാല യാത്രകളുടെ പ്രൗഢി വിളിച്ചോതുന്നവയാണ്.
ADVERTISEMENT
∙ഗ്രേറ്റ് ഡിസ്കവറി: കൽക്കരി ഖനിയിൽ നിന്നുള്ള തുടക്കം
സ്റ്റേഷൻ ഹാൾ പിന്നിട്ട് സന്ദർശകർ എത്തുന്നത് ‘ദ ഗ്രേറ്റ് ഡിസ്കവറി’ എന്ന അൽഭുത ലോകത്തേക്കാണ്. ഇരുളടഞ്ഞ ഒരു കൽക്കരി ഖനിക്കുള്ളിലൂടെയുള്ള യാത്രയ്ക്ക് ശേഷം വന്നെത്തുന്നത് 1839-ലെ ഒരു പ്രഭാതത്തിലേക്കാണ്. നെതർലൻഡ്സിലെ ആദ്യ ട്രെയിനായ ‘ഡി ആരണ്ട്’ അവിടെ നീരാവി വമിച്ചു നിൽക്കുന്നത് കാണാം. ഇതിന്റെ തിളങ്ങുന്ന ചെമ്പ് ബോയിലറുകളും കൂറ്റൻ ചക്രങ്ങളും ഡച്ച് റെയിൽവേയുടെ തുടക്കകാലത്തെ കരുത്ത് സാക്ഷ്യപ്പെടുത്തുന്നു. ഇതിനടുത്തായി നിൽക്കുന്ന 1865-ലെ SS 13 എന്ന എൻജിൻ അതിന്റെ സവിശേഷമായ ആകൃതി കാരണം ‘കണ്ണാടി’ എന്നാണ് അറിയപ്പെടുന്നത്.
Old Railway Signal Tower. Image Credit: Sebin Pious
∙‘മലകളുടെ റാണി’: ഇന്തോനേഷ്യൻ ബന്ധം
മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ‘മലകളുടെ റാണി’ എന്നറിയപ്പെടുന്ന ശ്രീ ഗുനുങ് . പണ്ട് ഡച്ച് കോളനിയായിരുന്ന ഇന്തോനേഷ്യയിലെ ജാവയിലുള്ള പർവതനിരകളിലൂടെയാണ് ഈ കൂറ്റൻ നീരാവി എൻജിൻ കുതിച്ചിരുന്നത്. കുത്തനെയുള്ള മലനിരകളിൽ ഭാരമേറിയ വണ്ടികൾ വലിച്ചുകയറ്റാനുള്ള ഇതിന്റെ അസാമാന്യ കരുത്ത് കണക്കിലെടുത്താണ് ‘മലകളുടെ റാണി’ എന്ന പേര് ഇതിന് ലഭിച്ചത്. 1928-ൽ ആംസ്റ്റർഡാമിൽ നിർമിച്ച് ജാവയിലേക്ക് അയച്ച ഈ എൻജിൻ, 1980-കളിലാണ് കപ്പൽ കയറി നെതർലൻഡ്സിൽ തിരിച്ചെത്തിയത്.
NS 1125. Image Credit: Sebin Pious
∙പാളങ്ങളിലെ കൊട്ടാരങ്ങൾ: ഡച്ച് രാജകീയ തീവണ്ടികൾ
ഡച്ച് രാജകുടുംബം ഉപയോഗിച്ചിരുന്ന ‘റോയൽ ട്രെയിനുകൾ’ മ്യൂസിയത്തിലെ ഏറ്റവും വലിയ ആകർഷണമാണ്. ആഡംബരത്തിന്റെ പര്യായമായ ഈ വണ്ടികൾ സന്ദർശകർക്കായി തുറന്നിട്ടിരിക്കുന്നു. ജൂലിയാന രാജ്ഞിയും ബെൺഹാഡ് രാജകുമാരനും ഉപയോഗിച്ചിരുന്ന സലൂൺ കോച്ചുകളിൽ വെൽവെറ്റ് പൊതിഞ്ഞ സീറ്റുകളും വിലപിടിപ്പുള്ള തടിയിൽ തീർത്ത ഡൈനിങ് ടേബിളുകളുമുണ്ട്. ഇപ്പോഴത്തെ നെതർലൻഡ്സ് രാജാവ് വില്യം അലക്സാണ്ടറുടെ മാതാവും മുൻ ഭരണാധികാരിയുമായ ബിയാട്രിക്സ് രാജ്ഞിയുടെ സലൂൺ കാറിലെ ആധുനികമായ സജ്ജീകരണങ്ങൾ അധികാരത്തിന്റെ രാജകീയ പ്രൗഢി വിളിച്ചോതുന്നവയാണ്. കൂടാതെ, പണ്ട് യൂറോപ്പിലെ സമ്പന്നർ പാരിസിൽ നിന്ന് ഇസ്താംബൂളിലേക്ക് യാത്ര ചെയ്തിരുന്ന ഓറിയന്റ് എക്സ്പ്രസിന്റെ 1911-ലെ റെസ്റ്റോറന്റ് കോച്ചും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
