ലണ്ടൻ ∙ ലോക കേരള സഭ യുകെയുടെ യോഗത്തിൽ പ്രവാസികൾക്കായുള്ള നോർക്ക കെയർ ഓൺലൈൻ ക്യാംപെയ്ൻ 25ന് വൈകിട്ട് 5.30ന് (UK സമയം) നടത്തുവാൻ ധാരണയായി. ആഗോളതലത്തിൽ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക റജിസ്ട്രേഷൻ ക്യാംപുകൾ വിവിധ രാജ്യങ്ങളിൽ നടന്നുവരികയാണ്. യുകെയിലുള്ള വിദ്യാർഥികൾക്കും തൊഴിൽ ചെയ്യുന്ന മലയാളികൾക്കും ഏറെ പ്രയോജനപ്രദമായ ഒരു ആരോഗ്യ പദ്ധതികൂടിയാണ് നോർക്ക കെയർ. ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുള്ള രണ്ടു കുട്ടികൾ) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ്, വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി. നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും.
നവംബർ മൂന്നിന് സൗദി അറേബ്യയിൽ ‘മുന്നറിയിപ്പ്’; വരുന്നത് സൈറണും മൊബൈൽ ഫോൺ സന്ദേശവും
ഒരാഴ്ച തടവിലിട്ടു, നഗ്നദൃശ്യങ്ങൾ പകർത്തി, ലൈംഗിക പീഡനത്തിനിരയാക്കി; യുവാവിന്റെ പരാതിയിൽ യുഎഇയിൽ 9 പേർ പിടിയിൽ
നിലവിൽ കേരളത്തിലെ 500ൽ അധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000ത്തോളം ആശുപത്രികൾ വഴി പ്രവാസികേരളീയർക്ക് കാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഏറെക്കാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത്. ലോക കേരള സഭയിൽ ഉൾപ്പെടെ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് നോർക്ക കെയർ. നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി കാർഡുള്ള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം.
മികച്ച പ്രതികരണമാണ് നോർക്ക കെയറിന് പ്രവാസികേരളീയരിൽ നിന്നും ലഭിക്കുന്നത്. പ്രവാസികളുടേയും പ്രവാസി സംഘടനകളുടേയും അഭ്യർത്ഥന മാനിച്ചാണ് എൻറോൾമെന്റ് തീയതി ഒക്ടോബർ 30 വരെ നീട്ടിയത്. നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ നോർക്ക കെയർ മൊബൈൽ ആപ്പുകൾ മുഖേനയോ നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി കാർഡുള്ള പ്രവാസികേരളീയർക്ക് റജിസ്റ്റർ ചെയ്യാവുന്നതാണ്. നോർക്ക കെയർ മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓൺലൈൻ ക്യാംപെയ്നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.