ADVERTISEMENT
∙പഴമയുടെ വൈവിധ്യങ്ങൾ: ‘ബിസ്കറ്റ് ടിൻ’ മുതൽ കുതിരവണ്ടി വരെ
റെയിൽവേയുടെ വളർച്ചയുടെ ഓരോ ഘട്ടവും ഈ മ്യൂസിയത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. 1874-ൽ നിർമിച്ച SS C218 എന്ന തടി കൊണ്ടുള്ള കോച്ച് അതിന്റെ പെട്ടി പോലുള്ള ആകൃതി കൊണ്ട് ‘ബിസ്കറ്റ് ടിൻ’ എന്നാണ് അറിയപ്പെടുന്നത്. 1891-ൽ ഓടിയിരുന്ന കുതിരകൾ വലിക്കുന്ന ട്രാം , ട്രാക്കുകൾ പരിശോധിക്കാൻ ജീവനക്കാർ ഉപയോഗിച്ചിരുന്ന ‘റെയിൽ സൈക്കിൾ’ എന്നിവയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
NRS 107 Rhijnboog. Image Credit: Sebin Pious
∙സാങ്കേതിക വിസ്മയങ്ങളും ഭാവിയിലെ തീവണ്ടിയും
സന്ദർശകർക്ക് നേരിട്ട് പ്രവർത്തിപ്പിച്ചു നോക്കാവുന്ന നിരവധി സംവിധാനങ്ങൾ ഇവിടെയുണ്ട്. പഴയകാലത്ത് ട്രെയിനുകൾ നിയന്ത്രിച്ചിരുന്ന ഭീമൻ ലിവറുകൾ ഉപയോഗിച്ച് സിഗ്നലുകൾ മാറ്റാനുള്ള അവസരം സിഗ്നൽ ബോക്സിൽ ഒരുക്കിയിട്ടുണ്ട്. എൻജിനുകൾ തിരിക്കാൻ ഉപയോഗിച്ചിരുന്ന ഭീമൻ ടേൺ ടേബിളും ഇന്നും പ്രവർത്തനക്ഷമമാണ്. കഴിഞ്ഞകാലം മാത്രമല്ല, മണിക്കൂറിൽ 1000 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഭാവിയിലെ ‘ഹൈപ്പർലൂപ്പ്’ മോഡലും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. തീവണ്ടിയുടെ 200 വർഷത്തെ ചരിത്രം നേരിട്ട് അനുഭവിക്കാൻ സാധിക്കുന്ന വെർച്വൽ സിമുലേറ്ററായ ‘ട്രയൽ ബൈ ഫയറും’ ഇവിടുത്തെ പ്രധാന ആകർഷണമാണ്.
Oriental express restaurant car. Image Credit: Sebin Pious
കുട്ടികൾക്കായി ‘വെർസ്റ്റീഗ്സ് ചിൽഡ്രൻ’ എന്ന പ്രത്യേക വിഭാഗവും മ്യൂസിയത്തിന് ചുറ്റും സഞ്ചരിക്കാൻ ‘ജംബോ എക്സ്പ്രസ്ക്’ എന്ന കുട്ടി ട്രെയിനും ഒരുക്കിയിരിക്കുന്നു. നീരാവി എൻജിനുകളിൽ നിന്ന് ഡീസൽ-ഇലക്ട്രിക് യുഗത്തിലേക്കുള്ള മാറ്റം കാണിച്ചുതരുന്ന ‘പ്ലാൻ W’, ‘സിക്’ എൻജിനുകൾ എന്നിവയും റെയിൽ പ്രേമികൾക്ക് വിരുന്നാണ്. യൂട്രെക്റ്റിലെ ഈ റെയിൽവേ മ്യൂസിയം സന്ദർശിച്ചിറങ്ങുമ്പോൾ, റെയിൽവേ എന്നത് വെറുമൊരു യാത്രയല്ല, മറിച്ച് മനുഷ്യചരിത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടിച്ചേർത്ത ഒരു മഹാവിസ്മയമാണെന്ന് ഏതൊരാൾക്കും ബോധ്യപ്പെടും.
ADVERTISEMENT

